ഒരു നേരത്തെ ഭക്ഷണം കഴിക്കാന്‍ വകയില്ലാത്തവര്‍ക്ക് ഭക്ഷണം എത്തിക്കുക എന്നത് ജീവിത വ്രതമാക്കാന്‍ ‘യാച്ചു’ തീരുമാനമെടുത്തതിനു പിന്നില്‍ ജീവിതത്തിലെ ആദ്യനാളുകളിലെ പട്ടിണിയുടെ വേദനയുണ്ട്. വല്ലം കൊച്ചങ്ങാടി മാളിയന്‍ വീട്ടില്‍ എം.പി. യാസര്‍ (യാച്ചു) എന്ന മുപ്പത്തൊമ്പതുകാരന് കല്യാണങ്ങളിലും മറ്റ് ആഘോഷങ്ങളിലും ബാക്കിവരുന്ന ഭക്ഷണം ശേഖരിച്ചു സ്വന്തം ചെലവില്‍ ആവശ്യക്കാര്‍ക്കെത്തിക്കുന്ന സേവനം ആരംഭിച്ചിട്ട് ഇപ്പോള്‍ രണ്ടു വര്‍ഷം കഴിഞ്ഞിരിക്കുന്നു. കോളനികളിലും അഭയ കേന്ദ്രങ്ങളിലും വഴിയോരങ്ങളിലും യാച്ചുവിന്റെ കയ്യിലെ ഭക്ഷണപ്പൊതിക്കായി കാത്തിരിക്കുന്ന ഒട്ടേറെപ്പേരുണ്ട്. ആഘോഷങ്ങളില്‍ ബാക്കിയായി കുഴിച്ചുമൂടാന്‍ സൂക്ഷിച്ചിരിക്കുന്ന ഭക്ഷണമാണു പെരുമ്പാവൂര്‍, മൂവാറ്റുപുഴ, കോതമംഗലം, ആലുവ എന്നിവിടങ്ങളില്‍ ഏതു പാതിരാത്രിയിലുമെത്തി യാച്ചു ശേഖരിക്കുന്നത്. ആഘോഷങ്ങള്‍ ഏറ്റവും കൂടുതല്‍ നടക്കുന്ന ശനിയും ഞായറും ഫോണിലേക്കു വിളി വരുന്നതും കാത്തിരിക്കും യാച്ചു. പ്രതീക്ഷ തെറ്റാതെ മൂന്നോ നാലോ സ്ഥലങ്ങളില്‍ നിന്നു വിളിയെത്തും. എത്ര രാത്രിയായാലും ഭക്ഷണം ശേഖരിച്ച് ആവശ്യക്കാര്‍ക്ക് എത്തിച്ചു കൊടുത്തിട്ടേ ഉറങ്ങുകയുള്ളൂ.
പെരുമ്പാവൂരിലെ സ്വകാര്യ ഹോട്ടലില്‍ ജോലി ചെയ്തിരുന്നപ്പോള്‍ ഉണ്ടായ അനുഭവമാണു യാച്ചുവിനെ സൗജന്യ ഭക്ഷണ വിതരണത്തിനു പ്രേരിപ്പിച്ചത്. മേശ തുടയ്ക്കുന്ന ജോലി ചെയ്തിരുന്ന വയോധികനായ ഉത്തരേന്ത്യന്‍ തൊഴിലാളി ഹോട്ടലില്‍ ബാക്കി വരുന്ന പൊറോട്ടകള്‍ വഴിയരികില്‍ ഉറങ്ങുന്നവര്‍ക്കു മുതലാളി അറിയാതെ നല്‍കിയിരുന്നു. ഇതു കണ്ടുപിടിച്ച മുതലാളി അയാളെ ശാസിച്ചു. അന്ന് അയാളുടെ മുഖത്തൊഴുകിയ കണ്ണീരാണ് ഇത്തരമൊരു പ്രവര്‍ത്തിയിലേക്കു തന്നെ നയിച്ചതെന്നു യാച്ചു പറയുന്നു. ഭക്ഷണ വിതരണത്തിലൊതുങ്ങുന്നില്ല യാച്ചുവിന്റെ മനുഷ്യസ്നേഹം. ഏത് പരിപാടി കഴിഞ്ഞാലും എത്രയെത്ര ഫ്ളക്സ് ബോര്‍ഡുകളാണ് റോഡരികില്‍ തൂങ്ങിക്കിടക്കുന്നത്. യാച്ചു ഇവയെല്ലാം ശേഖരിക്കും. ഇതിലെ പട്ടിക ഉപയോഗിച്ച് കോഴിക്കൂടുകള്‍ നിര്‍മിച്ചു പാവങ്ങള്‍ക്കു കൊടുക്കും. വളര്‍ത്താന്‍ കോഴിയെയും. വീടിന്റെ പിന്നിലും അയല്വക്കത്തും വെറുതെ കിടക്കുന്ന സ്ഥലത്ത് പച്ചക്കറികള്‍ നട്ടുവലര്ത്തി വിളവെടുത്ത് പാവങ്ങള്‍ക്കു നല്‍കും. ഏത്തക്കായ കിലോഗ്രാമിനു 75 രൂപ വിലയുള്ളപ്പോള്‍ 300 കിലോയാണ് പാവങ്ങള്‍ക്കായി വിതരണം ചെയ്തത്. നഗരസഭ മികച്ച യുവകര്‍ഷകനായി തെരഞ്ഞെടുത്തപ്പോള്‍ അഭിനന്ദനമറിയിച്ചുകൊണ്ട് ഒരു ഫ്ളെക്സ് പോലും സ്ഥാപിക്കാന്‍ യാച്ചു സമ്മതിച്ചില്ലെന്നതും അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥയ്ക്ക് ഉദാഹരണമാണ്.
അപകടത്തില്‍ പരുക്കേറ്റു കിടക്കുന്നവര്‍ക്കു സൗജന്യമായി വീല്‍ച്ചെയറും യാച്ചു വിതരണം ചെയ്യാറുണ്ട്. പരുക്ക് ഭേദമാകുമ്പോള്‍ തിരികെ വാങ്ങി ശുചീകരിച്ച് അടുത്തയാള്‍ക്കു നല്‍കും. തീര്‍ന്നില്ല, യാച്ചുവിന്റെ സ്വഭാവസവിശേഷതകള്‍. പ്രമേഹ പരിശോധനാ യന്ത്രവുമായി വീടുകളില്‍ ചെന്ന് പരിശോധന നടത്തി ഫലം അറിയിക്കും. കാന്‍സര്‍ രോഗിയായ പതിനാറുകാരിയുടെ കുടുംബം ചികിത്സിക്കാനുള്ള പണത്തിനായി നെട്ടോട്ടമോടിയപ്പോള്‍ സ്വന്തം സ്ഥാപനത്തിന്റെ ആധാരം പണയപ്പെടുത്തി പണം സംഘടിപ്പിച്ചു നല്കി. ഇനി ഒരു ആംബുലന്‍സും സ്വന്തമായൊരു ഓഫീസുമാണ് യാച്ചുവിന്റെ ലക്ഷ്യം. ഒരു ഫ്രീസര്‍ കൂടിയുണ്ടെങ്കില്‍ ചായക്കടകളിലും ഹോട്ടലുകളിലും ബാക്കി വരുന്ന ഭക്ഷണം ശേഖരിച്ചു സൂക്ഷിച്ചശേഷം പുതുമയോടെ വിതരണം ചെയ്യാന്‍ സാധിക്കും. യാസര്‍ പറയുന്നു. ഫ്ളക്സ് പതിക്കുന്ന പലക ബോര്‍ഡുകള്‍ അടിച്ചു കൊടുക്കലാണ് യാസറിന്റെ ജോലി. ഭാര്യ നടത്തുന്ന ബ്യൂട്ടി പാര്‍ലറില്‍ നിന്നുള്ള വരുമാനത്തിന്റെ പങ്കും സേവന പ്രവര്‍ത്തനങ്ങള്‍ക്കായി ഈ ദമ്പതികള്‍ വിനിയോഗിച്ചുവരുന്നു.