മുക്കം: മലയോര മേഖലയിലെ ആദിവാസികൾ ഉൾപ്പെടെ ആയിരക്കണക്കിനാളുകളുടെ പ്രധാന ചികിത്സാ കേന്ദ്രമായ മുക്കം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ എക്സ് റേ യൂണിറ്റ് അടച്ചു പൂട്ടിയിട്ട് ആറ് മാസം പിന്നിട്ടു.
നിലവിലുണ്ടായിരുന്ന എക്സ് റേ ടെക്നീഷ്യൻ സ്ഥലം മാറിപ്പോയതോടെയാണ് നല്ല നിലയിൽ പ്രവർത്തിച്ച യൂണിറ്റിന് താഴുവീണത്.
കാലപ്പഴക്കം മൂലം എക്സറെ യന്ത്രത്തിന് പ്രവർത്തനക്ഷമതയും കുറവാണ്. ക്ഷയരോഗം, ന്യുമോണിയ, തുടങ്ങിയ രോഗ നിർണയത്തിന് എക്സറെ അനിവാര്യമാണ്.
ക്ഷയരോഗ ചികിൽസയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ജില്ലയിലെ പ്രാധാന യൂണിറ്റുകളിൽ ഒന്നാണ് മുക്കം സിഎച്ച്സി.
വിരലിലെണ്ണാവുന്ന ആശുപത്രിക ളിൽ മാത്രമാണ് ഇത്തരം യൂണിറ്റുകൾ പ്രവർത്തിക്കുന്നത് . കിഴക്കൻ മലയോരത്തെ പ്രധാന കേന്ദ്രമെന്ന നിലക്ക് അപകടത്തിൽ പരുക്കു പറ്റി ചികിൽതേടുന്നവരുടെ എണ്ണവും ഇവിടെ കൂടതലാണ്.
പരുക്കുകൾ ഉൾപ്പെടെ വിലയിരുത്തുന്നതിനും തുടർ കാര്യങ്ങൾക്കും എക്സ് റേ അനിവാര്യമാണ്. ആശുപത്രിയിൽ എക്സറെ സൗകര്യം ഉണ്ടായിരുന്നപ്പോൾ പരമാവധി 50 രൂപ ചെലവിൽ രോഗികൾക്ക് കാര്യം നടക്കുമായിരുന്നു.
ഇപ്പോൾ സാധാ എക്സറെ പരിശോധനക്ക് ഇതിന്റെ അഞ്ചിരട്ടി തുക അധികം നല്കി സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ് രോഗികൾ .
ആശുപത്രിയിൽ എക്സ്റേ ടെക്നീഷ്യൻ തസ്തിക ഇല്ലാത്തതും, പ്രവർത്തനക്ഷമവും , ആധുനിക രീതിയിലുള്ള ( ഡിജിറ്റൽ) എക്സ് റേ യന്ത്രമില്ലാത്തതിനാലുമാണ് യൂണിറ്റ് പൂട്ടാൻ കാരണമെന്നാണ് അധികൃതരുടെ വിശദീകരണം .
എച്ച്എംസിയോ, ആശുപത്രിയുടെ ക്ഷേമത്തിനായി പ്രവർത്തിക്കാൻ അധികാരപ്പെട്ട തദ്ദേശ സ്ഥാപനമോ ജനപ്രതിനിധികളോ ,എക്സ് റേ യൂണിറ്റ് തുറക്കാനാവശ്യമായ നടപടികൾ സ്വീകരിക്കാൻ മുതിരുന്നില്ലെന്ന പരാതിയും ശക്തമാണ്.