ചില കാഴ്ചകൾ അങ്ങനെയാണ്.. നമുക്കൊരിക്കലും അത് മറക്കാൻ കഴിയില്ല. “മനുഷ്യർ നട്ടുവളർത്തിയ’ ഒരു വലിയ ക്രിസ്മസ് ട്രീ ഒരിക്കൽ കണ്ടാൽ പിന്നെ ഒരിക്കലും മറക്കില്ല. അമേരിക്കയിലാണ് മനുഷ്യർക്ക് വേണ്ടി മനുഷ്യരെക്കൊണ്ട് മനുഷ്യരാൽ നിർമിക്കപ്പെട്ട ഈ ക്രിസ്മസ് ട്രീ ഉള്ളത്.
കഴിഞ്ഞ 40 വർഷമായി ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് പേർക്ക് കണ്ണിന് വിരുന്നൊരുക്കിയിട്ടുണ്ട് സിംഗിംഗ് ക്രിസ്മസ് ട്രീ എന്നറിയപ്പെടുന്ന ഈ ദൃശ്യ വിസ്മയം. അമേരിക്കയിലെ മോണ ഷോര്‍സ് ഹൈസ്കൂള്‍ ക്വയര്‍ ഗ്രൂപ്പാണ് ലോകത്തെ അപൂർവങ്ങളിൽ അപൂർവമായ ഈ ക്രിസ്മസ് ട്രീ ഒരുക്കുന്നത്.
ഗ്രൂപ്പുകളൊരുക്കുന്ന ‘പാട്ട് പാടുന്ന’ ക്രിസ്മസ് ട്രീ. ഈ ക്രിസ്മസ് ട്രീ ഒരുക്കുന്നത് ഒരു ദൃശ്യ വിസ്മയം മാത്രമല്ല, മോണ ഷോര്‍സ് സമൂഹത്തിന്റെ കഴിവും സര്‍ഗാത്മകതയും കാട്ടിത്തരുന്ന സംഗീത വിസ്മയം കൂടിയാണ്. ക്രിസ്മസ് കാലമാകുമ്പോഴാണ് ഈ പാട്ടുപാടുന്ന ക്രിസ്മസ് ട്രീ സജീവമാകുന്നത്. ക്രിസ്മസ് ട്രീ എന്നുപറയുമ്പോള്‍ ഒരു വലിയ മരത്തില്‍ അലങ്കാര ബള്‍ബുകളും തൊങ്ങലുകളും ഒക്കെ പിടിപ്പിച്ച ഒന്നാണെന്ന് കരുതിയെങ്കില്‍ തെറ്റി.
പ്ലാസ്റ്റിക്കും ഇരുമ്പും ഫൈബറും കടലാസും ഒക്കെ വച്ച് ഉണ്ടാക്കുന്ന ഒരു സാധാരണ ക്രിസ്മസ് ട്രീ അല്ല ഇവർ ഒരുക്കുന്ന ക്രിസ്മസ് ട്രീ. ഈ ക്രിസ്മസ് ട്രീയിൽ അലങ്കാരങ്ങൾക്കൊപ്പം മനുഷ്യരും ഒത്തുചേരുന്നു. 67 അടി ഉയരമുള്ള ഈ ട്രീ 15 തട്ടുകളായാണ് ക്രമീകരിച്ചിട്ടുള്ളത്. ഈ 15 വരികളില്‍ ഇരുന്നൂറോളം കൃത്യമായി പറഞ്ഞാൽ 180 കലാകാരന്മാരും അണിനിരക്കും.
ഇങ്ങനെ നില്ക്കുന്ന 180 പാട്ടുകാര്‍ ചേർന്നൊരുക്കുന്ന ഒരു കലാസൃഷ്ടിയാണ് സിംഗിംഗ് ക്രിസ്മസ് ട്രീ. ഒറ്റനോട്ടത്തിൽ ഒരു ഭീമൻ ക്രിസ്മസ് ട്രീയാണെന്നു തോന്നുമെങ്കിലും ശരിക്കും ഇതൊരു ആൾ മരമാണ്. സംഗീതം പൊഴിക്കുന്ന ആൾ മരം. തട്ടുകളിൽ ഗായകർ അണിനിരക്കുമ്പോൾ തന്നെ ഓരോ തട്ടും അലങ്കരിച്ചിട്ടുണ്ടാകും. അലങ്കാരങ്ങൾ കുറച്ചൊന്നുമല്ല ഉണ്ടാവുക. സിംഗിംഗ് ക്രിസ്മസ് ട്രീയിൽ 25,000 എൽ ഇ ഡി ലൈറ്റുകള്‍, എണ്ണമറ്റ അലങ്കാരങ്ങളും നക്ഷത്രങ്ങളും.. നിരവധി സമ്മാനപ്പൊതികൾ.
67 അടി ഉയരമുളള ഇതിന്റെ സ്റ്റീല്‍ ഫ്രെയിമിന് മിന്നുന്ന ഡിസ്പ്ലേയാണ് ഉളളത്. മികച്ച ഉറപ്പുള്ള ഉരുക്കിന്റെ ഫ്രെയിം ആണ് ഇത്രയേറെ ആളുകളെയും അലങ്കാരങ്ങളെയും താങ്ങിനിർത്തുന്നത്. ഉയരങ്ങളിൽനിന്നും താഴേക്ക് ഒഴുകിയിറങ്ങുന്ന സംഗീത ധാര.. അതിനൊപ്പം വെളിച്ചത്തിന്റെ മഹാവിസ്മയങ്ങൾ… കാണേണ്ട കാഴ്ച തന്നെയാണ് സിംഗിംഗ് ക്രിസ്മസ് ട്രീ. കേൾക്കേണ്ട ഏറ്റവും ശ്രവ്യ സുന്ദരമായ സംഗീതമാണ് അതിൽ നിന്നുണ്ടാകുന്നത്. ക്രിസ്മസ് ഗാനങ്ങളും ഹിറ്റ് ഗാനങ്ങളും എല്ലാം ഈ സംഗീത മരത്തിൽനിന്ന് ഉതിർന്നു വീഴും. ഗായകർക്ക് ഇരിക്കാൻ പ്രത്യേകം സ്ഥാനങ്ങൾ നൽകിയിട്ടുണ്ട്.
ട്രീയുടെ ഏറ്റവും മുകളിൽ അറ്റത്ത് ക്രിസ്മസ് നക്ഷത്രത്തിനടുത്ത് ‘വൃക്ഷ മാലാഖ ആയിരിക്കും ഇരിക്കുക. അതിന് താഴെ മുതിർന്ന ആളുകളും ഏറ്റവും ഒടുവില്‍ ജൂണിയറായുള്ള കുട്ടികളും ക്രമമനുസരിച്ച് ഇരിക്കും. ഓരോ വർഷവും വൃക്ഷ മാലാഖയെ തെരഞ്ഞെടുത്ത് ആ സ്ഥാനത്ത് ഇരുത്തും. മോണ ഷോര്‍സ് ഹൈസ്കൂള്‍ ക്വയര്‍ ഗ്രൂപ്പിൽനിന്നുതന്നെയാണ് വൃക്ഷമാലാഖയെ തെരഞ്ഞെടുക്കുക. ലോകം മുഴുവൻ ശ്രദ്ധിക്കുന്ന ഇത്രയും ഭീമാകാരമായ ഒരു ക്രിസ്മസ് ട്രീയുടെ ഏറ്റവും തുഞ്ചത്തിരിക്കുവാൻ ലഭിക്കുന്ന ഭാഗ്യത്തിനായി ക്വയര്‍ ഗ്രൂപ്പിലെ എല്ലാവരും അവസരം കാത്തിരിക്കും.
വർഷങ്ങൾക്കു മുൻപ് ഈ ക്വയര്‍ ഗായക സംഘത്തിന്റെ വക്താവ് ഡേവ് ആന്‍ഡേഴ്സനും ഈ കലാസൃഷ്ടിയുടെ ആശയവും ആവിഷ്കാരവും നൽകിയ ഗൈ ഫ്രിസല്ലറും കൂടിയാണ് സിംഗിംഗ് ക്രിസ്മസ് ട്രീ എന്ന അത്ഭുതം യാഥാർഥ്യമാക്കിയത്. 1985 ല്‍ നോര്‍ട്ടണ്‍ ഷോര്‍ട്ട്സിലെ സെന്റ് ഫ്രാന്‍സിസ് ഡി സെയില്‍സ് പള്ളിയിലാണ് ആദ്യമായി സിംഗിംഗ് ക്രിസ്മസ് ട്രീ കാഴ്ചക്കാർക്ക് മുന്നിൽ അവതരിപ്പിച്ചത്. അത്ഭുതംകൊണ്ട് ഏവരും ഒന്നും പറയാനില്ലാതെ കണ്ണഞ്ചിച്ച് പോയ നിമിഷങ്ങളായിരുന്നു അത്.
ആദ്യമായി അവതരിപ്പിക്കപ്പെടുമ്പോൾ തികച്ചും ഒരു പ്രാദേശികമായ കലാരൂപം അല്ലെങ്കിൽ കലാവതരണം എന്ന നിലയിലായിരുന്നു സിംഗിംഗ് ക്രിസ്മസ് ട്രീയെങ്കിൽ ഇന്നത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ളവരെ ആകർഷിക്കുന്ന ഒരു വിസ്മയമായി മാറിയിരിക്കുന്നു.
നിരവധി വീഡിയോകളാണ് ഇതിന്റേതായി യൂട്യൂബിലും മറ്റും ലോകമെമ്പാടുമുള്ളവർ കണ്ടുകൊണ്ടിരിക്കുന്നത്. ഇതിന്റെ അനുകരണങ്ങൾ ലോകത്തിന്റെ പല ഭാഗത്തുണ്ടായിട്ടുണ്ടെങ്കിലും അതൊന്നും തന്നെ ഇത്രയും പെർഫെക്റ്റ് ആയിട്ടില്ല.
സന്തോഷത്തിന്റെ പ്രതീകം എന്നാണ് ഈ സിംഗിംഗ് ക്രിസ്മസ് ട്രീ അറിയപ്പെടുന്നത്. അന്താരാഷ്ട്ര അംഗീകാരം നേടിക്കഴിഞ്ഞ ഈ പാടുന്ന ക്രിസ്മസ് ട്രീ അമേരിക്കയുടെ ക്രിസ്മസ് അന്തരീക്ഷത്തിന് മാറ്റുകൂട്ടുന്നതാണ്. ക്രിസ്മസ് അവധിക്കാലത്ത് അമേരിക്കക്കാർക്ക് ഒഴിച്ചുകൂടാനാവാത്തതാണ് പാടുന്ന ഈ ആൾമരം.
ഋഷി