കോട്ടയം: പാലായ്ക്കു സമീപം രാമപുരം കൂടപ്പുലത്തു നടത്തിയ റെയ്ഡില്‍ വീട്ടില്‍ അധികൃതമായി വില്പനയ്ക്ക് സൂക്ഷിച്ച 1,830 ലിറ്റര്‍ വീര്യം കൂടിയ വൈന്‍ പിടികൂടി. പാലയ്ക്കുകുന്നേല് വീട്ടില്‍ ഷാജിയുടെ വീടിനോട് ചേര്‍ന്നുള്ള ഷെഡില്‍ 225 ലിറ്റര്‍ കോള്‍ കൊള്ളുന്ന ബാരലുകളിലും 35 ലിറ്റര്‍ വീതം കോള്‍ കൊള്ളുന്ന കന്നാസുകളിലും ഒരു ലിറ്റര്‍ വീതം കോള്‍ കൊള്ളുന്ന കുപ്പികളിലുമായാണു വൈന്‍ അനധികൃതമായി നിര്‍മിച്ചു സൂക്ഷിച്ചിരുന്നത്.
ഒരു ലിറ്റര്‍ വൈന്‍ 500 രൂപ നിരക്കില്‍ ആയിരുന്നു വില്‍പ്പന. പാലാ എക്സൈസ് റേഞ്ച് സംഘം നടത്തിയ റെയ്ഡിലാണു അനധികൃത വൈന്‍ പിടിച്ചെടുത്തത്. സംഭവത്തില്‍ പ്രതിയായ ഷാജിയെ അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കി.
കോട്ടയം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ വി.എ. പ്രദീപ്, അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ ആര്. രാജേഷ്, പാലാ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മുഹമ്മദ് ഹാരിഷ് എന്നിവര്‍ സംഭവസ്ഥലത്തെത്തി തുടര്‍നടപടികള്‍ക്കു നേതൃത്വം നല്കി. ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് എക്സൈസ് റെയ്ഡുകള്‍ ശക്തമാക്കിയിട്ടുണ്ട്.