കൊച്ചി: കളമശേരിയില്‍ മൂന്നു പേരുടെ മരണത്തിന് ഇടയാക്കിയ ബോംബ് സ്ഫോടനക്കേസിലെ പ്രതി ഡൊമിനിക് മാര്‍ട്ടിനെ കസ്റ്റഡിയില്‍ ലഭിക്കുന്നതിനായി അന്വേഷണ സംഘം ഇന്ന് ജില്ലാ സെഷന്‍സ് കോടതിയില്‍ അപേക്ഷ നല്‍കും.
ഡൊമിനിക്കിനെ കസ്റ്റഡിയില്‍ ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ തെളിവെടുപ്പ് നടത്താനാവൂ. നിലവില്‍ ബോംബ് നിര്‍മിച്ചുവെന്ന് പ്രതി പറയുന്ന ഇയാളുടെ അത്താണിയിലുള്ള വീട്ടില്‍ മാത്രമാണ് അന്വേഷണസംഘം പ്രതിയുമായി തെളിവെടുപ്പ് നടത്തിയിട്ടുള്ളത്.
കസ്റ്റഡിയില്‍ ലഭിച്ചാലുടന്‍ ബോംബ് നിര്‍മാണത്തിന് ആവശ്യമായ സാമഗ്രികള്‍ വാങ്ങിയ പെട്രോള്‍ പമ്പുകളിലും തൃപ്പൂണിത്തുറയിലെ പടക്കക്കടയിലും റിമോട്ട്, ബാറ്ററി എന്നിവ വാങ്ങിയ പള്ളിമുക്കിലെ ഇലക്ട്രിക് കടയിലും തമ്മനത്തെ വീട്ടിലും സ്ഫോടനം നടത്തിയ സമ്ര കണ്വെന്ഷന് സെന്ററിലും പ്രതിയുമായി തെളിവെടുപ്പ് നടത്തും.
പ്രതിയെ തിരിച്ചറിഞ്ഞ് മൂന്നു പേര്
എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി മജിസ്ട്രേറ്റ് എല്‍ദോസ് മാത്യുവിന്റെ സാന്നിധ്യത്തില്‍ കാക്കനാട് സബ്ജയില്‍ ഹാളില്‍ ഇന്നലെ പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ തിരിച്ചറിയല്‍ പരേഡ് നടത്തി.
പ്രതിയെ മൂന്നു സാക്ഷികള്‍ തിരിച്ചറിഞ്ഞു. 11 പേര്‍ക്കൊപ്പം ഡൊമിനിക് മാര്‍ട്ടിനെ നിര്‍ത്തിയ ശേഷമായിരുന്നു പരേഡ്. മൂന്നുസാക്ഷികളാണ് ആകെ വന്നത്. ഇവര്‍ മൂന്നുപേരും മാര്‍ട്ടിനെ തിരിച്ചറിഞ്ഞു. ഓരോരുത്തരെയും പ്രത്യേകമായാണ് മാര്‍ട്ടിനെ തിരിച്ചറിയാന്‍ വിട്ടത്.
സ്ഫോടനം നടന്ന ഞായറാഴ്ച രാവിലെ കണ്ടത് മാര്‍ട്ടിനെ തന്നെയാണെന്നാണ് സാക്ഷികള്‍ തിരിച്ചറിഞ്ഞത്.കണ്വന്ഷന് പങ്കെടുത്ത മുഴുവന്‍ ആളുകളുടെയും വിവരങ്ങള്‍ പോലീസ് ശേഖരിച്ചിരുന്നു. ഇവരില്‍ മാര്‍ട്ടിനെ കണ്ടവരോട് നേരിട്ട് ബന്ധപ്പെടാന്‍ പോലീസ് നിര്‍ദേശിച്ചിരുന്നു.
ഇത്തരത്തില്‍ ഇരുപതോളം പേരാണ് സമ്ര കണ്വന്ഷന് സെന്ററില്‍ മാര്‍ട്ടിനെ ഞായര്‍ രാവിലെ കണ്ടതായി പോലീസിനെ അറിയിച്ചത്. അതില്‍ മൂന്നുപേരാണ് തിരിച്ചറിയല്‍ പരേഡിനെത്തിയത്.
ഇവരില്‍ മറ്റൊരാള്‍ മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള അങ്കമാലി അത്താണിയിലെ ഫ്ളാറ്റില്‍ താമസിക്കുന്നയാളാണ്. മറ്റ് സാക്ഷികളെ വരും ദിവസങ്ങളില്‍ ജയിലില്‍ എത്തിച്ച് തിരിച്ചറിയല്‍ പരേഡ് നടത്തും.