കോട്ടയം: ക്രിസ്മസ് എത്തിയതോടെ നഗരങ്ങളില്‍ ആഘോഷ വിപണി സജീവമായി. മറുനാട്ടില്‍നിന്നു വരെയാണ് വില്‍പ്പനക്കാര്‍ കടന്നുവരുന്നത്. കരോളിന് ആസ്വാദ്യത പകരാന്‍ ഡ്രമ്മുകളുമായി ബിഹാറികളും മുംബൈക്കാരും കൊട്ടുമായി നീങ്ങുന്നു. പുല്ക്കൂടു മേഞ്ഞുവില്ക്കാന് തമിഴരുടെ സംഘം പലയിടങ്ങളില്‍ തമ്പടിച്ചിരിക്കുന്നു.
കച്ചിയും ഈറ്റയും കമ്പും കമ്പിയും കോര്‍ത്തുകെട്ടിയ പുല്‍ക്കൂടുകള്‍ക്ക് ആവശ്യക്കാരേറെയുണ്ട്. കൂടാതെ ചൂരല്ക്കടകളില് ഈടും അഴകുമുള്ള ചൂരല്പ്പുല്ക്കൂടുകളുടെ വില്‍പ്പനയും തകൃതി. രൂപത്തിലും ഭാവത്തിലും നിറത്തിലും അഴകു വിരിയിക്കുന്ന അനേകം നക്ഷത്രങ്ങള്‍ വര്ണജാലമൊരുക്കുന്നു.
എല്‍ഇഡി സ്റ്റാറുകള്‍ക്കാണ് ന്യൂ ജനറേഷനില്‍ ഡിമാന്‍ഡ്. ക്രിസ്മസ് ട്രീകളില്‍ അഴകുവിരിയിക്കാനുള്ള അലങ്കാര സാമഗ്രികളുടെ വില്‍പ്പനക്കാര്‍ പാതയോരങ്ങളില്‍ ഏറെപ്പേരാണ്.
മധുരതരമാക്കാന്‍ കേക്ക് വിപണി
കോട്ടയം: ക്രിസ്മസും പുതുവത്സരവും മധുരതരമാക്കാന്‍ കേക്ക് വിപണി സജീവം. പ്ലം കേക്ക്, പ്രീമിയം കേക്ക്, മാര്‍ബിള്‍ കേക്ക്, ചോക്ലേറ്റ്, പൈനാപ്പിള്‍, കാരറ്റ്, ബട്ടര്‍ സ്കോച്ച് തുടങ്ങിയവയ്ക്കു പുറമെ വിവിധ ഫ്ലേവറുകളില്‍ കേക്കുകള്‍ വിപണിയിലെത്തിയിട്ടുണ്ട്. 300 മുതല്‍ 4,000 രൂപ വരെ വിലയുള്ള കേക്കുകള്‍ വിപണിയില്‍ ലഭ്യമാണ്.
പ്ലം കേക്കുകളുടെ മാത്രം നാല്പതോളം വെറൈറ്റികളുണ്ട്. ഇവയ്ക്ക് 400 മുതല്‍ 1,400 വരെയാണ് കിലോയ്ക്ക് വില. 800ഗ്രാം കേക്കിനാണ് 400 രൂപ. വില കൂടിയ വൈന്‍ ഉപയോഗിച്ചു തയാറാക്കുന്ന 3,000 രൂപ വരെ വിലയുള്ള പ്രീമിയം പ്ലം കേക്കുകളുമുണ്ട്. കാരറ്റ് കേക്ക്, റിച്ച് പ്ലം കേക്ക്, ചീസ് കേക്ക്, ഓറഞ്ച് ചീസ്, ഡ്രൈ ഫ്രൂട്ട്, ക്രിസ്മസ് സര്‍പ്രൈസ്, മാര്‍ബിള്‍ കേക്ക്, പൈനാപ്പിള്‍ കേക്ക്, ടീ കേക്ക്, ചോക്ലേറ്റ് കേക്ക് തുടങ്ങി വിവിധ നിറങ്ങളിലും വലുപ്പത്തിലും രുചികളിലുമുള്ള കേക്കുകള്‍ക്കും ആവശ്യക്കാരേറെയാണ്. കോട്ടയത്തെ ചില ബേക്കറികളില്‍ കേക്ക് വൈനും കുക്കീസും, ചോക്ലേറ്റും അടങ്ങുന്ന ക്രിസ്മസ് കിറ്റും വിപണിയിലുണ്ട്. കോമ്പോ ഓഫറായി 860 രൂപ മുതലാണ് വില.