പറ്റ്ന: ബിഹാറിൽ സർക്കാരുണ്ടാക്കാൻ മഹാസഖ്യവും കരുക്കൾ നീക്കുന്നു. എൻഡിഎ മുന്നണിയിലുള്ള വിഐപി, എച്ച്എംഎം പാർട്ടികൾക്ക് ഉപമുഖ്യമന്ത്രി സ്ഥാനം ഉൾപ്പെടെ വാഗ്ദാനം ചെയ്താണ് മഹാസഖ്യത്തിന്റെ കരുനീക്കം.
ബിഹാറിൽ എൻഡിഎ മുന്നണിക്കുള്ളത് 125 സീറ്റാണ്. ബിജെപി-74, ജെഡിയു-43, വിഐപി (വികാസ് ശീൽ ഇൻസാൻ പാർട്ടി)-നാല്,ജിതന്‍ റാം മാഞ്ചിയുടെ എച്ച്എഎം-നാല് എന്നിങ്ങനെയാണ് കക്ഷിനില.
വിഐപി, എച്ച്എഎം കക്ഷികളുടെ എട്ടുപേരെ പേരെ അടർത്തി മാറ്റിയാൽ എൻഡിഎ സംഖ്യ 117 ആയി കുറയും. 122 ആണ് കേവല ഭൂരിപക്ഷത്തിനുള്ള സംഖ്യ.
മഹാസഖ്യത്തിന് 110 സീറ്റാണുള്ളത്. ആർജെഡി-75, കോൺഗ്രസ്-19, ഇടതുപക്ഷം16 എന്നിങ്ങനെയാണ് മഹാസഖ്യത്തിന്റെ കക്ഷിനില. ഇതിൽ ഉവൈസിയുടെ പാർട്ടിയുടെ അഞ്ച്, ബിഎസ്പി- ഒന്ന് എന്നിവരുടെ പിന്തുണ മഹാസഖ്യം ഏതാണ്ട് ഉറപ്പിച്ചിട്ടുണ്ട്.
വിഐപി, എച്ച്എഎം പാർട്ടികളുടെ കൂടി പിന്തുണ ഉറപ്പാക്കാനായാൽ മഹാസഖ്യത്തിന്റെ ഭൂരിപക്ഷം 124 ആയി ഉയരും. ഈ സാധ്യത മുന്നിൽ കണ്ടാണ് ആർജെഡി നേതാക്കൾ കരുനീക്കങ്ങൾ തുടരുന്നത്.
ഇത് എത്രത്തോളം വിജയിക്കുമെന്ന കാര്യത്തിൽ ആശങ്കയുണ്ടെങ്കിലും ശ്രമം നടത്തുകയാണ് മഹാസഖ്യം.
എൻഡിഎ മുന്നണിയുടെ സ്ഥാനാർഥി ആയി നിതീഷ് കുമാർ തന്നെ വരാനുള്ള സാധ്യതയുണ്ടെങ്കിലും എൻഡിഎ മുന്നണിയിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയുടെ നിയന്ത്രണത്തിൽനിന്ന് നീതീഷ് കുമാറിന് പ്രവർത്തിക്കേണ്ടി വരും.
മുന്‍പ് നിതീഷ് കുമാറിന് കൂടുതൽ കരുത്തോടെ ഭരണം നടത്താനുള്ള എംഎൽഎമാർ എൻഡിഎയിൽ ഉണ്ടായിരുന്നു. ഇപ്പോഴങ്ങനെയല്ല കാര്യങ്ങൾ. ദുർബലനായ മുഖ്യമന്ത്രി എന്ന ഇമേജ് ആയിരിക്കും നിതീഷ്കുമാറിന് ഇനി നേരിടേണ്ടി വരിക. ?