എത്യോപ്യയുടെ തെക്ക്-പടിഞ്ഞാറൻ പ്രദേശത്ത് ഒമോ നദിയുടെ ഫലഭൂയിഷ്ഠമായ ഭാഗത്താണ് ഹമർ വംശജർ താമസിക്കുന്നത്. കന്നുകാലി വളർത്തലാണ് പ്രധാന തൊഴിൽ.
കന്നുകാലികളെ അവർ വളരെയധികം പ്രാധാന്യത്തോടെയാണ് കാണുന്നത്. അവരിൽ കുറച്ചുപേർ മാത്രമേ സ്കൂളിൽ പോയിട്ടുള്ളൂ.
ഹമർ ഗോത്രക്കാർക്കിടയിലെ വ്യത്യസ്തമായ ആചാരമാണ് കാളയ്ക്കു മുകളിലൂടെ ചാടുക എന്നത്. പ്രായപൂർത്തിയായ ആൺകുട്ടികളാണ് ഈ ആചാരം നടത്തേണ്ടത്.
താനൊരു പുരുഷനായെന്നും താൻ കല്യാണം കഴിക്കാൻ പ്രാപ്തനായെന്നും തെളിയിക്കണമെങ്കിൽ ഈ ആചാരത്തിൽ പങ്കെടുത്ത് വിജയിക്കണം.
മൂന്നു ദിവസം
ഒരു ആൺകുട്ടി ചാടിക്കടക്കേണ്ടത് ഒരു കാളയുടെ മുകളിലൂടെയല്ല, നിരത്തി നിർത്തിയിരിക്കുന്ന കുറേ കാളകളുടെ മുകളിലൂടെയാണ്.
ഒരു ദിവസം കൊണ്ട് തീരുന്നതല്ല ഈ ആചാരം. പകരം മൂന്നു ദിവസം വേണം. ചടങ്ങിന്റെ സമയം നിർണയിക്കുന്നത് പുരുഷന്റെ മാതാപിതാക്കളാണ്.
മാസാ എന്നറിയപ്പെടുന്ന ഒരു കൂട്ടം ആളുകൾ ആചാരത്തിൽ പങ്കെടുക്കേണ്ട ആൺകുട്ടിയുടെ തലയുടെ നെറ്റി ഭാഗം മുതൽ മധ്യഭാഗംവരെ ഷേവ് ചെയ്യും. പാപങ്ങൾ കഴുകിക്കളയാനാണത്രേ ഇങ്ങനെ ചെയ്യുന്നത്. ശരീരത്തിൽ മണലും ചാണകവും പുരട്ടുകയും ചെയ്യുന്നു.
മരത്തിന്റെ പുറംതൊലി ചെത്തിയെടുത്ത് ആൺകുട്ടിയുടെ നെഞ്ചിൽ ക്രോസ് ആയി ചുറ്റിയിടും. ഇതൊക്കെ ആത്മീയ സംരക്ഷണമായി വർത്തിക്കുന്നുവെന്നാണ് വിശ്വാസം. നഗ്നനായാണ് ചാ ടേ െണ്ടത്
വിജയി ആയാൽ
കാളകളെ വിജയകരമായി മറികടക്കുന്നവൻ വിജയി ആയി മാറും. ഈ ചടങ്ങ് കഴിയുന്നതോടെ അവന്റെ കുടുംബം അവനായി കരുതിവെച്ച പെൺകുട്ടിയുമായി വിവാഹം നടത്തും.
വിവാഹം കഴിക്കാനും കുട്ടികളെ ജനിപ്പിക്കാനും കന്നുകാലികളെ മേയ്ക്കാനും വിജയി പ്രാപ്തനായി എന്നാണ് വിശ്വാസം. ആൺകുട്ടികളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമായിട്ടാണ് ഇതിനെ കണക്കാക്കുന്നത്.
തോറ്റുപോയാൽ
ഇനിയെങ്ങാനും തോറ്റുപോയാൽ അവന്റെ കാര്യം പറയുകയും വേണ്ട. പിന്നെ അവന് വിവാഹജീവിതത്തിലേക്ക് കടക്കണമെങ്കിലും പുരുഷനായി സമൂഹം അംഗീകരിക്കണമെങ്കിലും ഒരു വർഷമെങ്കിലും കാത്തിരിക്കണം. ഒരു വർഷം കഴിഞ്ഞേയുള്ളൂ വീണ്ടും അവന് കാള ചാടൽ ആചാരത്തിൽ പങ്കെടുക്കാൻ കഴിയൂ.
ഹമർ ഗോത്രത്തിലെ പുരുഷൻമാർ കന്നുകാലികളെ വളർത്തുന്പോൾ സ്ത്രീകൾ ഗാർഹിക ജോലികൾ ഉൾപ്പെടെയുള്ള എല്ലാ ജോലികളും ചെയ്യുന്നു.
തയാറാക്കിയത് : എൻ.എം