പാലക്കാട്: സ്കൂളിൽ ക്രിസ്മസ് ആഘോഷം നടത്തിയതിന് അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ വിശ്വഹിന്ദു പരിഷത് പ്രവ൪ത്തക൪ റിമാന്റിൽ. വിശ്വഹിന്ദു പരിഷത്ത് ജില്ലാ സെക്രട്ടറി കെ. അനിൽകുമാ൪, ജില്ലാ സംയോജക് വി. സുശാസനൻ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ. വേലായുധൻ എന്നിവരെയാണ് ചിറ്റൂ൪ പോലീസ് അറസ്റ്റ് ചെയ്തത്.
പാലക്കാട് നല്ലേപ്പുള്ളി ഗവ യുപി സ്കൂളിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം. ക്രിസ്തുമസ് ആഘോഷത്തിന് വേഷം അണിഞ്ഞ് കരോൾ നടത്തുമ്പോഴാണ് പ്രവർത്തകർ എത്തിയത്. തുട൪ന്ന് വിദ്യാ൪ഥികൾക്ക് മുന്നിൽ വച്ച് അധ്യാപകരെ അസഭ്യം പറയുകയും ചെയ്തു.
ക്രിസ്മസ് അല്ല ശ്രീകൃഷ്ണജയന്തിയാണ് ആഘോഷിക്കേണ്ടതെന്നും പ്രവർത്തകർ അധ്യാപകരോട് പറഞ്ഞു. സ്കൂൾ അധികൃത൪ പോലീസിൽ പരാതിപ്പെട്ടു. തുടർന്ന നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.