വാട്സ്ആപ്പിലൂടെ പ്രചരിക്കുന്ന സന്ദേശങ്ങൾ എല്ലാം സത്യമുള്ളതാണോ? വിശ്വസിക്കാൻ കഴിയുന്നവയാണോ? അല്ല എന്നാണ് സമീപനാളുകളിൽ നടക്കുന്ന സംഭവങ്ങൾ സൂചിപ്പിക്കുന്നത്. ഒരു വ്യക്തിയുടെ മനസിൽ തോന്നുന്ന ആശയങ്ങൾ (അത് നന്മയുള്ളതാകാം പൈശാചികമാകാം) വാട്സ്ആപ്പിലൂടെ അയയ്ക്കപ്പെട്ടാൽ അതിവേഗം വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്.
ജനങ്ങളുടെ മനസിലെ ഭീതി മുതലെടുത്ത് നിരവധി വ്യാജസന്ദേശങ്ങൾ പ്രചരിപ്പിക്കാൻ സാമൂഹ്യവിരുദ്ധർക്കു സാധിക്കുന്നു. സമീപദിവസങ്ങളിൽ തമിഴ്നാട്ടിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ഇറങ്ങിയിട്ടുണ്ടെന്ന വാട്സ്ആപ് സന്ദേശം പ്രചരിച്ചതിനെത്തുടർന്ന് 24 മണിക്കൂറിനുള്ളിൽ രണ്ടു പേരെയാണ് ജനം ആക്രമിച്ചത്. ഇവർ രണ്ടു പേരും മരണത്തിനു കീഴടങ്ങുകയും ചെയ്തു.
തിരുവണ്ണാമല ജില്ലയിൽ ആത്തിമൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന സംശയത്തിൽ 65 വയസുകാരിയെ ജനക്കൂട്ടം ആക്രമിച്ചതാണ് ആദ്യസംഭവം. മണിക്കൂറുകൾ പിന്നിട്ടപ്പോൾ, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്ന് കുട്ടികളെ തട്ടിക്കൊണ്ടുപോകാൻവേണ്ടി വലിയ സംഘം തമിഴ്നാട്ടിലെത്തിയിട്ടുണ്ടെന്ന സന്ദേശം വ്യാപകമായി പ്രചരിച്ചു.
ഇതോടെ, അപരിചിതനായ ഇതര സംസ്ഥാനക്കാരനെ, കുട്ടികളെ കടത്തുന്ന സംഘത്തിൽപ്പെട്ട ആളെന്നു കരുതി ആക്രമിക്കുകയായിരുന്നു. ജനക്കൂട്ടം ചോദിച്ച ചോദ്യങ്ങൾക്ക് മറുപടി നല്കാൻ ഇയാൾക്കു കഴിഞ്ഞില്ലെന്നതാണ് ആക്രമണം നടത്താൻ ജനത്തെ പ്രേരിപ്പിച്ചത്. ഒരു കണ്ണ് ചൂഴ്ന്നെടുക്കുകയും മുഖത്തും തലയിലും ശക്തിയായി അടിക്കുകയും ചെയ്തു.
ആക്രമണത്തിൽ പരിക്ക് ഗുരുതരമായതിനാലാണ് സംശയിക്കപ്പെട്ട ഇരുവരും മരണത്തിനു കീഴടങ്ങിയത്. തൊട്ടടുത്ത ദിവസവും സമാനസംഭവം തമിഴ്നാട്ടിൽ അരങ്ങേറി. ഇതര സംസ്ഥാനക്കാരനായ ഒരാൾ ഒരു കുട്ടിയോടു സംസാരിക്കുന്നതു കണ്ടതാണ് മൂന്നാമത്തെ സംഭവത്തിനു തുടക്കം. ഇദ്ദേഹത്തെ ഗുരുതരമായി പരിക്കേറ്റ അവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സംസ്ഥാനത്ത് ആക്രമണപരന്പര കൂടിയതോടെ പോലീസ് നടപടികൾ സ്വീകരിച്ചുതുടങ്ങി. വ്യാജസന്ദേശങ്ങൾ തടയാനും ഉറവിടം കണ്ടെത്താനുമുള്ള ശ്രമവും ആരംഭിച്ചുകഴിഞ്ഞു. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നെന്ന വ്യാജസന്ദേശങ്ങൾ പുറത്തുവിട്ട ഒരാളെയും രണ്ടു പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ 18 പേരെയും അറസ്റ്റ് ചെയ്തു.
വീരരാഘവൻ എന്നയാളാണ് വ്യാജസന്ദേശത്തിനു പിന്നിലെന്നാണ് പോലീസ് ഭാഷ്യം. ഇതരസംസ്ഥാന തൊഴിലാളികളുടെ വീഡിയോ ഉൾപ്പെടെയുള്ള സന്ദേശം ഈ മാസം രണ്ടിനാണ് ഇയാൾ വാട്സ്ആപ്പിൽ അപ്ലോഡ് ചെയ്തത്. ഇത് ഇപ്പോഴും വ്യാപകമായി പ്രചരിക്കുന്നുണ്ടെന്നാണ് പോലീസ് പറയുന്നത്.
ഏതാനും മാസങ്ങൾക്കു മുന്പ് കേരളത്തിലും സമാനവിധത്തിലുള്ള വ്യാജസന്ദേശങ്ങൾ പ്രചരിച്ചിരുന്നു. ഇതേത്തുടർന്ന് ഒറ്റപ്പെട്ട അനിഷ്ടസംഭവങ്ങളും കേരളത്തിലുണ്ടായി. ഒരു സന്ദേശം ലഭിക്കുന്പോൾ അത് ശരിയോ തെറ്റോ എന്നു ചിന്തിക്കണമെന്നാണ് പോലീസ് നല്കുന്ന നിർദേശം.
കഴിഞ്ഞ വർഷം കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘമെന്ന പേരിൽ വാട്സ്ആപ് സന്ദേശം പ്രചരിച്ചതിനെത്തുടർന്ന് ഏഴു പേരെ ജനക്കൂട്ടം തല്ലിക്കൊന്നിരുന്നു.