പുത്തൻകുന്ന്(വയനാട്): മകൾ ഷഹല ഷെറിനിന്റെ വിയോഗത്തിൽ നെഞ്ചുരുകി അഭിഭാഷക ദന്പതികൾ. ബന്ധുമിത്രാദികളുടെ സാന്ത്വന വചനങ്ങൾക്കു ഷഹലയുടെ പിതാവ് പുത്തൻകുന്ന് ചിറ്റൂർ നൊട്ടൻ വീട്ടിൽ അഡ്വ.അബ്ദുൽ അസീസിന്റെയും ഭാര്യ അഡ്വ.ഷജ്നയുടെയും തപിക്കുന്ന ഹൃദയങ്ങളെ ആശ്വസിപ്പിക്കാൻ കഴിയുന്നില്ല. ദന്പതികളുടെ കണ്ണീരൊട്ടിയ മുഖങ്ങൾ ദുഃഖഭാരത്തോടെ നൊട്ടൻ വീടിന്റെ പടി കയറുന്നവരെയും നൊന്പരപ്പെടുത്തുകയാണ്. കരയാൻപോലും കരുത്തില്ലാത്ത അവസ്ഥയിലാണ് ഷഹലയുടെ മാതാവ്.
അബ്ദുൽ അസീസ്-ഷജ്ന ദന്പതികളുടെ മൂന്നു മക്കളിൽ മൂത്തതാണ് ഷഹ്ല ഷെറിൻ. ബുധനാഴ്ച രാവിലെ സന്തോഷവതിയായി വീട്ടിൽനിന്നു വിദ്യാലയത്തിലേക്കു പുറപ്പെട്ട ഷഹല കെടുകാര്യസ്ഥതയുടെയും അനാസ്ഥയുടെയും ബലിയാടാകുകയായിരുന്നു.
ക്ലാസ് മുറിയിലെ തറയിലുണ്ടായ മാളത്തിൽ പതുങ്ങിയ പാന്പിന്റെ കടിയേറ്റ ഷഹലയ്ക്കു യഥാസമയം ചികിത്സ ലഭിച്ചിരുന്നുവെങ്കിൽ ദുര്യോഗം ഉണ്ടാകുമായിരുന്നില്ലെന്നു അബ്ദുൽ അസീസ് പറയുന്നു.
ഷഹലയ്ക്കു അസുഖമാണെന്നു അറിയിച്ച് ബുധനാഴ്ച വൈകുന്നേരം 3.36നാണ് അബ്ദുൽ അസീസിനു സ്കൂളിൽനിന്നു വിളിയെത്തിയത്. ഈ സമയം കോടതിയിലായിരുന്ന അദ്ദേഹം ഓട്ടോ വിളിച്ച് സ്കൂളിലെത്തി. അപ്പോഴേക്കും അവശനിലയിലായ മകളെയുമെടുത്ത് അബ്ദുൽ അസീസ് ബത്തേരി അസംപ്ഷൻ ആശുപത്രിയിലേക്കു കുതിച്ചു.
അവിടെ ഷഹ്ലയുടെ കാലിലെ മുറിവ് പരിശോധിച്ച ഡോക്ടർ പാന്പുകടിയേറ്റതാണെന്നും ആന്റിവെനം നൽകുന്നതിനു താലൂക്ക് ഗവ.ആശുപത്രിയിൽ ഉടൻ എത്തിക്കണമെന്നും നിർദേശിച്ചു. ഇതനുസരിച്ച് താലൂക്ക് ആശുപത്രിയിലെത്തിയ അബ്ദുൽ അസീസിനു പൊള്ളുന്ന അനുഭവമാണ് ഉണ്ടായത്. ആന്റിവെനം ഉണ്ടായിട്ടും ഷഹ്ലയ്ക്കു നൽകാൻ ഡ്യൂട്ടി ഡോക്ടർ തയാറായില്ല. അബ്ദുൽ അസീസ് അഭ്യർഥിച്ചിട്ടും കുട്ടിയെ നിരീക്ഷിച്ചശേഷമേ ആന്റിവെനം നൽകാനാകൂ എന്ന നിലപാടാണ് ഡോക്ടർ സ്വീകരിച്ചത്.
താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ഏകദേശം 20 മിനിറ്റ് കഴിഞ്ഞപ്പോൾ ഷഹല ഛർദിച്ചു. തീർത്തും അവശനിലയിലായപ്പോഴാണ് കുട്ടിയെ ഡോക്ടർ ബത്തേരിയിൽനിന്നു മൂന്നു മണിക്കൂർ യാത്രാദൂരമുള്ള കോഴിക്കാട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു റഫർ ചെയ്ത്.
ആംബുലൻസിൽ കോഴിക്കോട്ടേക്കുള്ള യാത്രയ്ക്കിടെ കൽപ്പറ്റയിൽ എത്തിയപ്പോഴക്കും ഷഹലയുടെ ബോധം ഭാഗികമായി മറഞ്ഞു. ചകിതനായ അബ്ദുൽ അസീസ് കുഞ്ഞുമായി വൈത്തിരി താലൂക്ക് ആശുപത്രിയിൽ എത്തിയപ്പോൾ അവിടെ ആന്റിവെനം ഉണ്ടായിരുന്നില്ല.
തുടർന്നു ചേലോട് ഗുഡ്ഷെപ്പേർഡ് ആശുപത്രിയിലെത്തിച്ച ഷഹല ചികിത്സയ്ക്കിടെ സന്ധ്യയോടെ എന്നേയ്ക്കുമായി കണ്ണയ്ക്കുകയായിരുന്നു. ബുധനാഴ്ച വൈകുന്നേരം 3.10നാണ് ഷഹലയ്ക്കു പാന്പുകടിയേറ്റത്.
പാന്പു കടിച്ചെന്നു കുട്ടി പറഞ്ഞതിനു വിദ്യാലയത്തിലെ അധ്യാപകരിൽ ചിലർ ചെവികൊടുത്തില്ല. കുട്ടി വേദനകൊണ്ട് പുളയുന്നതുകണ്ട് ആശുപത്രിയിൽ കൊണ്ടുപോകാമെന്നു ഒരധ്യാപിക പറഞ്ഞപ്പോൾ രക്ഷിതാവ് വന്നിട്ടുമതിയെന്ന നിലപാടാണ് മറ്റുചിലർ സ്വീകരിച്ചത്.
കുട്ടിയുടെ കാലിൽ കല്ലോ മറ്റോ തട്ടി മുറിവുണ്ടായതാണെന്ന അനുമാനത്തിലായിരുന്നു വിദ്യാലയാധികൃതർ പൊതുവെ. തെറ്റായ ഈ അനുമാനവും ആന്റിവെനം നൽകാൻ താലൂക്ക് ആശുപത്രിയിലെ ഡോക്ടർ തന്റേടം കാട്ടാതിരുന്നതുമാണ് ഷഹ്ലയുടെ ജീവനെടുത്തതെന്നു അബ്ദൽ അസീസ് കരുതുന്നു. മകളുടെ മരണവുമായി ബന്ധപ്പെട്ടു ആർക്കും പരാതി നൽകിയില്ലെന്നും അതിനുള്ള മാനസികാവസ്ഥയിലല്ലെന്നും അദ്ദേഹം പറഞ്ഞു.
അഭിഭാഷക ദന്പതികളുടെ വീട്ടിലേക്കു ഇന്നലെയും ജനപ്രവാഹമായിരുന്നു. ജില്ല പഞ്ചായത്ത് പ്രസിഡന്റ്് കെ.ബി. നസീമ, വൈസ് പ്രസിഡന്റ് എ. പ്രഭാകരൻ,, ജില്ല പഞ്ചായത്ത് അംഗങ്ങളായ എ. ദേവകി, പി.കെ. അനിൽകുമാർ. കെ. മിനി, സിപിഎം ജില്ല സെക്രട്ടറി പി. ഗഗാറിൻ, മഹിള അസോസിയേഷൻ നേതാവും പൂതാടി പഞ്ചായത്ത് പ്രസിഡന്റുമായ രുക്മിണി സുബ്രഹ്മണ്യൻ തുടങ്ങിയവർ പുത്തൻകുന്നിലെ വീട്ടിലെത്തി ദന്പതികളെ ആശ്വസിപ്പിച്ചു.