ചൈനീസ് യുവജനതയില്‍ മാര്‍ക്‌സിസ്റ്റ് വിശ്വാസം ഊട്ടിയുറപ്പിക്കാന്‍ പുതിയ തന്ത്രവുമായി ചൈന. ഇതിന്റെ ഭാഗമായി ‘ഷി ചിന്‍പിങ് ചിന്തകള്‍’ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തും.
ചൈനീസ് വിദ്യാഭ്യാസ വകുപ്പ് ചൊവ്വാഴ്ച പുറത്തിറക്കിയ പുതിയ മാര്‍ഗനിര്‍ദേശങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പ്രസിഡന്റ് ഷി ചിന്‍പിങ്ങിന്റെ ‘ഒരു പുതിയ യുഗത്തിനു വേണ്ടി ചൈനീസ് സ്വഭാവത്തിലുള്ള സോഷ്യലിസം’ എന്ന പേരില്‍ അറിയപ്പെടുന്ന വിഷയങ്ങള്‍ പ്രൈമറി തലം മുതല്‍ യൂണിവേഴ്സിറ്റി തലം വരെ പഠിപ്പിക്കാനാണ് തീരുമാനം.
ഷിയുടെ ലേഖനങ്ങളില്‍നിന്നും പ്രസംഗങ്ങളില്‍നിന്നും ഉരുത്തിരിഞ്ഞ നയങ്ങളും ആശയങ്ങളുമാണിത്. ‘ഷീ ചിന്‍പിങ് ചിന്ത’ എന്നാണ് ഇതു ചുരുക്കപ്പേരില്‍ അറിയപ്പെടുന്നത്.
2017ല്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 19-ാം നാഷനല്‍ കോണ്‍ഗ്രസിലാണ് ഇതു സംബന്ധിച്ച് ആദ്യ പരാമര്‍ശം ഉണ്ടായത്. 2018ല്‍ ഭരണഘടനയുടെ ആമുഖം ദേഭഗതി ചെയ്ത് ഇത് ഉള്‍പ്പെടുത്തി.
കമ്യൂണിസ്റ്റ് പാര്‍ട്ടിയെ പിന്തുണയ്ക്കാനും ദേശസ്നേഹം വളര്‍ത്താനും വേണ്ടിയാണ് ഈ നീക്കമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശങ്ങളില്‍ പറയുന്നു.
പുതുയുഗത്തിലേക്കു ചൈനയെ നയിക്കാന്‍ ഉതകുന്ന സോഷ്യലിസ്റ്റ് ചിന്തകളാണു സിദ്ധാന്തത്തിന് അടിസ്ഥാനം. ഷി ചിന്തയെക്കുറിച്ചു പഠിക്കാന്‍ 20 സര്‍വകലാശാലകള്‍ ഇതിനകം ഗവേഷണ കേന്ദ്രങ്ങള്‍ സ്ഥാപിച്ചുകഴിഞ്ഞു.
വിദ്യാര്‍ഥികള്‍ക്കു ചൈനയെ കുറിച്ചും സ്വന്തം ജീവിതത്തെക്കുറിച്ചും ആത്മവിശ്വാസം കൂട്ടുന്നതാണു സിദ്ധാന്തമെന്നാണു ഗവേഷകരുടെ പ്രതീക്ഷ.
2012ല്‍ അധികാരത്തിലെത്തിയതു മുതല്‍ രാജ്യത്തെ വ്യവസായം, വിദ്യാഭ്യാസം, സാംസ്‌കാരികം എന്നീ മേഖലകളില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്വാധീനം ശക്തിപ്പെടുത്താനുള്ള നടപടികളാണ് പ്രസിഡന്റ് സ്വീകരിച്ചു വരുന്നത്.