മുക്കം: വയനാട്, കോഴിക്കോട് ജില്ലകളിലെ ടൂറിസം സാധ്യതകൾ ഉപയോഗപ്പെടുത്തുന്നതിനായി വയനാട് ചുരത്തിന് സമാന്തരമായി റോപ്പ് വേയിലൂടെ കേബിൾകാർ പദ്ധതി നടപ്പിലാക്കുന്നു. അടിവാരം മുതൽ ലക്കിടി വരെ 3.675 കിലോമീറ്റർ ദൂരത്തിലാണ് നിർദിഷ്ട റോപ് വേ പദ്ധതി തയാറാക്കുക.
മണിക്കൂറിൽ 400 പേർക്ക് യാത്ര ചെയ്യാവുന്നതും ആറ് സീറ്റുകൾ ഉള്ളതുമായിരിക്കും കേബിൾ കാറുകൾ. അടിവാരത്തിനും ലക്കിടിക്കും ഇടയിൽ നാൽപതോളം ടവറുകൾ സ്ഥാപിച്ചാണ് റോപ് വേ തയാറാക്കുക. 15 മിനിറ്റ് മുതൽ 20 മിനിറ്റ് വരെയുള്ള സമയത്തിനുള്ളിൽ ഒരു വശത്തേക്കുള്ള യാത്ര പൂർത്തിയാക്കാനാവും. ചുരത്തിന്റേയും വനത്തിന്റേയും സൗന്ദര്യം ആസ്വദിക്കാനാവുന്ന കേബിൾ കാർ യാത്രകൾക്ക് കൂടി പ്രയോജനപെടുത്താം. അതുവഴി വഴി ചുരത്തിലെ തിരക്ക് കുറക്കാനാകുമെന്നും കണക്കുകൂട്ടുന്നു.
ദക്ഷിണേന്ത്യയിലെ ഏറ്റവും വലുതും ആകർഷകവുമായ പദ്ധതിയാവും ചുരത്തിൽ നടപ്പിലാക്കുക. ലക്കിടിയിൽ അപ്പർ ടെർമിനലും അടിവാരത്ത് ലോവർ ടെർമിനലും ഉണ്ടാവും. അടിവാരം ടെർമിനലിനോട് അനുബന്ധിച്ച് പാർക്കിംഗ്, പാർക്ക്, മ്യൂസിയം, കഫ്റ്റീരിയ, ഹോട്ടൽ, ആംഫി തിയറ്റർ, ഓഡിറ്റോറിയം തുടങ്ങിയവയും പദ്ധതി വിഭാവനം ചെയ്യുന്നുണ്ട്.
കോഴിക്കോട്, വയനാട് ഡിടിപിസി, വയനാട് ചേംബർ ഓഫ് കൊമേഴ്സ്, മലബാർ ചേംബർ ഓഫ് കൊമേഴ്സ് തുടങ്ങിയവയുടെ ആഭിമുഖ്യത്തിൽ പിപിപി അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. ഇതിനായി സിയാൽ മാതൃകയിൽ കമ്പനി രൂപീകരിക്കും. പദ്ധതി സംബന്ധിച്ച് കോഴിക്കോട് കലക്ടറുടെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ ചേർന്ന യോഗത്തിലാണ് പദ്ധതിക്ക് അന്തിമരൂപം നൽകിയത്.
ജോർജ് എം. തോമസ് എംഎൽഎ, ഇരു ജില്ലകളിലെയും ഡി.ടി.പി.സി അധികൃതർ, ചേംബർ ഓഫ് കൊമേഴ്സ് ഭാരവാഹികൾ, വനം, റവന്യൂ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ടൂറിസം, വനം, റവന്യൂ വകുപ്പ് മന്ത്രിമാരുടെ സംയുക്ത യോഗത്തിൽ വിശദ പദ്ധതി അവതരിപ്പിക്കാനും അടുത്ത ആഴ്ച മുതൽ സർവേയും ഡിപിആറും തയാറാക്കാനും യോഗത്തിൽ തീരുമാനമായി.