ജനകീയ ഡോക്ടറായിരുന്ന തളിപ്പറമ്പ് തൃച്ചംന്പരത്തെ ഡോ.കുഞ്ഞമ്പുനായരുടെ മകന് പുതുക്കുളങ്ങര ബാലകൃഷ്ണന് തിരുവനന്തപുരം പേട്ടയില്‍ സ്വന്തം സമ്പാദ്യംകൊണ്ടു വാങ്ങിയ വീട്ടിലായിരുന്നു താമസം.
ബാലകൃഷ്ണന്റെ ബന്ധുക്കളുടെ അറിവിലും തൃച്ചംമ്പരത്തെ നാട്ടുകാരുടെ അറിവിലും ബാലകൃഷ്ണന് മരിക്കുന്നതുവരെ അവിവാഹിതനായിരുന്നു.
ബാലകൃഷ്ണനും സഹോദരന് കുഞ്ഞിരാമനും കൂടി പരിയാരം അമ്മാനപ്പാറ തറോട്ടിയെന്ന സ്ഥലത്തെ 12 ഏക്കര്‍ സ്ഥലം പിതാവ് കുഞ്ഞമ്പു നായര്‍ എഴുതിവച്ചിരുന്നു.
പട്ടുവത്ത് 22 ഏക്കര്‍ കൈപ്പാട് സ്ഥലവും തളിപ്പറമ്പ് തൃച്ചംമ്പരത്ത് പതിനെട്ടേമുക്കാല്‍ ഏക്കര്‍ സ്ഥലവും ബാലകൃഷ്ണനുകൂടി അവകാശമുള്ള കുടുംബ സ്വത്തായി വേറെയും ഉണ്ടായിരുന്നു.
അഭിഭാഷകയുടെ റോൾ
2007ല്‍ കുടുംബ സ്വത്ത് വീതം വയ്ക്കണമെന്ന ആവശ്യവുമായി ബാലകൃഷ്ണന്റെ സഹോദരിമാര്‍ കോടതിയെ സമീപിച്ചു.
ഈ ആവശ്യത്തോടു വിയോജിപ്പുണ്ടായിരുന്ന ബാലകൃഷ്ണന്റെ സഹോദരന് രമേശന് കേസ് നടത്തിപ്പിനായി പയ്യന്നൂരിലെ അഭിഭാഷകനെയാണ് ഏല്പിച്ചത്.
അന്ന് അദ്ദേഹത്തിന്റെ ജൂണിയറായി പ്രാക്ടീസ് ചെയ്തുവരികയായിരുന്ന അഭിഭാഷകയ്ക്ക് അവിടെനിന്നാണ് പരേതന്റെ സ്വത്തു വിവരങ്ങള്‍ ലഭിച്ചതെന്നാണ് ആക്ഷന്‍ കമ്മിറ്റിക്കാര് പറയുന്നത്.
നാനൂറ് കോടിയിലേറെ രൂപയുടെ സ്വത്തിനുടമയായിരുന്നു പരേതനായ ബാലകൃഷ്ണന് എന്നും ഈ സ്വത്തുക്കള്‍ തട്ടിയെടുക്കാനായിരുന്നു ഗൂഢസംഘത്തിന്റെ പിന്നീടുണ്ടായ നീക്കങ്ങളെന്നും ആക്ഷന്‍ കമ്മിറ്റി ആരോപിക്കുന്നു.
ഞെട്ടിക്കുന്ന വിവരങ്ങള്‍
സ്വത്തു വകകള്‍ തട്ടിയെടുക്കാനായി മുന്‍പ് വിവാഹിതയായിരുന്ന സഹോദരി ജാനകിയെ പരേതന്റെ ഭാര്യയാക്കി മാറ്റാനുള്ള വ്യാജരേഖകളുണ്ടാക്കുകയായിരുന്നു പിന്നീടു ഗൂഢസംഘം ചെയ്തത്.
ഡിറ്റിപിയില്‍ ചെയ്ത വ്യാജ ക്ഷണക്കത്തും മറ്റുമുപയോഗിച്ചു ഇവരെ പരേതന്റെ ഭാര്യയാക്കി മാറ്റാന്‍ അഭിഭാഷക കളിച്ച കളികളാണ് പിന്നീടു പുറത്തുവന്നത്.
ബാലകൃഷ്ണന്റെ കൊലപാതകം സംബന്ധിച്ച അന്വേഷണം പൂര്‍ത്തീകരിച്ച ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈഎസ്പി ഫ്രാന്‍സിസ് ഷെല്‍ബി കുറ്റപത്രവും സമര്‍പ്പിച്ചിരുന്നു.
തിരുവനന്തപുരത്തു ചികിത്സയില്‍ കഴിഞ്ഞിരുന്ന ബാലകൃഷ്ണനെ ബന്ധുക്കളായി ചമഞ്ഞെത്തി ഡിസ്ചാര്‍ജ് ചെയ്തു കൊണ്ടുവരുന്ന വഴിയാണ് മരണമെന്നും ബന്ധുക്കളെയറിയിക്കാതെ മൃതദേഹം സംസ്കരിക്കുകയായിരുന്നുവെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
മരണത്തിനു പിന്നില്‍ ഗൂഢാലോചന നടന്നിരുന്നതായും പ്രതികള്‍ കോടികളുടെ സ്വത്ത് തട്ടിയെടുക്കാനുള്ള നീക്കമാണ് നടത്തിയിരുന്നതെന്നും കൊലപാതകം സംബന്ധിച്ചുള്ള കുറ്റപത്രത്തിൽ പറയുന്നു. (തുടരും).