എക്‌സ് എന്നാല്‍ രഹസ്യം! അമേരിക്കയുടെ എക്‌സ്-37ബി എന്ന ആളില്ലാ ബഹിരാകാശവിമാനം: ഐഎസ്എസിനും മേലേ; അഭ്യൂഹം മാനംമുട്ടെ

വി.ആര്‍. ഹരിപ്രസാദ്
x1

ഏതാണ്ട് അഞ്ചു ലക്ഷം രൂപ വിലവരുന്ന കാമറ ഡ്രോണില്‍ ഉറപ്പിച്ച് ആദ്യമായി ഫോട്ടോ എടുത്തതിന്‍റെ അനുഭവം ഒരു പത്ര ഫോട്ടോഗ്രാഫര്‍ പങ്കുവച്ചിട്ടുണ്ട്. ആലുവാപ്പുഴയ്ക്കു മുകളിലൂടെ ഡ്രോണ്‍ പറത്തിയാണ് പടമെടുക്കുന്നത്. അതു പണിമുടക്കിയാലോ, എന്തെങ്കിലും കൈയബദ്ധം പിണഞ്ഞാലോ അഞ്ചുലക്ഷം വെള്ളത്തില്‍. കുഴപ്പങ്ങളൊന്നുമില്ലാതെ തിരിച്ചെത്തിയാല്‍ അതുവരെ കാണാത്ത ഒരാംഗിളില്‍ മികച്ചൊരു ചിത്രം. അദ്ദേഹത്തിന്‍റെ നെഞ്ചിടിപ്പ് കൂടിയും കുറഞ്ഞുമിരുന്നു, ഡ്രോണ്‍ തിരിച്ചിറങ്ങുന്നതുവരെ.

കല്യാണത്തിനു പോയാല്‍പ്പോലും തലയ്ക്കു മുകളിലൂടെ ഡ്രോണ്‍ പറക്കുന്ന കാലമാണിത്. അതിലുറപ്പിച്ച കാമറ മുകളില്‍നിന്നു പകര്‍ത്തുന്ന ദൃശ്യങ്ങള്‍ നമുക്കധികം കണ്ടു പരിചയമില്ലാത്തതാണ്. കൂടുതല്‍ ഭംഗിയുള്ളതുമാണ്.

ആവശ്യത്തിനും അനാവശ്യത്തിനും പറക്കും കാമറകള്‍ എത്തിയതോടെ ചിലയിടങ്ങളിലെല്ലാം ഡ്രോണിനു നിരോധനം വന്നു. സുരക്ഷാ പ്രാധാന്യമുള്ള ഇടങ്ങള്‍ക്കു മുകളിലൂടെ ഡ്രോണ്‍ പറത്തിയാല്‍ അഴിയെണ്ണേണ്ടിവരും. കഴിഞ്ഞ തവണ തൃശൂര്‍ പൂരത്തിന്‍റെ കുടമാറ്റ ദൃശ്യങ്ങള്‍ ഹെലികാം ഉപയോഗിച്ചു പകര്‍ത്തി ഫേസ്ബുക്കിലിട്ട യുവാക്കള്‍ പുലിവാലു പിടിച്ചിരുന്നു. അടുത്തയിടെ ശബരിമലയുടെ ദൃശ്യങ്ങള്‍ ഇത്തരത്തില്‍ പകര്‍ത്തിയതും വിവാദമായി.

ഏതാനും മീറ്ററുകള്‍ മാത്രം ഉയരത്തില്‍ പറക്കുന്ന, ചെറിയ കാമറകള്‍ വഹിക്കുന്ന ഡ്രോണുകളുടെ ഗുണവും ദോഷവും കണ്ടല്ലോ. അതിന്‍റെ ആയിരമായിരം മടങ്ങു ശേഷിയുമായി ഒരു സ്‌പേസ് ഡ്രോണ്‍ (ബഹിരാകാശ വിമാനം) സദാ ഭൂമിയെ നോക്കിക്കൊണ്ടിരുന്നാലോ അതവിടെ എന്തു ചെയ്യുന്നു, എന്താണതിന്‍റെ ലക്ഷ്യം, എന്തെങ്കിലും വിധത്തിലുള്ള ആയുധ പരീക്ഷണമാണോ… എന്നൊക്കെയുള്ള കാര്യങ്ങള്‍ അത്യന്തം രഹസ്യമായിരിക്കുകകൂടി ചെയ്താലോ അതാണ് അമേരിക്കയുടെ എക്‌സ്37 ബി എന്ന സ്‌പേസ് ഡ്രോണിന്‍റെ ചുരുക്കം. ഈ പദ്ധതിയില്‍ പെടുത്തി അമേരിക്ക അയച്ചിരിക്കുന്ന നാലാമത്തെ സ്‌പേസ് ഡ്രോണ്‍ ആണ് ഇപ്പോള്‍ ബഹിരാകാശത്ത് കറങ്ങിത്തിരിയുന്നത്.

പ്രതിരോധ മിശ്രണം, നാസയുടെ പാക്കേജ്
x2

ബഹിരാകാശത്ത് ഒട്ടനവധിയായുള്ള നിഗൂഢതകള്‍ വെളിവാക്കാന്‍ പരീക്ഷണങ്ങള്‍ നടത്തുക 1999ല്‍ ഓര്‍ബിറ്റര്‍ ടെസ്റ്റ് വെഹിക്കിള്‍ പദ്ധതിക്കു തുടക്കമിടുന്‌പോള്‍ അതായിരുന്നു നാസയുടെ ലക്ഷ്യം. ആളില്ലാ ബഹിരാകാശ വിമാനം അയയ്ക്കുക, പഠനങ്ങള്‍ നടത്തി തിരിച്ചെത്തിക്കുക എന്നതായിരുന്നു ആശയം. അഞ്ചു വര്‍ഷഹത്തിനുശേഷം നാസ ഈ പദ്ധതി അമേരിക്കന്‍ പ്രതിരോധ വകുപ്പിനു കൈമാറി. സാങ്കേതിക സഹായം തുടര്‍ന്നും നല്‍കുന്നത് നാസയാണ്. ബോയിംഗ് കന്പനിയാണ് എക്‌സ്37 ബി നിര്‍മിച്ചത്. ഡിഫന്‍സ് അണ്ടര്‍ സെക്രട്ടറി, എയര്‍ഫോഴ്‌സ് സെക്രട്ടറി എന്നിവരുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ എയര്‍ഫോഴ്‌സ് റാപിഡ് കേപ്പബിലിറ്റീസ് ഓഫീസാണ് പദ്ധതിക്കു നേതൃത്വം നല്‍കുന്നത്.

ഈ പദ്ധതിയില്‍പ്പെട്ട മൂന്നു സ്‌പേസ് ഡ്രോണുകള്‍ ദൗത്യം പൂര്‍ത്തിയാക്കി. റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിച്ച് ഭ്രമണപഥത്തില്‍ എത്തിക്കുകയും തിരിച്ച് വിമാനത്തെപ്പോലെ ലാന്‍ഡ് ചെയ്യിക്കുകയുമാണ് രീതി. കാഴ്ചയില്‍ നാസയുടെ സ്‌പേസ് ഷട്ടിലിനെപ്പോലെ തോന്നുമെങ്കിലും ഇവയ്ക്ക് മനുഷ്യനെ വഹിക്കാനുള്ള വലിപ്പമില്ല.

നാലാമത്തേതാണ് ഇപ്പോള്‍ ബഹിരാകാശത്തുള്ളത്. 2015 മേയ് 20നായിരുന്നു ഇതിന്‍റെ വിക്ഷേപണം. 2017 ജനുവരി പത്തിന് ഇത് ഭ്രമണപഥത്തില്‍ 600 ദിവസങ്ങള്‍ പൂര്‍ത്തിയാക്കി. എന്നുവരെ പ്രവര്‍ത്തനം തുടരുമെന്ന് ഇതുവരെ വാര്‍ത്തകളൊന്നുമില്ല. മൂന്നാമത്തെ സ്‌പേസ് ഡ്രോണ്‍ 675 ദിവസമാണ് ബഹിരാകാശത്തുണ്ടായിരുന്നത്.

സ്‌പേസ് ഡ്രോണിന്‍റെ രൂപരേഖയെക്കുറിച്ച് മുന്പു കണ്ടല്ലോ. എന്നാല്‍ അതിനകത്ത് ഒരു രഹസ്യ അറയുണ്ട്. വലിയൊരു കണ്ടെയ്‌നറിനോളമുണ്ട് അത്. അതിനെക്കുറിച്ച് ഒരക്ഷരം അമേരിക്ക മിണ്ടിയിട്ടില്ല. എക്‌സ്‌പെരിമെന്‍റ് ബേ എന്നുമാത്രമാണ് അതേക്കുറിച്ച് ആകെക്കൂടി വിശദീകരിച്ചിട്ടുള്ളത്.

സ്‌പേസ് റിസര്‍ച്ചിനുള്ള പുതിയ പ്രൊപ്പല്‍ഷന്‍ സാങ്കേതികവിദ്യ പരീക്ഷിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് നാസയും അമേരിക്കന്‍ വ്യോമസേനയും പരോക്ഷമായി സൂചിപ്പിക്കുന്‌പോഴും ലോകം അത് കണ്ണടച്ചു വിശ്വസിക്കുന്നില്ല.

ഐഎസ്എസിനും മേലേ!
x3
ബഹിരാകാശത്തെ പഠനങ്ങള്‍ക്കായി ഒട്ടേറെ രാജ്യങ്ങള്‍ ചേര്‍ന്നു രൂപംകൊടുത്ത രാജ്യാന്തര ബഹിരാകാശ നിലയം (ഇന്‍റര്‍നാഷണല്‍ സ്‌പേസ് സ്‌റ്റേഷന്‍) ഭൂമിയില്‍നിന്ന് 350 മുതല്‍ 400 വരെ കിലോമീറ്റര്‍ ഉയരത്തിലാണ് ഭ്രമണം ചെയ്യുന്നത്. എക്‌സ്37 ബി 177 മുതല്‍ 800 വരെ കിലോമീറ്റര്‍ ഉയരത്തിലും. ഐഎസ്എസില്‍നിന്നുള്ള വിവരങ്ങളെല്ലാം ലോകത്തിനു ലഭിക്കും. എക്‌സ്37 ബിയിലേക്കുമാത്രം ആരെയും അമേരിക്ക അടുപ്പിക്കില്ല. ഒരു വിവരവും ചോരുകയുമില്ല. ബഹിരാകാശ പര്യവേക്ഷണരംഗത്ത് അമേരിക്കയുടെ മുഖ്യ എതിരാളിയായ ചൈനയ്ക്കുപോലും അറിയില്ല അതിനുള്ളിലെ രഹസ്യം എന്തെന്ന്!

അഭ്യൂഹം മാനംമുട്ടെ

സംഗതി ടോപ്പ് സീക്രട്ടായി തുടരവേ എക്‌സ്37 ബിയെക്കുറിച്ച് ഒട്ടേറെ അഭ്യൂഹങ്ങള്‍ പല കാലങ്ങളിലായി ഉയര്‍ന്നിട്ടുണ്ട്. ലോകമാകമാനം രഹസ്യനിരീക്ഷണം നടത്തുക എന്നത് അമേരിക്കയുടെ ദിനചര്യയാകയാല്‍ ചാരപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നതാണ് ഈ ഡ്രോണ്‍ എന്നാണ് പ്രധാന അഭ്യൂഹം.

രണ്ടാമത്തെ സംശയവും പ്രചാരണവും അല്പം പേടിപ്പെടുത്തുന്നതാണ്. ബഹിരാകാശത്തുനിന്ന് വിക്ഷേപിക്കാവുന്ന ബോംബുകളെക്കുറിച്ചാണ് എക്‌സ്37 ബിയിലെ പരീക്ഷണങ്ങള്‍ എന്നതാണത്. എന്നാല്‍ ശാസ്ത്രലോകം ഈ വാദത്തെ മുഖവിലയ്‌ക്കെടുത്തിട്ടില്ല.

ബഹിരാകാശത്തുള്ള മറ്റു കൃത്രിമ ഉപഗ്രഹങ്ങള്‍ക്കു പണികൊടുക്കലാണ് ഇതിന്‍റെ മുഖ്യ ലക്ഷ്യമെന്നുള്ള വാദവും ശക്തമാണ്. എന്നാല്‍ അവയ്ക്കു നേര്‍ക്കുള്ള എന്തു പണിയും കൃത്യമായി രേഖപ്പെടുത്തുമെന്നിരിക്കേ അതിനുള്ള സാധ്യതയും കുറവാണ്. അതേസമയം വിവിധ രാജ്യങ്ങളുടെ സാറ്റലൈറ്റുകളെ സൂക്ഷ്മമായി നിരീക്ഷിക്കാനുള്ള ഒരു സ്‌പൈ സാറ്റലൈറ്റാണ് എക്‌സ്37 ബി എന്ന അഭ്യൂഹത്തിനാണ് കൂടുതല്‍ പ്രസക്തി. ആ സാറ്റലൈറ്റുകളുടെ അതേ ഭ്രമണപഥത്തിലാണ് അമേരിക്ക ഇതിനെ മേയാന്‍ വിട്ടിരിക്കുന്നതും. എന്തായാലും അമേരിക്കയ്ക്കു വേണ്ടുന്ന ദൗത്യം പൂര്‍ത്തിയാക്കി ആയിരിക്കും എക്‌സ്37 ബി നിലംതൊടുക  എന്നുറപ്പ്.

ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്‍ററിലായിരിക്കും ഇതിന്‍റെ ലാന്‍ഡിംഗ് എന്നാണ് കരുതപ്പെടുന്നത്.

എക്‌സ്37 ബിയുടെ പുറമേക്കുള്ള വിവരങ്ങള്‍ ഇങ്ങനെയാണ്:

നീളം: 29 അടി 3 ഇഞ്ച്
ചിറകളവ്: 14 അടി 11 ഇഞ്ച്
പൊക്കം: 9 അടി 6 ഇഞ്ച്
ഭാരം: 4990 കിലോഗ്രാം
വൈദ്യുതി: സോളാര്‍, ലിഥിയം അയണ്‍ ബാറ്ററി
ഭ്രമണപഥ വേഗം: 28,044 കിലോമീറ്റര്‍/ മണിക്കൂറില്‍
ഭ്രമണ സമയം: 270 ദിവസം

Related posts