സാൻഫ്രാൻസിസ്കോ: അശ്ലീല ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ നിയോഗിക്കപ്പെട്ടിരുന്ന ടീമിലെ ആയിരം ജീവനക്കാരെ എക്സിൽനിന്നു പിരിച്ചുവിട്ടു. ഓസ്ട്രേലിയയുടെ ഇ-സേഫ്റ്റി കമ്മീഷൻ പിരിച്ചുവിടൽ സ്ഥിരീകരിച്ചു. എക്സിൽ അശ്ലീല ഉള്ളടക്കങ്ങൾ വരുന്നത് സംബന്ധിച്ച് ഇ-സേഫ്റ്റി കമ്മീഷൻ അധികൃതർ കമ്പനിക്ക് നേരത്തെ അറിയിപ്പു നൽകിയിരുന്നു.
ഉള്ളടക്കങ്ങൾ കൈകാര്യം ചെയ്യുന്ന ടീമിലെ സോഫ്റ്റ് വെയർ എൻജിനീയർമാർ, കണ്ടന്റ് മോഡറേറ്ററുമാർ എന്നിവരെയാണ് മുഖ്യമായും ഒഴിവാക്കിയത്. 2022 ഒക്ടോബർ മുതലുള്ള കണക്കുകൾ നോക്കിയാൽ കമ്പനിയുടെ ട്രസ്റ്റ് ആൻഡ് സേഫ്റ്റി വിഭാഗത്തിലെ 1,213 ജീവനക്കാരാണ് ഇതിനോടകം പിരിഞ്ഞുപോയത്.
ഇതിൽ 80 ശതമാനം പേരും സോഫ്റ്റ് വെയർ എൻജിനീയർമാരായിരുന്നു. നിലവിലെ സാഹചര്യം തുടർന്നാൽ വരും ദിവസങ്ങളിൽ എക്സിൽ കൂടുതൽ വെട്ടിക്കുറയ്ക്കൽ നടന്നേക്കും.
അതേസമയം, സാമ്പത്തിക ഞെരുക്കത്തെത്തുടർന്ന് 500 പേരെ ആമസേൺ പിരിച്ചുവിട്ടു. ഗെയിം സ്ട്രീമിംഗ് വിഭാഗമായ ട്വിച്ചിലാണു കൂട്ടപ്പിരിച്ചുവിടൽ. കമ്പനിയുടെ എന്റർടെയിൻമെന്റ് വിഭാഗത്തിൽ ഇനിയും ആളുകളെ വെട്ടിക്കുറയ്ക്കുമെന്നും സൂചനയുണ്ട്.