കോട്ടയം: ക്രിസ്മസ് അടുത്തെത്തിയാൽ മനോഹരമായ നക്ഷത്രവിളക്കുകൾ തങ്ങളുടെ വീടിന്റെ മുന്പിൽ സ്ഥാപിക്കുക എന്നതാണ് ഏവരുടെയും ആഗ്രഹം. പണ്ടുകാലത്ത് ഈറ്റ വെട്ടി നക്ഷത്ര ആകൃതിയിൽ കെട്ടിയെടുത്തു അതിൽ ചുവപ്പും നീലയും പച്ചയും നിറമുള്ള വർണക്കടലാസുകൾ ഒട്ടിച്ചു കയറിൽ തൂക്കി വീടിനു സമീപത്തെ വലിയ മരത്തിന്റെ ഏറ്റവും ഉയരത്തിൽ സ്ഥാപിക്കുമായിരുന്നു.
എന്നാൽ ഇന്നു കാലം മാറി. ഈറ്റയും വർണക്കടലാസുമെല്ലാം ഔട്ടായി. പിന്നാലെയെത്തിയ പേപ്പർ നക്ഷത്രങ്ങളും ഇപ്പോൾ ഔട്ട് ഓഫ് ഫാഷനായി. ഓട്ടോമാറ്റിക് ലൈറ്റുകളുടെ വർണഭംഗിയിലും എൽഇഡി ബൾബുകളുടെ മാസ്മരികതയിലും മിന്നിത്തെളിയുന്ന നക്ഷത്രങ്ങളാണ് 2019ലെ തരംഗം. പതിവുപോലെ ഇത്തവണയും പുതിയതായി ഇറങ്ങിയ സിനിമയുടെ പേരിലാണ് എൽഇഡി നക്ഷത്രങ്ങളും വിപണിയിലെത്തിയിരിക്കുന്നത്.
മാമാങ്കം, ബിഗിൽ, അന്പിളി തുടങ്ങിയ പേരുകളിലുള്ള നക്ഷത്രങ്ങൾക്കാണ് ഡിമാന്‍ഡ്. പുലിമുരുകൻ, ഓം ശാന്തി ഓശാന എന്നീ പേരുകളിൽ മുൻ വർഷങ്ങളിലെ നക്ഷത്രങ്ങളും ഇത്തവണ വിപണിയിലുണ്ട്. റിമോട്ടിൽ പ്രവർത്തിക്കുന്ന എൽഇഡി നക്ഷത്രങ്ങളാണ് ഇത്തവണത്തെ പുതുമ.
റിമോട്ട് പ്രവർത്തിപ്പിച്ച് നക്ഷത്രത്തിന്റെ കളറുകൾ മാറ്റാൻ സാധിക്കും. 1000 രൂപ മുതലാണ് വില. ചെയ്സറോടു കൂടിയ എൽഇഡി നക്ഷത്രങ്ങൾക്കും ആവശ്യക്കാരേറെയാണ്. 900 രൂപമുതലാണ് വില. വിവിധ ലെയറുകളിൽ മിന്നിത്തെളിയുന്നു എന്നതാണ് ചെയ്സർ എൽഇഡിയുടെ പ്രത്യേകത.
നക്ഷത്രങ്ങൾക്കൊപ്പം അലങ്കാരങ്ങളുടെയും ഓട്ടോമാറ്റിക് ബൾബുകളുടെയും കച്ചവടം വിപണിയിൽ ആരംഭിച്ചു കഴിഞ്ഞു. മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഇത്തവണ എൽഇഡി നക്ഷത്രങ്ങൾക്ക് ആവശ്യക്കാരേറെയാണെന്നും നല്ല രീതിയിലുള്ള കച്ചവടം നടക്കുന്നതായും വ്യാപാരികൾ പറഞ്ഞു.