കോഴിക്കോട്: തദ്ദേശതെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വിധി നിര്‍ണയത്തിന് മണിക്കൂറുകള്‍ അവശേഷിക്കെ രമേശ് ചെന്നിത്തലയുടെ “യാദവകുലം’ പരാമര്‍ശം വിവാദമാക്കി ബിജെപി.
പഞ്ചായത്ത് തെരഞ്ഞെടുപ്പോടെ സംസ്ഥാനത്ത് ബിജെപിയുടെ അന്ത്യം കുറിക്കുമെന്നും കേരളത്തിലെ ബിജെപി നേതൃത്വം യാദവ കുലംപോലെ അടിച്ചുതകരുമെന്നുമുള്ള രമേശ് ചെന്നിത്തലയുടെ പരാമര്‍ശമാണ് ബിജെപി വിവാദമാക്കുന്നത്.
ബിജെപിയെ ആക്ഷേപിക്കാന്‍ ലക്ഷക്കണക്കിനു വരുന്ന യാദവ സമൂഹത്തെ അപമാനിക്കേണ്ടിയിരുന്നില്ലെന്ന് കെ.സുരേന്ദ്രന് മറുപടി നല്‍കിയതോടെ യാദവകുലം തദ്ദേശതെരഞ്ഞെടുപ്പില്‍ വിവാദത്തിലേക്ക് മാറി.
സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ ഇതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ സജീവമാണ്. രമേശ് ചെന്നിത്തലയുടെ വാക്കുകള്‍ക്കെതിരേ രൂക്ഷവിമര്‍ശനമാണ് സോഷ്യല്‍ മീഡിയയിലൂടെ ഉയരുന്നത്. അതേസമയം അനുകൂലിച്ചുകൊണ്ടും ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്.
പരസ്യപ്രചാരണം അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രമുള്ളപ്പോള്‍ പുറത്തുവന്ന വാക്കുകളിലൂന്നിയാണിപ്പോള് ബിജെപി പ്രചാരണം നടത്തുന്നത്.
സ്വര്ണക്കടത്തിലൂന്നി എല്‍ഡി എഫിനെ ആക്രമിക്കുന്ന ബിജെപി യാദവകുലത്തെ കോണ്‍ഗ്രസ് അപമാനിച്ചുവെന്നാണ് പ്രചാരണത്തിലൂടെ ഉന്നയിക്കുന്നത്. യാദവകുലം പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ഫേസ്ബുക്കിലൂടെ സുരേന്ദ്രന്, രമേശ് ചെന്നിത്തലയ്ക്ക് മറുപടിയും നല്കി.
‘ബിജെപിയെ ആക്ഷേപിക്കാന്‍ ലക്ഷക്കണക്കിനു വരുന്ന യാദവ സമൂഹത്തെ അപമാനിക്കേണ്ടിയിരുന്നില്ല രമേശ്. പിന്നെ തകരുന്നതാരെന്ന് ഹരിപ്പാട് മണ്ഡലത്തില്‍ വോട്ടെണ്ണുമ്പോള്‍ നമുക്ക് കാത്തിരുന്ന് കാണാം.
ജമാ അത്തെ ഇസ്ലാമിയെ കൂടെ കൂട്ടി ലീഗിനുപിന്നില്‍ ആത്മാഭിമാനം പണയപ്പെടുത്തിയ കോണ്‍ഗ്രസിന്റെ “മതേതരത്വം’ ഈ തെരഞ്ഞെടുപ്പില്‍ പൊതുജനം വിലയിരുത്തുകതന്നെ ചെയ്യും’ എന്നാണ് സുരേന്ദ്രന്റെ മറുപടി.
ചെന്നിത്തലക്കെതിരേ രൂക്ഷമായ പരാമര്‍ശം ഇതിനു മുമ്പും സുരേന്ദ്രന് നടത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഐശ്വര്യമാണ് രമേശ് ചെന്നിത്തലയെന്നും പ്രതിപക്ഷത്തിന് തലച്ചോറിന്റെ കുറവുണ്ടെന്നുമായിരുന്നു ആഴ്ചകള്‍ക്കു മുമ്പ് സുരേന്ദ്രന് പരിഹരിച്ചത്.
എന്നാല്‍ അന്നൊന്നും രമേശ് ചെന്നിത്തല ബിജെപിക്കെതിരേ രംഗത്തു വന്നിരുന്നില്ല. ഇന്നലെയാണ് ബിജെപിക്കെതിരേ യാദവകുലം പരാമര്‍ശം നടത്തിയത്
. “കേരളത്തില്‍ ബിജെപിക്ക് ഒരടി പോലും മുന്നോട്ടു പോകാന്‍ പറ്റാത്ത അവസ്ഥയാണ്. ഇപ്പോള്‍ തന്നെ പാര്‍ട്ടിക്കുള്ളിലെ അന്തഛിദ്രം മൂലം മുന്നോട്ടു പോകാന്‍ പറ്റുന്നില്ല.
പഞ്ചായത്ത് തെഞ്ഞെടുപ്പില്‍ ബിജെപിയുടെ സ്ഥിതി ദയനീയമാകും. ഈ ബിജെപിയാണ് കോണ്‍ഗ്രസ് ഇല്ലാതാകുമെന്ന് പറഞ്ഞു നടക്കുന്നത്. ഇല്ലാതാകാന്‍ പോകുന്ന കക്ഷി ബിജെപിയായിരിക്കുമെന്നാണ് രമേശ് ചെന്നിത്തല പറഞ്ഞത്.