ചൈനയിലെ വുഹാന്‍ നഗരത്തില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസിന്റെ ഉറവിടം വവ്വാലുകള്‍ എന്ന് സൂചന. ആരോഗ്യ സംഘടനയായ ഇക്കോ ഹെല്‍ത്ത് അലൈന്‍സ് അധ്യക്ഷന്‍ ഡോക്ടര്‍ പീറ്റര്‍ ഡസ്സാക് ആണ് ഈ സംശയം പങ്കുവെച്ചത്. ന്യൂയോര്‍ക്ക് ടൈംസിലാണ് ഈ വാര്‍ത്ത വന്നത്. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്ന രോഗങ്ങളെക്കുറിച്ച് കഴിഞ്ഞ 15 വര്‍ഷമായി ചൈനയില്‍ പഠനം നടത്തുകയാണ് ഡോ. ഡസ്സാക്.
”ഉറവിടത്തെക്കുറിച്ച് കൃത്യമായ വിവരങ്ങളില്ല. പക്ഷേ ഇത് വവ്വാലുകളില്‍ നിന്ന് ഉത്ഭവിക്കുന്ന കൊറോണ വൈറസാകാന്‍ മതിയായ തെളിവുകളുണ്ട്. ചൈനയിലെ ഹോര്‍സ്ഷൂ വവ്വാലുകളാകാം വൈറസിന്റെ ഉറവിടം” ഡോക്ടര്‍ പറയുന്നു. ഇതിനകം തന്നെ നിരവധി വൈറസുകള്‍ വവ്വാലുകളില്‍ നിന്ന് ഉത്ഭവിക്കപ്പെടുന്നുണ്ട്. സാര്‍സ് (SARS), മേര്‍സ് (MERS) എന്നീ രോഗങ്ങളിലേക്ക് നയിക്കാവുന്ന മാരകമായ വൈറസ് ആണ് കൊറോണ വൈറസ്.
ഒരു വവ്വാലിന് നിരവധി വൈറസുകളുടെ വാഹകരാകാന്‍ കഴിയും. മാര്‍ബര്‍ഗ് വൈറസിന്റെയും ആഫ്രിക്ക, മലേഷ്യ, ബംഗ്ലദേഷ്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളില്‍ മനുഷ്യരില്‍ പടര്‍ന്നുപിടിച്ച നിപാ, ഹെന്‍ഡ്ര വൈറസുകളുടെയും സ്വാഭാവിക സംഭരണ കേന്ദ്രമായി വവ്വാലുകളെ കണക്കാക്കാം. എബോള വൈറസിന്റെ വാഹകരും വവ്വാലുകള്‍ തന്നെ.
ഈ വൈറസുകളൊന്നും വവ്വാലുകളെ ബാധിക്കുന്നതല്ല എന്നതാണ് അതിശയം. റാബീസ് വൈറസ് മാത്രമാണ് വവ്വാലുകളെ ബാധിക്കുന്നത്. കേരളത്തിലും കൊറോണ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത് മലയാളികളെ ആശങ്കപ്പെടുത്തുന്നുണ്ട്. ചൈനയില്‍ നിന്നെത്തിയ വിദ്യാര്‍ഥിയ്ക്കാണ് കൊറോണ ബാധ സ്ഥിരീകരിച്ചത്.