കൊച്ചി: പാലാരിവട്ടത്തു റോഡിലെ കുഴിയില്‍ ബൈക്ക് വീണുണ്ടായ അപകടത്തില്‍ മരിച്ച യദുലാലിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരവും സഹോദരനു ജോലിയും നല്കുമെന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. അന്വേഷണം നടത്തുന്ന ജില്ലാ കളക്ടര്‍ തിങ്കളാഴ്ച റിപ്പോര്‍ട്ട് നല്‍കും.
ഇതിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കുമെന്നും പൊതുമരാമത്ത് വകുപ്പ് അഭിഭാഷകന് ഇന്നലെ ഹൈക്കോടതിയില്‍ അറിയിച്ചു. കൂനമ്മാവ് സ്വദേശിയായ യദുലാലിന്റെ മരണത്തെത്തുടര്‍ന്നു ചലച്ചിത്ര സംവിധായകനായ പോളി വടക്കന്‍ നല്കിയ ഹര്‍ജിയെ തുടർന്നാണ് ഇക്കാര്യം സര്‍ക്കാര്‍ അറിയിച്ചത്. സുരക്ഷാ മുന്നറിയിപ്പ് നല്കുന്നതില് വീഴ്ച വരുത്തിയതിനു നാല് എന്‍ജിനിയര്‍മാരെ സസ്പെന്‍ഡ് ചെയ്തെന്നും അറിയിച്ചു.
കഴിഞ്ഞ 12നാണ് കൂനമ്മാവ് കാച്ചാനിക്കോടത്ത് ലാലന്റെ മകന് യദുലാല്‍(23) മരിച്ചത്. പാലാരിവട്ടം മെട്രോ സ്റ്റേഷനു സമീപത്തു മൂന്നാഴ്ചയായി മൂടാതെ കിടന്ന കുഴിയുടെ മുന്നില്‍ വച്ചിരുന്ന ബോര്‍ഡില്‍ തട്ടി ബൈക്ക് മറിഞ്ഞു റോഡില്‍ വീണ യദുലാല്‍ പിന്നാലെ വന്ന ടാങ്കര്‍ ലോറി കയറിയാണു മരിച്ചത്. വാട്ടര്‍ അഥോറിറ്റിയുടെ കുഴി മൂടാതെയിട്ടതാണു ദുരന്ത കാരണമെന്നു വാദിച്ച ഹര്ജിക്കാരന് ഗതാഗതയോഗ്യമായ റോഡ് പൗരന്റെ അവകാശമാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു.