കൊച്ചി: പെണ്‍കുട്ടികള്‍ക്കുനേരേ അടുത്തിടെ നടന്ന അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ദേവന് രാമചന്ദ്രന് എഴുതിയ കവിത തുളുമ്പുന്ന കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായി.
പെണ്‍കുട്ടികള്‍ ഇത്തരത്തില്‍ ദുരിതങ്ങള്‍ നേരിടുമ്പോള്‍ സമൂഹം ഒന്നാകെ ലജ്ജിക്കണമെന്ന് ഓര്‍മപ്പെടുത്തുന്ന കവിത ഇംഗ്ലീഷിലാണ് എഴുതിയിരിക്കുന്നത്. “മകളേ നിനക്കൊപ്പം’ എന്ന കവിതയുടെ ഏകദേശ പരിഭാഷ ഇങ്ങനെ:
“പെണ്ണായിരിക്കുന്നതെത്ര ദുഷ്കരം
മിടുക്കിയൊരു മകളിതു മനംമടുത്തു
നിരാശയിങ്ങനെ പങ്കുവയ്ക്കുമ്പോള്‍
അമ്പരക്കുന്നു ഞാന്‍.
ഈ നൂറ്റാണ്ടിലും പെണ്മക്കളിങ്ങനെ
പറയാനിടവരുന്നതെത്ര സങ്കടം.
തോല്‍വിയാണിത്, പടുകുഴിയിലേക്ക്
വീണുപോകും മുമ്പൊരാത്മ പരിശോധന
നാം നടത്തേണ്ടതില്ലേ?
വാക്കുകളേറെയുമിവിടെ നിരര്‍ത്ഥകം
മാരക മനോനിലക്കാരുടെ ചെയ്തികള്‍
കഠിനമായി അപലപിച്ചീടുക, നമ്മളീ
ജനതയുടെ മൗനമാണപകടം.
മകളിവള്‍ നേരിട്ട മാനക്കേടിനു
മരുന്നായി പ്രതികരിച്ചീടണം.
ഇതു നടക്കുമെന്നുറപ്പുണ്ട്, മകളേഅയോഗ്യനെങ്കിലും നിനക്കെന്റെ
അഭിനന്ദനങ്ങള്‍ ‘