കണ്ണൂർ: ഭക്തിയുടെ പേരിൽ കേരളത്തിൽ നടക്കുന്ന സമരം സർക്കാരിനെ താഴെയിറക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് കഥാകൃത്ത് ടി. പത്മനാഭൻ. പയ്യന്നൂരിനടുത്ത് പോത്താംകണ്ടം ആനന്ദാശ്രമത്തിൽ നവരാത്രി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിശ്വാസത്തിന്റെ പേരിൽ റോഡ് നിറഞ്ഞുകവിഞ്ഞ സമരം കാണുമ്പോൾ സത്യത്തിൽ സങ്കടം തോന്നുന്നു. എന്താണിവിടെ നടക്കുന്നത്? മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രി കടകംപള്ളി സുരേന്ദ്രന്റെയും കോലം കത്തിച്ച് തെരുവിൽ ഉറഞ്ഞുതുള്ളുന്നവരുടെ ലക്ഷ്യം സർക്കാരിനെ അട്ടിമറിക്കലാണ്. സുപ്രീംകോടതി വിധി നടപ്പാക്കുകയെന്നത് സർക്കാരിന്റെ ബാധ്യതയല്ലേ?
കോടതി വിധി ഹിതമോ അഹിതമോ ആകാം. പക്ഷേ, ഒരു ദിവസംകൊണ്ടുണ്ടായ വിധിയല്ലല്ലോ ഇത്. 12 വർഷം നീണ്ട വിചാരണയ്ക്കൊടുവിലാണ് വിധിയുണ്ടായത്. ഇക്കാലമത്രയും തങ്ങളുടെ വാദം കോടതിക്കു മുന്നിൽ അവതരിപ്പിക്കാതെ ഇപ്പോൾ റോഡിലിറങ്ങി നിയമവാഴ്ചയെ വെല്ലുവിളിക്കുന്നതിൽ എന്തു ന്യായമാണുള്ളത്? എങ്ങോട്ടാണ് നാം പോകുന്നതെന്നും അദ്ദേഹം ചോദിച്ചു.