നൂറ്റാണ്ടുകളായി ദക്ഷിണകൊറിയൻ സമൂഹത്തിനിടയിൽ നിലനിൽക്കുകയും തലമുറകളായി പിന്തുടരുകയും ചെയ്യുന്ന വിശ്വാസമാണ് ചുവന്ന മഷി ഉപയോഗിച്ച് എഴുതരുതെന്നത്. ഇവർക്കിടയിലെ വിശ്വാസം അനുസരിച്ച് ചുവപ്പ് നിറം മരണത്തെ സൂചിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ആരും തങ്ങളുടെ വീടുകളിൽ ചുവന്ന മഷിയുള്ള പേന സൂക്ഷിക്കാറില്ല.
മാത്രമല്ല കുട്ടികൾക്ക് എഴുതാനായി ചുവന്ന പെൻസിലുകളും മറ്റും നൽകാറുമില്ല. ഈ വിശ്വാസത്തെ കുറിച്ച് നിരവധി കഥകളും പറയപ്പെടുന്നുണ്ട്. മരിച്ചു പോയവരുടെ പേരാണ് ദക്ഷിണ കൊറിയൻ സംസ്കാരമനുസരിച്ച് ചുവന്ന മഷികൊണ്ട് എഴുതാറുള്ളത്.
അതുകൊണ്ട് തന്നെ ജീവിച്ചിരിക്കുന്നവരുടെ പേരുകൾ എഴുതാൻ ചുവന്ന മഷി ഉപയോഗിക്കാറില്ല. ചുവന്ന മഷി ഉപയോഗിച്ച് ആരെങ്കിലും ഒരാളുടെ പേര് എഴുതിയാൽ അയാൾ മരിക്കാനായി പേര് എഴുതിയ വ്യക്തി ആഗ്രഹിക്കുന്നുവെന്നാണ് ഒരു വിശ്വാസം.
പല കഥകളാണ് ഈ വിശ്വാസവുമായി ബന്ധപ്പെട്ട് കേൾക്കുന്നത്. എന്തൊക്കെയായാലും ചുവപ്പ് മരണത്തെ സൂചിപ്പിക്കുന്നു എന്ന പൊതു ധാരണ നിലനിൽക്കുന്നതിനാലാണ് ദക്ഷിണ കൊറിയൻ ജനത ചുവന്ന മഷിയെ ജീവിതത്തിൽ നിന്നും ഒഴിവാക്കുന്നത്.
ദക്ഷിണ കൊറിയയെക്കൂടാതെ പോർച്ചുഗൽ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലും ചുവന്ന മഷി കൊണ്ട് എഴുതുന്നതിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.