ഈ രൂപം ആദ്യമായി കാണുന്ന ഏതൊരാളും ഒന്നു പേടിക്കും. മാത്രമല്ല കാണുന്ന ആരുടേയും മനസിലേക്ക് ആദ്യം ഓടിയെത്തുന്നത് ഹോളിവുഡ് സിനിമകളിലെ അന്യഗ്രഹജീവികളുടെ രൂപങ്ങളായിരിക്കും.
സംശയം വേണ്ട…ഇവന് അന്യഗ്രഹജീവിയൊന്നുമല്ല.
സ്വിറ്റ്സര്‍ലാൻഡിലെ ഒരു പാവം പൂച്ചയാണ്. പേര് ഷെര്ദാന്. നമ്മുടെ വീട്ടിലും നാട്ടിലുമൊക്കെ ധാരാളം പൂച്ചകളെ ദിവസവും കാണാറുണ്ട്. ദേഹം മുഴുവന്‍ രോമങ്ങളുമായി വ്യത്യസ്ത നിറത്തിലും ഭാവത്തിലുമുള്ള പൂച്ചകള്‍.
എന്നാല്‍ അവരെപോലെയല്ല ഈ വിരുതല്‍. തുറിച്ചു നോട്ടവും വലിയ ചെവിയും രോമമില്ലാത്ത ചുളുങ്ങിയ ശരീരവുമാണ് ഇവന്റെ മെയിന്‍. അതുകൊണ്ടു തന്നെ ലോകത്തിലെ ഏറ്റവും ഭയം ജനിപ്പിക്കുന്ന പൂച്ച എന്ന വിശേഷണവും കക്ഷി ഇങ്ങ് അടിച്ചെടുത്തു.
ഷെന്ദാന് ഇന്ന് സമൂഹമാധ്യമങ്ങളില്‍ ഒരു സ്റ്റാര്കൂടിയാണ് . വെറും സ്റ്റാര്‍ അല്ല സ്വന്തമായി ഇന്‍സ്റ്റഗ്രാം അക്കൗണ്ടും അതില്‍ 23,700 ഫോളോവേഴ്സുമുള്ള ‘സൂപ്പർസ്റ്റാര്‍’.
ആരാണ് ഷെര്ദാന്?
സ്പിന്‍ക്സ് വര്‍ഗത്തില്‍പ്പെടുന്നതാണ് ഈ പൂച്ച. സ്വിറ്റ്സര്‍ലാന്‍ഡിലും മറ്റും സാധാരണമായി കാണപ്പെടുന്നവയാണ് ഇവ. വലിപ്പമുള്ള ചെവികളും വലിയ കണ്ണുകളുമാണ് ഇവയ്ക്ക്. മാത്രമല്ല ഇവയുടെ ദേഹത്ത് രോമം ഉണ്ടാകില്ല. ഇളം റോസ് നിറത്തിലുള്ള ചര്മാവര്ണമായിരിക്കും ഇവയ്ക്ക് .
ദൂരെ നിന്ന് നോക്കുമ്പോള്‍ ചിലപ്പോള്‍ ഒരു പന്നികുട്ടിയാണോ എന്നും തോന്നിപോകും. പക്ഷേ സാധാരണ സ്പിന്‍ക്സ് പൂച്ചകളില്‍ നിന്ന് ഷെര്‍ദാനെ വ്യത്യസ്തനാക്കുന്നത് ഈ ഇനത്തില്‍പ്പെടുന്ന പൂച്ചകളേക്കാള്‍ കൂടുതല്‍ ശരീരചുളിവുകള് ഷെര്ദാന് ഉണ്ടെന്നുള്ളതാണ്. മാത്രമല്ല, ആ നോട്ടം…. അത് ആരെയും ഭയപ്പെടുത്തും.
സ്വിറ്റ്സര്ലാന്ഡുകാരിയായ സാന്ദ്ര ഫിലിപ്പിയുടെ വളര്‍ത്തുപൂച്ചയാണ് ഷെര്ദാന് . ഷെര്‍ദാന്റെ വീഡിയോ സാന്ദ്ര കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതോടെയാണ് ഇവന് സോഷ്യല്‍ മീഡിയ താരമായത്. ട്വിറ്ററിലെ ആ വൈറൽ വീഡിയോ കണ്ട പലരുടേയും സംശയം തലഭാഗത്തെ ചുളിവുകള്‍ അവന്റെ തലച്ചോര്‍ ആണോ? എന്നതായിരുന്നു.
ഷെര്‍ദാനെ കണ്ടുമുട്ടിയത്
ഒരു യാത്രയ്ക്കിടെയാണ് സാന്ദ്ര കുഞ്ഞു ഷെര്‍ദാനെ ആദ്യം കാണുന്നത്. ആദ്യ കാഴ്ചയില്‍ത്തന്നെ അവനെ സാന്ദ്രയ്ക്കങ്ങ് ഇഷ്ടമായി. പിന്നൊന്നും നോക്കിയില്ല, അവനെയങ്ങ് എടുത്തുവളര്‍ത്താന്‍ തീരുമാനിച്ചു.
സ്പിന്‍ക്സ് വിഭാഗത്തില്‍പ്പെട്ട പൂച്ചയാണ് എന്നറിഞ്ഞു തന്നെയാണ് എടുത്തു വളര്‍ത്താന്‍ തീരുമാനിച്ചത്. വളരുന്തോറും ഷെര്‍ദാനെ കാണുമ്പോള്‍ ആളുകള്‍ക്ക് ഭയം കൂടി വന്നു.
അതിനു കാരണം വളരുന്തോറും ഷെര്‍ദാന്റെ തീഷ്ണ ഭാവവും തൊലിപ്പുറത്തെ ചുളിവുകളും വര്‍ധിച്ചു വരുന്നു എന്നത് തന്നെയായിരുന്നു.
ആള് പ്രശ്നക്കാരനോ?
ക്രമേണ വീട്ടില്‍ വരുന്ന ആളുകള്‍ക്ക് ഷെര്‍ദാനെ കാണുമ്പോള്‍ തന്നെ പേടിയാകാന്‍ തുടങ്ങി. എന്നാല്‍ ആദ്യമായി കാണുമ്പോള്‍ തോന്നുന്ന ഭയം അവനെ പരിചയപ്പെട്ടു കഴിഞ്ഞാല്‍ മാറും എന്നാണ് സാന്ദ്ര പറയുന്നത്. തന്നെ വളര്‍ത്തുന്ന വീട്ടുകാരുടെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരനാണ് ഷെര്ദാന്.
കുട്ടികളുമായി കളിക്കുന്ന, കൊഞ്ചലുംഇത്തിരി കുറമ്പും വാശിയുമുള്ള ഒരു പാവം പൂച്ച. കാണാന്‍ ‘ഭീകരലുക്ക്’ ആണെങ്കിലും ആളുകളോട് പെട്ടന്ന് ഇണങ്ങുന്ന പ്രകൃതക്കാരനാണ് ഇവന്. തയാറാക്കിയത്:
കെ.എം. വൈശാഖ്