ജിന്‍സ് കെ. ബെന്നി
പൂര്‍ണമായും ഡിജിറ്റല്‍ യുഗത്തിലേക്കു മാറിയ പുതിയ കാലത്തില്‍ എഴുത്തുകള്‍ക്കും സ്ഥാനമില്ലാതായിരിക്കുന്നു. പ്രണയ സന്ദേശങ്ങള്‍ പോലും എഴുതി നല്കുന്ന പതിവ് ഇന്നില്ല. മഷിപ്പാടു പതിഞ്ഞ സന്ദേശങ്ങള്‍ എങ്ങും കാണാന്‍ ഇല്ല. എല്ലാം പതിയെ എസ്എംഎസിലേക്കും അവിടെ നിന്നും വാട്സാപ്പിലേക്കും ചേക്കേറി. മാറിയ കാലത്തിലും എഴുത്തിലെ ചില കുരുത്തക്കേടുകള്‍ ചിലര്‍ ഇപ്പോഴും തുടരന്നുണ്ട്. പക്ഷെ, അതു കടലാസിലല്ല, നോട്ടിലാണെന്നു മാത്രം. അതും മഹാത്മ ഗാന്ധിജിയുടെ ചിത്രം വാട്ടര്‍മാര്‍ക്ക് ചെയ്യുന്ന വിന്‍ഡോയില്‍. ആ വെളുത്ത പ്രതലം എഴുതാനുപയോഗിക്കാം എന്നൊരു അബന്ധ ധാരണ പലരും വച്ചു പുലര്‍ത്തിയിരുന്നു. നോട്ട് നോട്ട്പാഡാകുന്നുനോട്ടിനെ നോട്ട്പാഡാക്കുന്ന ശീലമാണു പലര്‍ക്കും. ചിലര്‍ നോട്ട് എണ്ണി തിട്ടപ്പെടുത്തി കെട്ടിലെ ഏറ്റവും മുകളിലിരിക്കുന്ന കറന്‍സിക്കു മുകളില്‍ നോട്ടുകളുടെ എണ്ണമോ ആകെ മൂല്യമോ എഴുതാറുണ്ട്.
പ്രണയത്തിന്റെ ദൂത് വാഹകനായും കറന്‍സിയെ മാറ്റുന്നു. എന്റെ പ്രണയിനിയെ ഞാന്‍ എത്രത്തോളം സ്നേഹിക്കുന്നുവെന്ന് ലോകത്തെ മുഴുവന്‍ അറിയിക്കാനായി നോട്ടില്‍ എഴുതുന്നവര്‍ മുതല്‍ നേരിട്ടു പറയാന്‍ സാധിക്കാത്ത പ്രണയം നോട്ടില്‍ എഴുതി എന്നെങ്കിലും പ്രണയിനി ഈ നോട്ട് കണ്ട് തന്റെ പ്രണയം തിരിച്ചറിയും എന്നു കരുതുന്നവരും നാടുമുഴുവന്‍ സഞ്ചരിക്കുന്ന ഈ കറന്‍സിയിലൂടെ എന്റെ പേര് അറിയട്ടെ എന്നാഗ്രഹിക്കുന്നവരും വരെ ഒരു രസത്തിന് നോട്ടില്‍ എഴുതുന്നവരുമുണ്ട്. എന്തിനാണു നോട്ടില്‍ എഴുതുന്നതെന്ന ചോദ്യത്തിന് ആര്‍ക്കും വ്യക്തമായ ഉത്തരമില്ല. കറന്‍സി നിര്‍മിച്ചിരിക്കുന്നത് ഒരിക്കലും നോട്ട്പാഡിന്റെ ഉപയോഗത്തിനല്ലെന്നു ഓര്‍ക്കുക.നോട്ടില്‍ എഴുതാമോ.?നോട്ടില്‍ എഴുതാന്‍ പാടില്ലെന്നാണ് നിയമം നിഷ്കര്‍ഷിക്കുന്നത്. ബാങ്കിംഗ് റെഗുലേഷന് ആക്ട് 1949 സെക്ഷന്‍ 35എ പ്രകാരം കറന്‍സിയിലോ വാട്ടര്‍മാര്‍ക്ക് വിന്‍ഡോയിലോ എഴുതുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
നോട്ട് സ്റ്റാപ്ലെയര്‍ ഉപയോഗിച്ച് പിന് ചെയ്യാന്‍ പാടില്ലെന്നും റിസര് ബാങ്ക് ഓഫ് ഇന്ത്യ ബാങ്കുകളോട് സര്‍ക്കുലര്‍ വഴി നിഷ്കര്‍ഷിച്ചിട്ടുണ്ട്. എന്നാല്‍ ഇങ്ങനെ ഒരു നിയമം നിലവിലുണ്ടായിട്ടും എഴുത്തിന് ഒരു കുറവും ഇല്ല. എഴുതാന്‍ പാടില്ലെന്നാണ് നിയമമെന്നു പലര്‍ക്കും അറിയാമെങ്കിലും എഴുതുന്നവര്‍ക്ക് എന്തു ശിക്ഷ ലഭിക്കുമെന്നതിനെ സംബന്ധിച്ച് ആര്‍ക്കും വ്യക്തതയില്ല. ശിക്ഷ കഠിനമാണെങ്കില്‍ ആ ചിന്ത പലരേയും തെറ്റുകളില്‍ നിന്നും പിന്തിരിപ്പിക്കാറുണ്ട്്. ഇവിടെ അങ്ങനെ ഒരു സാഹചര്യമില്ല. ആരും അതിന്റെ പേരില്‍ പിടക്കപ്പെട്ടതായും അറിവില്ല. എഴുതിയാല്‍ എന്താണ് കുഴപ്പംനോട്ടില് എഴുതുന്നത് കുറ്റകരമാണെന്നൊഴിച്ച് എഴുതുന്നതു കൊണ്ട് എന്താണ് കുഴപ്പമെന്നു ആര്‍ക്കും അറിയില്ല. ഇത്തതരത്തില്‍ എഴുതിയ നോട്ടുകളെ അവ എത്ര പുതിയതാണെങ്കിലും അവയെ ഫോയില്‍ഡ് കറന്‍സി അഥവ ഉപയോഗ ശൂന്യമായ നോട്ടുകളായാണ് പരിഗണിക്കുക. ബാങ്കുകള്‍ ഒരിക്കലും ഇത്തരം നോട്ടുകള്‍ വിതരണം ചെയ്യാന്‍ പാടില്ലെന്നാണ് ആര്‍ബിഐയുടെ നിര്‍ദേശം.
പകരം തങ്ങള്‍ക്കു ലഭിക്കുന്ന നോട്ടുകളെ ഫോയില്‍ഡ് നോട്ടുകളായി കണക്കാക്കി റിസര്‍വ് ബാങ്കിലേക്ക് അയക്കുകയാണ് പതിവ്. റിസര്‍വ് ബാങ്ക് ഫോയില്‍ഡ് നോട്ടുകള്‍ നശിപ്പിച്ചു കളയുകയും പകരം പുതിയ നോട്ടുകള്‍ പ്രിന്റ് ചെയ്തു വിതരണം ചെയ്യുകയും ചെയ്യും. എന്തു കൊണ്ട് പിടിക്കപ്പെടുന്നില്ലഎഴുതി കൈമറിഞ്ഞു പോയാല്‍ ആരെഴുതി എന്നു കണ്ടു പിടിക്കാനാകില്ല എന്നതു തന്നെ കാരണം. ഇതുമായി യാതൊരു ബന്ധവുമില്ലാത്ത ആളുകളായിരിക്കും ഇത്തരം നോട്ടുകളുമായി വരുന്നത്. പല കൈമറിഞ്ഞെത്തിയ നോട്ടിന്റെ പേരില്‍ അവരെ എങ്ങനെ കുറ്റക്കാരാക്കാന്‍ കഴിയും. പലപ്പോഴും കുറ്റവാളികള്‍ പോലും ഇത്തരം മാനുഷീക പരിഗണനയുടെ മറപറ്റി രക്ഷപെടാറുണ്ട്. ഒരു നോട്ട് പരമാവധി പത്തു വര്‍ഷം വരെ ഉപയോഗിക്കാം. എന്നാല്‍ ഇതുപോലുള്ള പ്രവര്‍ത്തികള്‍ നോട്ടിന്റെ ആയുസുകുറയ്ക്കുകയും പുതിയ നോട്ടുകള്‍ പ്രിന്റ് ചെയ്യുന്നതിന്റെ ഇടവേള കുറയുകയും ചെയ്യും. ഇതു നമ്മുടെ സാമ്പത്തിക മേഖലയെ ബാധിക്കും.
അറിഞ്ഞോ അറിയാതെയോ നമ്മള് നമ്മുടെ സാമ്പത്തിക മേഖലയെ തകര്‍ക്കുന്നതിനു കൂട്ടു നില്‍ക്കുകയാണ്. ഇതു മനസിലാക്കിയാകണം പുതിയ കറന്‍സികള്‍ ഇറങ്ങിയ പശ്ചാത്തലത്തില്‍ ഇത്തരത്തില്‍ എഴുതിയ കറന്‍സികള്‍ ആരും ക്രയവിക്രയങ്ങള്‍ക്ക് ഉപയോഗിക്കരുതെന്നും ബാങ്കുകളില്‍ ഇവ സ്വീകരിക്കില്ലെന്നുമുള്ള തരത്തില്‍ വാട്സ് ആപ്പ് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകളില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്. ഇതിനിടെയാണ് രണ്ടായിരത്തിന്റെ പുതിയ കറന്‍സിയില്‍ ആരോ സ്വന്തം പേരു രേഖപ്പെടുത്തിയതായുള്ള ചിത്രവും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. കറന്‍സിയുടെ വാട്ടര്‍മാര്‍ക്ക് വിന്‍ഡോയില്‍ എഴുതാന്‍ പാടില്ലെന്നാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്കുകള്‍ക്ക് അയച്ച പുതിയ സര്‍ക്കുലറിലും പറയുന്നത്.