കണ്ണൂർ: കണ്ണൂരിനെ ഏറ്റവും മികച്ച ക്രമസമാധാനനിലയിൽ നയിക്കുകയും കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ ശക്തമായി ഇടപെട്ട് വ്യാപനം തടയാൻ ശ്രമിക്കുകയും ചെയ്ത പോലീസ് മേധാവി എന്ന നിലയിലായിരിക്കും യതീഷ് ചന്ദ്രയെ കണ്ണൂർ ഓർക്കുക.
2020 ജനുവരി എട്ടിനാണ് അദ്ദേഹം കണ്ണൂരിൽ പോലീസ് മേധാവിയായി ചുമതലയേറ്റത്.
വിവാദങ്ങളിൽ തളരാതെ കൂട്ടായ തീരുമാനങ്ങളിലൂടെ വേറിട്ട വഴിയിലൂടെ സഞ്ചരിച്ച പോലീസ് ഉദ്യോഗസ്ഥനായിരുന്നു. കാര്യമായ രാഷ്ട്രീയസംഘർഷങ്ങളൊന്നും ഇല്ലാതെയാണ് 2020 വർഷം കടന്നുപോയത്.
ഇതിൽ യതീഷ്ചന്ദ്രയുടെ പങ്ക് ചെറുതല്ല. എസ്ഡിപിഐ പ്രവർത്തകൻ സലാഹുദ്ദീന്റെ രാഷ്ട്രീയകൊലപാതകത്തിൽ വിമർശനത്തിനിട നൽകാതെ പ്രതികളെയെല്ലാം പിടികൂടി അന്വേഷണമികവ് തെളിയിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പിൽ ശക്തമായ ഇടപെടൽ നടത്തിയതുകൊണ്ടാണ് ജില്ലയിൽ കാര്യമായ രാഷ്ട്രീയ സംഘർഷങ്ങളൊന്നും ഇല്ലാതെ കടന്നുപോയത്.
ചുമതലയേറ്റശേഷം രണ്ടുമാസം കഴിഞ്ഞപ്പോഴാണ് കോവിഡ് പടർന്നുപിടിച്ചത്. ഒരു സിവിൽ പോലീസ് ഓഫീസറെപ്പോലെ അദ്ദേഹം ജില്ലയിൽ ഓടിനടന്നു.
ലോക്ക് ഡൗൺ കാലത്ത് മുക്കിലും മൂലയിലും നിയന്ത്രണങ്ങളും ക്രമീകരണവും ഏർപ്പെടുത്തിയത് സംസ്ഥാനം പോലും ശ്രദ്ധിച്ചു.
ഇതിനിടെ അഴീക്കലിൽ നിയന്ത്രണം ലംഘിച്ച യുവാക്കളെ ഏത്തമിടീച്ച സംഭവം വൻ വിവാദമായെങ്കിലും ഉദ്ദേശശുദ്ധിയെ ജനങ്ങളും സർക്കാരും അംഗീകരിക്കുകയായിരുന്നു.
ലോക്ക്ഡൗൺ കാലത്ത് ആരെയും അത്ഭുതപ്പെടുത്തുന്ന നീക്കങ്ങളായിരുന്നു യതീഷ്ചന്ദ്ര നടത്തിയത്.
ചുവപ്പുകാർഡുമായി വീടുകളിലെത്തി കോവിഡ് വ്യാപനം തടയുന്നതിനായി കർശന നിലപാടെടുത്തു. കണ്ണൂർ ടൗൺ, വളപട്ടണം, തളിപ്പറന്പ്, പരിയാരം സ്റ്റേഷൻ പരിധികളിലെ വീടുകളിൽ അദ്ദേഹം നേരിട്ടെത്തി. കോവിഡ് വ്യാപനം തടയുന്നതിൽ ഏതറ്റംവരെ പോകാനും തയാറാണെന്ന് യതീഷ് ചന്ദ്ര പറഞ്ഞു.
ജനങ്ങളല്ല, കോവിഡ് വൈറസാണ് ശത്രുവെന്നും പറഞ്ഞു. കോവിഡ് നിരീക്ഷണത്തിൽ കഴയുന്നവരെ സന്ദർശിക്കാനും ഹോം ക്വാറന്റൈനിൽ കഴിയുന്നവർക്ക് നിർദേശങ്ങൾ നൽകി അവരെ ആത്മവിശ്വാസത്തോടെ മഹാമാരിയെ നേരിടാൻ പഠിപ്പിച്ചു.
അതേസമയം ക്വാറന്റൈൻ ലംഘിക്കുന്നവർക്കെതിരേ കർശന നിലപാടെടുക്കാനും അദ്ദേഹം തയാറായി.
കണ്ണൂർ റൂറൽ എസ്പിയായി നവനീത് ശർമ ചുമതലയേറ്റു
കണ്ണൂർ: കണ്ണൂർ റൂറൽ എസ്പിയായി നവനീത് ശർമ ചുമതലയേറ്റു. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറായി നിയമതിനായ ആർ. ഇളങ്കോ നാളെ ചുമതലയേൽക്കും.
മാങ്ങാട്ടുപറന്പ് കെഎപി ക്യാന്പിലാണ് റൂറൽ എസ്പിക്ക് ആസ്ഥാനം നൽകാൻ ആലോചിച്ചിരുന്നതെങ്കിലും അവിടെ സൗകര്യമില്ലെന്നതിനാൽ താത്കാലികമായി കണ്ണൂർ എആർ ക്യാന്പിനോടുചേർന്നുള്ള പോലീസ് ട്രെയിനിംഗ് സെന്ററാണ് റൂറൽ എസ്പിയുടെ ഓഫീസായി പ്രവർത്തിക്കുക.
ഇതിനു സമീപത്തുതന്നെയുള്ള പഴയ ജില്ലാ പോലീസ് മേധാവിയുടെ ഓഫീസായിരിക്കും സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസ്.
നേരത്തെ ഒറ്റ പോലീസ് ജില്ലയായിരുന്ന കണ്ണൂരിനെ രണ്ട് പോലീസ് ജില്ലകളായി വിഭജിച്ചിരിക്കുകയാണ്. തത്കാലം റൂറൽ എസ്പിയും സിറ്റി പോലീസ് കമ്മീഷണറും കണ്ണൂർ നഗരത്തിൽ തന്നെയുണ്ടാകും.
ക്രൈം റെക്കോർഡ്സ് ബ്യൂറോ, ട്രാഫിക്, നർകോട്ടിക് സെൽ, ക്രൈംബ്രാഞ്ച്, സ്പെഷൽ ബ്രാഞ്ച് എന്നിവയുടെ ചുമതലയുള്ള ഡിവൈഎസ്പിമാരുടെ നിയമനം റൂറലിൽ നടന്നിട്ടില്ല.
കണ്ണൂർ, തലശേരി സബ് ഡിവിഷനുകൾക്കുകീഴിലെ സ്റ്റേഷനുകളും വിമാനത്താവള നഗരമായ മട്ടന്നൂരുമാണ് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറുടെ കീഴിലുള്ളത്. തളിപ്പറന്പ്, ഇരിട്ടി, സബ് ഡിവിഷനുകൾക്കുകീഴിലുള്ള സ്റ്റേഷനുകളാണ് റൂറലിനു കീഴിലുള്ളത്.