പത്തനംതിട്ട: ആറാമത് അണ്ടർ 23 പുരുഷ, വനിതാ സംസ്ഥാന ഗുസ്തി ചാമ്പ്യൻഷിപ്പ് മാർച്ച് ഒന്ന്, രണ്ട് തീയതികളിൽ തിരുവല്ലയിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.ഇത് നാലാം തവണയാണ് പത്തനംതിട്ട ജില്ല സംസ്ഥാന ഗുസ്തി ചാമ്പ്യൻഷിപ്പിന് ആഥിത്യമരുളുന്നത്.
2018-ൽ നടന്ന സംസ്ഥാന സീനിയർ ഗുസ്തി ചാമ്പ്യൻഷിപ്പിനാണ് അവസാനമായി തിരുവല്ല ആഥിത്യം അരുളിയത്. 23 വയസിൽ താഴെയുള്ള പുരുഷ, വനിത വിഭാഗത്തിൽപ്പെട്ട ഗുസ്തി താരങ്ങളാണ് മത്സരങ്ങളിൽ പങ്കെടുക്കുന്നത്. 14 ജില്ലകളിൽ നിന്നായി നാനൂറിൽപരം ഗുസ്തി താരങ്ങൾ പങ്കെടുക്കും.
ഫ്രീ സ്റ്റൈൽ, ഗ്രീക്കോ റോമൻ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടക്കുന്നത്. 250 ഓളം പുരുഷ താരങ്ങളും 150 ഓളം വനിതാ ഗുസ്തി താരങ്ങളുമാണ് പങ്കെടുക്കുന്നത്.തിരുവല്ല ബാലികാമഠം ഹയർ സെക്കൻഡറി സ്കൂളിലെ മറിയം മാത്തൻ മെമ്മോറിയൽ ഓഡിറ്റോറിയമാണ് മത്സരവേദി.
ലോഗോ പ്രകാശനം എട്ടിനു നടക്കും. ചാമ്പ്യൻഷിപ്പിന്റെ ഒരുക്കങ്ങൾ നടന്നുവരുന്നതായി ജില്ലാ പ്രസിഡന്റ് ചെറിയാൻ പോളച്ചിറയ്ക്കൽ, സെക്രട്ടറി ജേക്കബ് ജോർജ് കുറ്റിയിൽ, സംസ്ഥാന കമ്മിറ്റി അംഗം എ.ഡി. ജോൺ , ജോളി അലക്സ്, വർഗീസ് മാത്യു. കുര്യൻ ചെറിയാൻ, ബിജു ജോൺ, എബ്രഹാം തോമസ്, അനീഷ് തോമസ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.