മുളങ്കുന്നത്തുകാവ്: ഗവ. മെഡിക്കൽ കോളജ് നെഞ്ചുരോഗാശുപത്രിയിലെ ഏക എകസറേ യന്ത്രം നിശ്ചലമായിട്ട് ദിവസങ്ങളായിട്ടും ഇതുവരെ ചികിത്സ നടത്താൻ ആരുമില്ല. പാവപ്പെട്ട രോഗികൾ ആശ്രയിക്കുന്ന ഈ എക്സ്റേ യൂണിറ്റ് ശരിയാക്കത്തതിനാൽ നൂറുകണക്കിന് ആളുകളെയാണ് ദുരിതത്തിലാഴ്ത്തിയിരിക്കുന്നത്.
യന്ത്രത്തിന്റെ വോൾട്ടേജ് പ്രശ്നം പരിഹരിക്കാൻ കഴിയത്താത് മൂലം ഇതിന്റെ അറ്റകുറ്റപണികൾ നടത്തേണ്ട പൊതു മരാമത്ത് വകുപ്പ് കൈയൊഴിഞ്ഞിരിക്കയാണ്. വോൾട്ടേജ് പ്രശ്നം പരിഹരിക്കേണ്ടത് ഇലകട്രിസിറ്റി ബോർഡാണെന്നു പറഞ്ഞാണ് ഒഴിഞ്ഞത്. വൈദ്യൂതി ബോർഡിന്റെ ഭാഗത്ത് നിന്നും ആവശ്യമായ നടപടികൾ നടക്കുന്നുമില്ല.
മലപ്പുറം, പാലക്കാട്, ത്യശൂർ എന്നിവിടങ്ങളിൽ നിന്നും കാൻസർ രോഗികളും, ടിബി രോഗികളുമായി നിരവധി പേരാണ് നെഞ്ചുരോഗാശുപത്രിയിൽ ചികിത്സ തേടിയെത്തുന്നത്. ടിബി രോഗികൾ അടക്കമുള്ളവർക്ക് നെഞ്ചിന്റെയും ശരീരത്തിന്റെയും വിവിധ ഭാഗങ്ങളുടെ ഒന്നിൽ കൂടുതൽ എക്സ്റേകൾ ആണ് എടുക്കേണ്ടിവരുന്നത്.
കിടപ്പുരോഗികളായ കാൻസർ രോഗികളും ഒപിയിൽ എത്തുന്ന രോഗികൾക്കും ഇത് ബാധകമാണ്. യന്ത്രം കേട് വന്ന് കിടക്കുന്നതിനാൽ കോളജ് കാന്പസിൽ തന്നെ പ്രവർത്തിക്കുന്ന പുതിയ ആശുപത്രിയിൽ എത്തിവേണം എക്സ്റേ എടുക്കാൻ. ഇതിനായി മണിക്കുറുകളോളം കാത്തിരിക്കേണ്ട ഗതികേടിലാണ്.
സ്വകാര്യ ലാബുകളെ ആശ്രയിച്ചാൽ ഒരു എക്സ്റേയ്ക്ക് 250 രൂപയാണ് ചാർജ് ഈടാക്കുന്നത്. ഒന്നിൽ കൂടുതൽ എടുക്കേണ്ടിവന്നാൽ പാവപെട്ട രോഗികൾക്ക് കൊടുക്കാൻ പണമില്ലാതെ ബുദ്ധിമുട്ടേണ്ട സാഹചര്യമാണ്. പാവപ്പെട്ട രോഗികൾക്ക് സൗജന്യ നിരക്കിലാണ് മെഡിക്കൽ കോളജിൽ് എക്സ്റേ എടുത്തു നൽകുന്നത്. ഇതു പ്രതീക്ഷിച്ചു വരുന്ന രോഗികളാണ് ഭൂരിഭാഗവും.