തലശേരി: സിപിഎം പ്രവര്ത്തകന് ഇരിട്ടി കീഴൂരിലെ കോട്ടത്തിക്കുന്ന് കാണിക്കല്വളപ്പില് യാക്കൂബിനെ (24) ബോംബെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ ആറാം പ്രതിയൊഴിച്ച് മറ്റ് മുഴുവന്‍ പ്രതികളേയും കോടതി ഇന്നലെ ചോദ്യം ചെയ്തു. കേസിന്റെ വിചാരണ അഡീഷണല്‍ ജില്ലാ ജഡ്ജ് ആര്.എല്‍ ബൈജു മുമ്പാകെ പൂര്‍ത്തിയായിരുന്നു.
വിചാരണയുടെ അടിസ്ഥാനത്തിലാണ് ആര്‍എസ്എസ് നേതാവ് വല്സന് തില്ലങ്കേരി ഉള്‍പ്പെടെയുള്ള പ്രതികളെ ഇന്നലെ കോടതി ചോദ്യം ചെയ്തത്. തങ്ങൾ നിരപരാധികളാണെന്നും രാഷട്രീയ ലക്ഷ്യം വെച്ച് പ്രതി ചേർത്തതാണെന്നും പ്രതികൾ കോടതിയിൽ പറഞ്ഞു.
സംഭവം നടക്കുന്ന സമയത്ത് വീട്ടിൽ നടക്കുന്ന വിവാഹാഘോഷ ചടങ്ങുകളുമായി ബന്ധപ്പെട്ട തിരക്കിലായിരുന്നു താനും സഹോദരനുമെന്നും തങ്ങളെ മനപൂർവ്വം പ്രതി ചേർക്കുകയായിരുന്നുവെന്നും ഒന്നാം പ്രതി ശങ്കരൻ കോടതിയോട് പറഞ്ഞു. ബോംബ് ജീവിതത്തിൽ കാണുകയോ തൊടുകയോ ചെയ്തിതിട്ടില്ലെന്നും.
അങ്ങനെയുള്ള താൻ യാക്കൂബിനെ ബോംബെറിഞ്ഞുവെന്ന് പറയുന്നത് കെട്ടിച്ചമച്ചതാണെന്നും ഇക്കാര്യത്തിൽ നുണ പരിശോധനക്ക് തയാറാണെന്നും അഞ്ചാംപ്രതി കലേഷ് കോടതിയിൽ പറഞ്ഞു. ആറാംപ്രതി ഇന്നലെ കോടതിയിൽ ഹാജരായിരുന്നില്ല. ഇയാളെ ഇന്ന് കോടതി ചോദ്യം ചെയ്യും. 23 സാക്ഷികളെയാണ് ഈ കേസില്‍ വിസ്തരിച്ചത്.
2006 ജൂണ്‍ 13 ന് രാത്രി 9.15 നാണ് കേസിനാസ്പദമായ സംഭവം. സുഹൃത്തുക്കളോടൊപ്പം ഇരിക്കുകയായിരുന്ന യാക്കൂബിനെ അക്രമിസംഘം ബോംബെറിഞ്ഞ് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന് കേസ്. 42 സാക്ഷിളുള്ള ഈ കേസില്‍ ആര്‍എസ്എസ് നേതാവ് വല്സന് തില്ലങ്കേരി ഉള്‍പ്പെടെ 16 പ്രതികളാണുള്ളത്.
ബിജെപി -ആര്‍എസ്എസ് പ്രവര്‍ത്തകരായ ശങ്കരന് മാസ്റ്റര്‍, മനോഹരന്, വിജേഷ്, കൊടേരി പ്രകാശന്, കലേഷ്, ജയകൃഷ്ണന്, ദിവാകരന്, സുമേഷ്, പവിത്രന്, മാവില ഹരീന്ദ്രന്‍, കെ.കെ മനോഹരന്, സജീഷ്, കെ.സജീഷ്, പടയംകുടി വല്സന്, വള്ളി കുഞ്ഞിരാമന്, കിഴക്കെ വീട്ടില്‍ ബാബു എന്നിവരാണ് കേസിലെ പ്രതികള്‍. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ബി.പി. ശശീന്ദ്രന് പ്രതിഭാഗത്തിനു വേണ്ടി അഡ്വ.ശ്രീധരന്‍പിള്ള,അഡ്വ.ജോസഫ് തോമസ്, അഡ്വ.സുനില്‍കുമാര്‍, അഡ്വ.പി പ്രേമരാജന്‍ എന്നിവരാണ് ഹാജരാകുന്നത്.