ചേര്‍ത്തല: വൃക്കരോഗിക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് ലഭിച്ച തുക ബാങ്ക് അക്കൗണ്ടിൽനിന്ന് നഷ്ടപ്പെട്ടെന്ന് പരാതി. അർത്തുങ്കൽ സ്വദേശി സേവ്യർ ജോർജിന്റെ അക്കൗണ്ടിൽ നിന്ന് 1,75,000 രൂപയാണ് നഷ്ടമായത്.
എസ്ബിഐ അര്‍ത്തുങ്കല്‍ ശാഖയില്‍ നിന്നുള്ള അക്കൗണ്ടില്‍ നിന്നാണ് പണം പോയത്. ഇരുവൃക്കകളും തകരാറിലായി മരണത്തെ മുഖാമുഖം കണ്ട സേവ്യറിന്റെ ചികിത്സയ്ക്കുവേണ്ടി നാട്ടുകാര്‍ ഒന്നടങ്കം ഇറങ്ങിയിരുന്നു.
ഇങ്ങനെ സ്വരൂപിച്ച പണം ഉള്‍പ്പെടെ ഉപയോഗിച്ചാണ് കഴിഞ്ഞവര്‍ഷം നവംബറില്‍ സേവ്യറിന്റെ ശസ്ത്രക്രിയ നടത്താന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഈ സമയം മുതലാണ് അക്കൗണ്ടില്‍ നിന്നും തട്ടിപ്പ് തുടങ്ങിയത്. ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിലായിരുന്നു സേവ്യര്‍.
കഴിഞ്ഞമാസം 20ന് സേവ്യറിന്റെ മൊബൈല്‍ ഫോണില്‍ ഒരു ഒരു മെസേജ് വന്നിരുന്നു. ഇതില്‍ സംശയം തോന്നി ബാലന്‍സ് ചെക്ക് ചെയ്തപ്പോഴാണ് തട്ടിപ്പ് അറിയുന്നത്.
പേടിഎം മുഖാന്തരം ട്രാന്‍സ്ഫര്‍ നടന്നതായാണ് സൂചന. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും ചികിത്സയ്ക്കായി ലഭിച്ച തുകയാണ് നഷ്ടമായത്.
ശസ്ത്രക്രിയക്കുശേഷം തുടര്‍ ചികിത്സയ്ക്കായി 3,19,000 രൂപയോളം അക്കൗണ്ടിൽ ഉണ്ടായിരുന്നു. ഇതേ തുടര്‍ന്ന് ബാങ്കിലെത്തി അന്വേഷിച്ചപ്പോഴാണ് പണം നഷ്ടപ്പെട്ടവിവരം അറിയുന്നത്. ചെറിയ തുക മുതല്‍ 5000 രൂപ വരെ പല തവണയായി പോയിട്ടുണ്ട്.
ഇതുസംബന്ധിച്ച് എസ്ബിഐ അര്‍ത്തുങ്കല്‍ ബാങ്ക് അധികൃതരും അന്വേഷണം ആരംഭിച്ചു. കിഡ്നി മാറ്റിവെച്ചതുകൊണ്ട് വീട്ടില്‍ നിന്നും പുറത്തിറങ്ങാതെ ഇരിക്കുകയായിരുന്നു.
താന്‍ ഓണ്‍ലൈന്‍ ചെയ്യാറില്ലെന്നും പേടിഎമ്മുമായി യാതൊരു ബന്ധവും ഉണ്ടായിരുന്നില്ലെന്നും സേവ്യര്‍ പറഞ്ഞു.
ശസ്ത്രക്രിയക്കുശേഷം ഇപ്പോള്‍ ഒരു മാസം 16,000 രൂപ മരുന്നിനുതന്നെ വേണം. ബ്ലഡ് ടെസ്റ്റും മറ്റ് ടെസ്റ്റുകളും യാത്രാച്ചെലവും വേറെ വേണം.
തുടര്‍ചികിത്സയ്ക്ക് എന്തുചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ് സേവ്യര്‍. അർത്തുങ്കൽ പോലിസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.