തലശേരി: സിപിഎം പ്രവര്ത്തകന് ഇരിട്ടി കീഴൂരിലെ കോട്ടത്തിക്കുന്ന് കാണിക്കല്‍ വളപ്പില്‍ യാക്കൂബിനെ(24)ബോംബെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ മുഴുവന്‍ പ്രതികളേയും കോടതി ചോദ്യം ചെയ്തു. അഡീഷണല്‍ ജില്ലാ ജഡ്ജ് ആര്.എല്‍ ബൈജു മുമ്പാകെ വിചാരണ പൂര്‍ത്തിയായ ഈ കേസില്‍ വിചാരണയുടെ അടിസ്ഥാനത്തിലാണ് ആര്‍എസ്എസ് നേതാവ് വല്സന് തില്ലങ്കേരി ഉള്‍പ്പെടെയുള്ള പ്രതികളെ കോടതി ചോദ്യം ചെയ്തത്.
മുഴുവന്‍ പ്രതികളും കുറ്റം നിഷേധിച്ചിരുന്നു. കേസ് ഡിസംമ്പര്‍ ഒന്നിന് വീണ്ടും പരിഗണിക്കും. 232(2)ാം വകുപ്പ് പ്രകാരമുള്ള വാദം നടക്കും. 2006 ജൂണ്‍ 13 ന് രാത്രി 9.15 നാണ് കേസിനാസ്പദമായ സംഭവം. സുഹൃത്തുക്കളോടൊപ്പം ഇരിക്കുകയായിരുന്ന യാക്കൂബിനെ അക്രമി സംഘം ബോംബെറിഞ്ഞ് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന് കേസ്. സംഭവത്തില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ബിജെപി -ആര്‍എസ്എസ് പ്രവര്‍ത്തകരായ ശങ്കരന് മാസ്റ്റര്‍, മനോഹരന്, വിജേഷ്, കൊടേരി പ്രകാശന്, കാവേഷ്, ജയകൃഷ്ണന്, ദിവാകരന്, സുമേഷ്, പവിത്രന്, മാവില ഹരീന്ദ്രന്‍, കെ.കെ മനോഹരന്, സജീഷ്, കെ.സജീഷ്,പടയംകുടി വല്സന്, വള്ളി കുഞ്ഞിരാമന്, കിഴക്കെ വീട്ടില്‍ ബാബു എന്നിവരാണ് കേസിലെ പ്രതികള്‍. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ബി.പി ശശീന്ദ്രന് പ്രതിഭാഗത്തിനു വേണ്ടി അഡ്വ.ശ്രീധരന്‍പിള്ള,അഡ്വ.ജോസഫ് തോമസ്, അഡ്വ.സുനില്‍കുമാര്‍, അഡ്വ.പി പ്രേമരാജന്‍ എന്നിവരാണ് ഹാജരാകുന്നത്.