ലീമ തോമസ്
തൃശൂർ : ചുവന്ന ചായമടിച്ച തപാൽ പെട്ടികൾ. എത്ര ദൂരെ നിന്നും കണ്ണുകളിലുടക്കുന്ന ചുവന്ന പെയിന്റ്, വെയിലും മഴയും കൊണ്ട് നിറം മങ്ങുന്ന തപാൽ പെട്ടികളിലടിച്ച് പുതുപുത്തനാക്കുന്നതാരാണെന്ന് ചിന്തിച്ചിട്ടുണ്ടോ ?
കത്തുകൾക്കും തപാൽ വകുപ്പിനും മൊബൈൽ വിപ്ലവത്തോടെ മങ്ങലേറ്റുവെങ്കിലും ആലുവ, തൃശൂർ, എറണാകുളം ഡിവിഷനുകളിലെ തപാൽ പെട്ടികൾ പെയിന്റടിക്കുന്ന ജോലി ഭംഗിയായി ചെയ്യുന്നത് മൂവാറ്റുപുഴ തൃക്കളത്തൂർ സ്വദേശിയായെ കെ.കെ. കുമാരൻ ആണ്.
കുമാരൻ തപാൽ പെട്ടികളിൽ ചായമടിക്കുന്ന ജോലി കരാറടിസ്ഥാനത്തിൽ തുടങ്ങിയിട്ട് മുപ്പതു വർഷമായി.മൂവാറ്റുപുഴയിൽ നിന്നും തൃശൂർ, ആലുവ , എറണാകുളം ഡിവിഷനുകളിലേക്ക് ജോലി അനുസരിച്ച് ദിവസവും യാത്രയിലാണ് കുമാരൻ.
ചെറിയ ബോക്സുകൾ സബ് ഓഫീസുകളിൽ കൊണ്ടുവരും. അവിടെയിരുന്ന് പെയിന്റടിച്ചാൽ മതി. വച്ചിരിക്കുന്ന സ്ഥലത്തു നിന്നും നീക്കാൻ പറ്റാത്ത ബോക്സുകൾ അതാത് സ്ഥലങ്ങളിൽ പോയി പെയിന്റടിക്കും.
കുമാരന്റ മനസ് പെയിന്റടിയോടൊപ്പം എഴുത്തിന്റെ വഴിയിലൂടെയും സഞ്ചരിക്കുന്നു. ഒരു നാടകം, ഒരു കഥാ സമാഹാരം എന്നിവയുൾപ്പെടെ അഞ്ചു പുസ്തകങ്ങളാണ് കെ.കെ. കുമാരന്റേതായി പ്രസിദ്ധീകരിച്ചിട്ടുള്ളത്.
നിരവധി നിരൂപക പ്രശംസ ഏറ്റുവാങ്ങിയ കഥാ സമാഹാരമായ മേൽ വിലാസമില്ലാത്ത കത്ത് രണ്ടാം പതിപ്പാണ് ഇപ്പോൾ വിപണിയിലുള്ളത്.
വെണ്മണി നന്പൂതിരിയുടെ കഥയെ ആസ്പദമാക്കിയെഴുതിയ നാടകത്തിന്റെ കോപ്പിയും ബൃന്ദ പുനലൂരിന്റെ കവിതാ സമാഹാരത്തിനെഴുതിയ ആസ്വാദന കുറിപ്പുകളുടെ പുസ്തകത്തിന്റെ കോപ്പിയും മുഴുവനും വിറ്റു തീർന്നു. ഇപ്പോൾ ഒരു നോവലിന്റെ പണിപ്പുരയിലാണ് കുമാരൻ.
നാടകത്തിന് പ്രതിഭാ പുരസ്കാകാരം ലഭിച്ചിട്ടുണ്ട്. ഋതുപർണ പബ്ലിക്കേഷൻ ഈയടുത്തു നടത്തിയ പ്രണയ ലേഖന മത്സരത്തിൽ രണ്ടാം സമ്മാനം കുമാരനാണ്.
ഭാര്യയും രണ്ടു പെണ്മക്കളുമടങ്ങുന്നതാണ് കുമാരന്റെ കുടുംബം. ഒരു മകളുടെ വിവാഹം കഴിഞ്ഞു. എഴുത്തിനൊപ്പം തന്നെ തപാൽ പെട്ടികളുടെ പെയിന്റിംഗും കുമാരനിഷ്ടപ്പെടുന്നു. റിട്ടയർമെന്റില്ലാത്ത ഈ ജോലി ആരോഗ്യമുള്ളിടത്തോളം കാലം തുടരുമെന്നും കുമാരൻ പറയുന്നു.