ബെയ്ജിംഗ്: കൊറോണ വൈറസിനെക്കുറിച്ച് ആദ്യം മുന്നറിയിപ്പ് നല്കിയ ഡോക്ടർക്ക് വൈറസ് ബാധിച്ചു. വുഹാൻ സെൻട്രൽ ആശുപത്രിയിലെ ഡോക്ടറായ ലി വെൻലിയാങാണ് ആദ്യമായി അജ്ഞാത രോഗത്തെക്കുറിച്ച് സഹപ്രവർത്തകരോട് വെളിപ്പെടുത്തിയത്.
ഡിസംബർ 30നായിരുന്നു സംഭവം. നാല് പേർ പനി ലക്ഷണങ്ങളോടെ ആശുപത്രിയിലെത്തി. പരിശോധനയിൽ ഇവർക്കെല്ലാം ഒരേ രോഗ ലക്ഷണങ്ങളാണെന്നും ന്യുമോണിയയ്ക്ക് സമാനമായി ഇവരുടെ ശ്വാസകോശം ചുരുങ്ങിയിരിക്കുന്നതായും കണ്ടെത്തി.
അടുത്ത ദിവസം സമാനമായ ലക്ഷണങ്ങളോടെ മൂന്ന് പേർ കൂടി ചികിത്സ തേടിയെത്തി. സാറസ് പോലെയുള്ള വൈറസ് രോഗമാണിതെന്ന് ഡോ.ലി തിരിച്ചറിഞ്ഞു.
ഇതോടെയാണ് മെസേജിംഗ് ആപ്പായ വീ ചാറ്റ് വഴിയാണ് സഹപ്രവർത്തകർക്ക് അജ്ഞാത രോഗത്തെക്കുറിച്ച് മുന്നറിയിപ്പ് നല്കിയത്. സുരക്ഷാ ഉപകരണങ്ങൾ ധരിക്കണമെന്നും ഡോ.ലി മുന്നറിയിപ്പ് നൽകിയിരുന്നു.
രോഗബാധയ്ക്ക് കാരണം കൊറോണ വൈറസാണെന്ന കാര്യം ലിക്ക് അറിയില്ലായിരുന്നു. എന്നാൽ തെറ്റായവിവരം പ്രചരിപ്പിച്ചെന്ന് ആരോപിച്ച് ഡോ. ലിയോട് പബ്ലിക് സെക്യുരിറ്റി ബ്യൂറോ മാപ്പെഴുതി വാങ്ങിക്കുകയാണുണ്ടായത്.
എന്നാൽ ജനുവരി 20ന് ചൈനിസ് അധികൃതർ കൊറോണ വൈറസിന്റെ വിവരം സ്ഥിരീകരിക്കുകയായിരുന്നു. താൻ മാപ്പെഴുതി നൽകിയതിന്റെ ചിത്രവും ലി പുറത്തുവിട്ടു.
പിന്നീട് ഡോ. ലിയോട് അധികൃതർ മാപ്പു പറയുകയും ചെയ്തു. ജനുവരി 30നാണ് ഡോ. ലിക്ക് കൊറോമ വൈറസ് സ്ഥിരികരിച്ചത്. ആശുപത്രിയിൽ കഴിയുന്നതിന്റെ ചിത്രവും ലി പുറത്തുവിട്ടിട്ടുണ്ട്.