ദേശീയ ഗുസ്തി താരം നിഷ ദഹിയ വെടിയേറ്റു മരിച്ചുവെന്ന വാര്‍ത്ത ഏവരും ഞെട്ടലോടെയാണ് കേട്ടത്. എന്നാല്‍ വ്യാപകമായി പ്രചരിച്ച ഈ വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നു വ്യക്തമാക്കി ‘മരിച്ചയാള്‍’ തന്നെ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്.
ദേശീയ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വാര്‍ത്ത വന്നതിനു പിന്നാലെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നിഷ വ്യാജ വാര്‍ത്തക്കെതിരേ പ്രതികരിച്ചത്.
‘ദേശീയ സീനിയര്‍ ചാംപ്യന്‍ഷിപ്പിനായി നിലവില്‍ ഗോണ്ടയിലാണ് ഞാന്‍. എനിക്ക് യാതൊരു കുഴപ്പവും സംഭവിച്ചിട്ടില്ല. എല്ലാം വ്യാജ വാര്‍ത്തകളാണ്. ഞാന്‍ സുഖമായിരിക്കുന്നു.’ -ഒളിമ്പിക്സ് വെങ്കല മെഡല്‍ ജേത്രി സാക്ഷി മാലിക്കിനൊപ്പമുള്ള വീഡിയോയില്‍ നിഷ അറിയിച്ചു.
നേരത്തേ, നിഷയും സഹോദരന് സൂരജും ഹരിയാന സോനിപത്തിലുള്ള സുശീല്‍കുമാര്‍ ഗുസ്തി അക്കാഡമിയില്‍ വെടിയേറ്റു മരിച്ചെന്നായിരുന്നു പുറത്തുവന്ന വാര്‍ത്ത. വെടിവയ്പ്പില്‍ ഇവരുടെ മാതാവ് ധന്‍പതിക്കും ഗുരുതരമായി പരുക്കേറ്റെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.
സെര്‍ബിയയിലെ ബെല്‍ഗ്രേഡില്‍ നടന്ന അണ്ടര്‍ 23 ലോകഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍, 65 കിലോഗ്രാം വിഭാഗത്തില്‍ കഴിഞ്ഞ അഞ്ചിനു നിഷ വെങ്കല മെഡല്‍ നേടിയിരുന്നു. നേട്ടത്തില്‍ നിഷ ഉള്‍പ്പെടെയുള്ള താരങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്യുകയും ചെയ്തു.
മെഡല്‍ നേട്ടത്തിന്റെ ആഹ്ലാദമടങ്ങും മുന്‍പാണ് നിഷ കൊല്ലപ്പെട്ടതായി വ്യാജ റിപ്പോര്‍ട്ട് പ്രചരിച്ചത്. 2014-ല്‍ ശ്രീനഗറില്‍ നടന്ന കേഡറ്റ് ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയാണു നിഷ ശ്രദ്ധാകേന്ദ്രമാകുന്നത്.
അതേവര്‍ഷം ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ 49 കിലോഗ്രാം വിഭാഗത്തില്‍ വെങ്കലത്തോടെ ആദ്യ രാജ്യാന്തര മെഡലും സ്വന്തമാക്കി. 2015-ലെ ദേശീയ ചാമ്പ്യന്‍ഷിപ്പിലും വെങ്കലം നേടി.
എന്നാല്‍, ഈ നേട്ടത്തിന് ശേഷം ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടു. തുടര്‍ന്നു നാലു വര്‍ഷത്തെ വിലക്ക് നേരിട്ടു. 2019-ല്‍ അണ്ടര്‍-23 ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയാണ് ഗോദയിലേക്കുള്ള തിരിച്ചുവരവ് താരം ആഘോഷിച്ചത്.