പുത്തൻകുന്ന്(വയനാട്): ഷഹ്ല ഷെറിനു ഉണ്ടായതുപോലുള്ള അനുഭവം ഇനി എവിടെയും ഉണ്ടാകരുതെന്ന പ്രാർത്ഥനയോടെ നിദ ഫാത്തിമ. ബത്തേരി ഗവ.സർവജന ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ് കൈപ്പഞ്ചേരി മടപ്പള്ളി ഫൈസൽ അലി റഹ്മാൻ-ഉമ്മു കുൽസു ദന്പതികളുടെ മകളായ നിദ.
ഷഹ്ല അഞ്ചാാം ക്ലാസിലാണ് പഠിക്കുന്നതെങ്കിലും നിദയ്ക്കു കൂട്ടുകാരിയായിരുന്നു. വിദ്യാലയത്തിലെ ഒപ്പന ടീം അംഗങ്ങളായിരുന്നു ഇരുവരും. ഒന്നിച്ചായിരുന്നു ഒപ്പന പരിശീലനവും. സ്കൂളിൽ ഒരേ കെട്ടിടത്തിലാണ് ഷഹ്ലയുടെയും നിദയുടെയും ക്ലാസ്മുറികളും. ഇന്നലെയും നിദ കണ്ണിരണിഞ്ഞ് കൂട്ടുകാരിയുടെ വീട്ടിലെത്തി.
സ്കൂൾ വളപ്പും ക്ലാസ് മുറികളും സുരക്ഷിതമാക്കുന്നതിൽ വീഴ്ചവരുത്തിയ അധികൃതർക്കൊപ്പം വിദ്യാലയത്തിലെ ഒരധ്യാപകനും ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടറും ഷഹ്ലയുടെ മരണത്തിനു ഉത്തരവാദികളാണെന്നു നിദ പറയുന്നു. ഷഹ്ലയുടെ മരണത്തിനു കാരണക്കാരിൽ ഒരാളെയും വെറുതെ വിടില്ലെന്ന വാശിയിലുമാണ് ഈ ബാലിക.