ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ തലച്ചോറില്‍ ഗുരുതര രോഗം ബാധിച്ചതായി റിപ്പോര്‍ട്ട്.
തലച്ചോറിലേക്കുള്ള രക്തക്കുഴലുകള്‍ ദുര്‍ബലമാകുകയും ചുരുങ്ങുകയും ചെയ്യുന്ന സെറിബ്രല്‍ അന്യൂറിസം എന്ന ഗുരുതര രോഗം ബാധിച്ച് 2021 അവസാനം മുതല്‍ അദ്ദേഹം ചികിത്സയിലാണെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ശസ്ത്രക്രിയയ്ക്ക് പകരം പരമ്പരാഗത ചൈനീസ് മരുന്നുകളെയാണ് അദ്ദേഹം ആശ്രയിക്കുന്നതെന്നും ഷി തീര്‍ത്തും അവശനനാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ജിന്‍പിങ്ങിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും റിപ്പോര്‍ട്ടിലുണ്ട്.
കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതിനു ശേഷം ലോകനേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ നിന്ന് ഷി ചിന്‍പിങ് ബോധപൂര്‍വം വിട്ടുനിന്നിരുന്നു.
ഇതിനു പിന്നാലെ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മോശമാണെന്ന് പാശ്ചാത്യ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു.
ബെയ്ജിംഗില്‍ നടന്ന ശൈത്യകാല ഒളിംപിക്സ് ആണ് അടുത്തകാലത്ത് അദ്ദേഹം പങ്കെടുത്ത പൊതുപരിപാടി.
2020 ഒക്ടോബറില്‍ ഷെന്‍ഷെനില്‍ നടന്ന ചടങ്ങിനിടെ വളരെ ക്ഷീണിതനായി കാണപ്പെട്ടതോടെയാണ് അദ്ദേഹത്തിന്റെ ആരോഗ്യം സംബന്ധിച്ച് ഊഹാപോഹങ്ങള്‍ വന്‍തോതില്‍ പ്രചരിക്കാന്‍ തുടങ്ങിയത്.
പ്രസംഗത്തിനിടെ നന്നായി ചുമയ്ക്കുകയും ശബ്ദത്തിന് വിറയല്‍ ഉണ്ടാകുകയും ചെയ്തതോടെ രാജ്യാന്തര തലത്തില്‍ ഷിയുടെ ആരോഗ്യം ചര്‍ച്ചയായി.
2019 ല്‍ ഇറ്റലിയിലെ പര്യടനത്തിനും അദ്ദേഹം വളരെ ബുദ്ധിമുട്ടിയിരുന്നു. ഇരിക്കാനും നടക്കാനുമെല്ലാം പരസഹായം തേടേണ്ടി വന്നതോടെ നിരവധി വാര്‍ത്തകള്‍ പ്രചരിച്ചു.
ശീതകാല ഒളിംപിക്സില്‍ ലോകനേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയതോടെയാണ് ഊഹാപോഹങ്ങള്‍ക്ക് താല്‍ക്കാലികമായി വിരാമമായത്.
2019ല്‍ ഫ്രാന്‍സ് സന്ദര്‍ശിച്ചപ്പോഴും അദ്ദേഹത്തിന്റെ മോശം ആരോഗ്യത്തെ കുറിച്ച് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
അനാരോഗ്യത്തെത്തുടര്‍ന്ന് ഷി പ്രസിഡന്റ് പദവി ഒഴിഞ്ഞാല്‍ പിന്നെയാര് എന്ന ചര്‍ച്ചയും ഇതിനോടകം തുടങ്ങിയിട്ടുണ്ട്.