തലശേരി: സിപിഎം പ്രവര്ത്തകന് ഇരിട്ടി കീഴൂരിലെ കോട്ടത്തിക്കുന്ന് കാണിക്കല്‍ വളപ്പില്‍ യാക്കൂബിനെ(24)ബോംബെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ 18 സാക്ഷികളുടെ വിചാരണ അഡീഷണല്‍ ജില്ലാ ജഡ്ജ് ആര്.എല്‍. ബൈജു മുമ്പാകെ പൂര്‍ത്തിയായി. കേസില്‍ പ്രഥമ വിവര റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്ത എസ്ഐ യെ 17 ന് വിസ്തരിക്കും. 2006 ജൂണ്‍ 13 ന് രാത്രി 9.15 നാണ് കേസിനാസ്പദമായ സംഭവം.
സുഹൃത്തുക്കളോടൊപ്പം ഇരിക്കുകയായിരുന്ന യാക്കൂബിനെ അക്രമി സംഘം ബോംബെറിഞ്ഞ് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന് കേസ്. സംഭവത്തില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇരിട്ടി സിഐയായിരുന്ന ഇപ്പോഴത്തെ കല്‍പ്പറ്റ ഡിവൈഎസ്പി പ്രിന്‍സ് ഏബ്രഹാമാണ് കേസന്വേഷണം നടത്തിയത്.
42 സാക്ഷികളുള്ള ഈ കേസില്‍ ആര്‍എസ്എസ് നേതാവ് വല്സന് തില്ലങ്കേരി ഉള്‍പ്പെടെ 16 പ്രതികളാണുള്ളത്. ബിജെപി -ആര്‍എസ്എസ് പ്രവര്‍ത്തകരായ ശങ്കരന് മാസ്റ്റര്‍,മനോഹരന്, വിജേഷ്, കൊടേരി പ്രകാശന്, കാവേഷ്, ജയകൃഷ്ണന്, ദിവാകരന്, സുമേഷ്, പവിത്രന്, മാവില ഹരീന്ദ്രന്‍, കെ.കെ മനോഹരന്, സജീഷ്, കെ.സജീഷ്, പടയംകുടി വല്സന്, വള്ളി കുഞ്ഞിരാമന്, കിഴക്കെ വീട്ടില്‍ ബാബു എന്നിവരാണ് കേസിലെ പ്രതികള്‍.
പ്രതിഭാഗത്തിനു വേണ്ടി അഡ്വ.ശ്രീധരന്‍പിള്ള, അഡ്വ.ജോസഫ് തോമസ്, അഡ്വ.സുനില്‍കുമാര്‍, അഡ്വ.പി പ്രേമരാജന്‍ എന്നിവരാണ് ഹാജരാകുന്നത്.