മോദി പ്രധാനമന്ത്രി പദത്തില്‍നിന്ന് ഇറങ്ങാതെ മുടി വളര്‍ത്തില്ല! രണ്ട് ദിവസം ബാങ്കില്‍ ക്യൂ നിന്നിട്ടും രൂപ മാറി കിട്ടിയില്ല; മുടിയുടെ പകുതി വടിച്ചു പ്രതിഷേധം

mudi2

നവംബര്‍ എട്ടാം തിയതി പ്രധാനമന്ത്രിയുടെ നോട്ട് നിരോധനം ഉണ്ടായതുമുതല്‍ രാജ്യത്തിന്റെ പല ഭാഗത്തും പലവിധത്തിലുള്ള പ്രതിഷേധ പ്രകടനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇത്തരത്തില്‍ വളരെ വ്യത്യസ്തമായൊരു പ്രതിഷേധ രീതിയുമായാണ് കൊല്ലം ജില്ലയിലെ മുക്കുന്നം സ്വദേശിയായ യഹിയ എന്നയാള്‍ രംഗത്തെത്തിയിരിക്കുന്നത്.

500 ന്റെയും 1000 ത്തിന്റെയും നോട്ട് നിരോധിച്ച സമയത്ത് 23,000 രൂപയാണ് യഹിയയുടെ കൈയില്‍ ഉണ്ടായിരുന്നത്. ഇത് മാറ്റിയെടുക്കാനായി രണ്ട് ദിവസം മുഴുവന്‍ ബാങ്കില്‍ ക്യൂ നിന്നു. രണ്ടാമത്തെ ദിവസം രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറഞ്ഞ് യഹിയ തളര്‍ന്നു വീണു. ആശുപത്രിയില്‍ നിന്ന് തിരിച്ചെത്തിയ യഹിയ തന്റെ കൈവശം ഉണ്ടായിരുന്ന മുഴുവന്‍ തുകയും അടുപ്പില്‍ ഇട്ട് കത്തിച്ചു. ഇതിനുശേഷം യഹിയ ചെയ്ത കാര്യമാണ് രസകരം. നേരെ ബാര്‍ബര്‍ ഷോപ്പിലേക്ക് പോയി തലയില്‍ അവശേഷിച്ചിരുന്ന മുടിയുടെ പകുതി വടിപ്പിച്ചു. കൂടാതെ മോദി പ്രധാനമന്ത്രി പദത്തില്‍നിന്ന് ഇറങ്ങിയാല്‍ മാത്രമെ താന്‍ ഇനി മുടി മുഴുവന്‍ വളര്‍ത്തുകയുള്ളു എന്ന് പ്രതിജ്ഞയുമെടുത്തു.

ആരെയും കൊതിപ്പിക്കുന്ന ബീഫ് കറിയും ചിക്കന്‍ ഫ്രൈയുമാണ് യഹിക്കയുടെ കടയിലെ പ്രധാന വിഭവങ്ങള്‍.വെപ്പും വിളമ്പുമെല്ലാം യഹിക്ക ഒറ്റയ്ക്കാണ് ചെയ്യുന്നത്.അതുകൊണ്ട് സൗകര്യാര്‍ത്ഥം വേഷം നൈറ്റിയുമാക്കി. പകലന്തിയോളം അടുപ്പില്‍ ഊതിയൂതി താന്‍ ഉണ്ടാക്കിയ തുച്ഛമായ തുക അതേ അടുപ്പിലെ ചാരമാക്കേണ്ട ഗതികേടാണാല്ലോ  തനിക്കുണ്ടായതെന്ന് ഓര്‍ത്ത് വിലപിക്കുകയാണ് യഹിക്ക.

കേരള യൂണിവേഴ്‌സിറ്റിയിലെ അദ്ധ്യാപകനായ അഷ്‌റഫ് കടയ്ക്കല്‍ എന്നയാളാണ് 70 കാരനായ യഹിയയുടെ ഈ പ്രതിഷേധത്തെക്കുറിച്ചുള്ള വാര്‍ത്ത ഫെയ്‌സ്ബുക്കിലൂടെ ലോകത്തെ അറിയിച്ചത്. യഹിയയുടെ ഈ പ്രവര്‍ത്തിയെ  അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള കമന്റുകള്‍ ആളുകള്‍ പോസ്റ്റ് ചെയ്യുന്നുണ്ട്.

Related posts