ക്രിസ്മസിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ മിന്നിത്തിളങ്ങി ക്രിസ്മസ് വിപണികൾ. പുല്‍ക്കൂടും സാന്താക്ലോസും എല്‍ഇഡി ബള്‍ബുകളുടെ വര്ണവിസ്മയുമായി നാടെങ്ങുമുള്ള ചെറുതും വലുതുമായ കടകളിലെല്ലാം ക്രിസ്മസ് സന്ദേശമോതി നക്ഷത്രങ്ങള്‍ മിന്നിത്തിളങ്ങുകയാണ്. പേപ്പർ നക്ഷത്രങ്ങള്‍, എല്‍ഇഡി സ്റ്റാര്‍, ഗ്ലെയിസിംഗ് സ്റ്റാര്‍, പുല്‍ക്കൂട്, ട്രീ, ബലൂണുകള്‍, എല്‍ഇഡി മാലകള്‍, രൂപങ്ങള്‍ എന്നിങ്ങനെ വേണ്ടതെല്ലാമൊരുക്കിയാണ് ക്രിസ്മസ് വിപണി സജീവമായിരിക്കുന്നത്.
പൈന്മരത്തിന്റെ ഇലയുടെ ആകൃതിയിലുള്ള ട്രീ സ്റ്റാറുകളാണ് ഇത്തവ വിപണി കൈയടക്കിയിരിക്കുന്നത്. പുല്‍ക്കൂടിന്റെ രൂപം നടുവില്‍ കൊത്തിയ സ്റ്റാറുകളും വിപണിയില്‍ ഇടം പിടിച്ചിട്ടുണ്ട്. കുട്ടികളെ ആകര്‍ഷിക്കാന്‍ വൈവിധ്യമുള്ള ഡെക്കറേഷന് ഉത്പന്നങ്ങളും വിവിധ ഡിസൈനോടുകൂടിയുള്ള ക്രിസ്മസ് തൊപ്പികള്‍, നക്ഷത്ര കണ്ണടകള്‍ എന്നിവയും വിപണിയിലുണ്ട്.
എല്‍ഇഡി സ്റ്റാറിന് 100 രൂപ മുതൽ 2,000 വരെയും ക്രിസ്മസ് ട്രീക്ക് 110 മുതൽ 10,000 വരെയും പുൽക്കൂടിന് 250 മുതൽ 2,000 വരെയുമാണ് വില. നക്ഷത്രങ്ങൾക്ക് 100 മുതൽ 400 വരെയും അലങ്കാര വസ്തുക്കൾക്ക് 50 മുതൽ 500 വരെയുമാണ് വില.
പണ്ടത്തേപോലെ പുല്ക്കൂടുകള് സ്വന്തമായി നിര്‍മിക്കുന്നവര്‍ കുറവായതോടെ റെഡിമെയ്ഡായി വാങ്ങി ഉപയോഗിക്കുന്നവരാണ് ഏറെയും. അതിനായി ചൂരലും തടികൊണ്ടുമുള്ള റെഡിമെയ്ഡ് പുല്‍ക്കൂടുകളും ക്രിസ്മസ് വിപണിയില്‍ സജീവമാണ്. ചൂരല്‍ കൊണ്ട് നിര്‍മിക്കുന്ന പുല്‍ക്കൂടുകള്‍ക്കാണ് ആവശ്യക്കാരേറെ.