കൊച്ചി: കുഴഞ്ഞുവീണതിനെ തുടർന്നു സ്വകാര്യബസ് ജീവനക്കാർ വഴിയിൽ ഇറക്കിവിട്ട വയോധികൻ മരിച്ചു. വണ്ണപ്പുറം സ്വദേശി കെ.ഇ. സേവ്യർ (68) ആണു മരിച്ചത്. മൂവാറ്റുപുഴയിലാണു സംഭവം.
കാളിയാർ- മൂവാറ്റുപുഴ റൂട്ടിൽ ഓടുന്ന മദർലാന്റ് എന്ന സ്വകാര്യബസിൽ യാത്ര ചെയ്യവെ സേവ്യർ കുഴഞ്ഞു വീണു. എന്നാൽ ഇദ്ദേഹത്തിനു ചികിത്സ നൽകാൻ ബസ് ജീവനക്കാർ തയാറായില്ല. പകരം അഞ്ചുകിലോമീറ്റർ മാറി ഞാറക്കാട് എന്ന സ്ഥലത്ത് ഇദ്ദേഹത്തെ റോഡിൽ ഇറക്കിവിട്ടു.
ഒരു ഓട്ടോയുടെ അടുത്തു ബസ് നിർത്തി, ബസ് ജീവനക്കാർ സേവ്യറിനെ വലിച്ചിഴച്ചു പുറത്തേക്കു തള്ളുകയായിരുന്നെന്നു നാട്ടുകാർ പറഞ്ഞു. നിങ്ങളിൽ ആരെങ്കിലും കൂടെ വരണമെന്ന് ഓട്ടോ ഡ്രൈവർ ആവശ്യപ്പെട്ടെങ്കിലും ബസ് ജീവനക്കാർ കൂട്ടാക്കിയില്ല.
പിന്നീട് ഓട്ടോഡ്രൈവർ സുഹൃത്തുക്കളെ വിളിച്ചുവരുത്തിയാണ് ഇദ്ദേഹത്തെ അഞ്ചു കിലോമീറ്റർ അകലെയുള്ള ആശുപത്രിയിലെത്തിച്ചത്. വണ്ണപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച സേവ്യർ ഏറെ താമസിയാതെ മരിച്ചു.
ഈ സാധനത്തെ ആശുപത്രിയിൽ എത്തിക്കണമെന്ന് ഓട്ടോ ഡ്രൈവറോട് ആവശ്യപ്പെട്ടശേഷം ബസ് ജീവനക്കാർ മുങ്ങുകയായിരുന്നെന്ന് നാട്ടുകാർ ആരോപിക്കുന്നു.