സ്വന്തം ലേഖിക
കൊച്ചി: കളമശേരി സമ്ര കണ്വന്ഷന് സെന്ററില്‍ യഹോവസാക്ഷികളുടെ പ്രാര്‍ഥനാ സമ്മേളനത്തില്‍ ബോംബ് സ്ഫോടനം നടത്തിയ കേസിലെ പ്രതി ഡൊമിനിക് മാര്‍ട്ടിനുമായി അന്വേഷണ സംഘം തെളിവെടുപ്പ് തുടങ്ങി.
ഇന്നലെ അര്‍ധരാത്രി കളമശേരി എആര്‍ ക്യാമ്പില്‍നിന്ന് തൃക്കാക്കര പോലീസ് സ്റ്റേഷനിലെത്തിച്ച പ്രതിയെ ഇന്ന് രാവിലെ 9.40 ഓടെ അന്വേഷണ ഉദ്യോഗസ്ഥന് ഡിസിപി എസ്. ശശിധരന്റെ നേതൃത്വത്തിലുളള പോലീസ് സംഘമാണ് പ്രതിയുമായി ഇയാളുടെ ആലുവ അത്താണിയിലെ തറവാട്ടു വീട്ടില്‍ തെളിവെടുപ്പ് നടത്തുന്നത്.
ഡിസിപി എസ്. ശശിധരന്റെ നേതൃത്വത്തില്‍ പ്രത്യേക യോഗം ചേര്‍ന്നതിനുശേഷമാണ് തെളിവെടുപ്പ് തുടങ്ങിയത്. കേസിലെ ഏറെ നിര്‍ണായകമായ വീടാണിത്. ദേശീയപാതയോടു ചേര്‍ന്നുള്ള ഈ വീട്ടിലെ ടെറസിലാണ് പ്രതി ഡൊമിനിക് മാര്ട്ടിന് ബോംബ് ഉണ്ടാക്കിയതെന്നാണ് പോലീസിനെ അറിയിച്ചിരുന്നത്.
ഇതിന്റെ അടിസ്ഥാനത്തിലാണ് ആദ്യ തെളിവെടുപ്പ് ഈ വീട്ടില്‍തന്നെ നടത്തുന്നത്.ഞായറാഴ്ച ബോംബ് സ്ഫോടനം നടത്തുന്നതിന് മുമ്പുള്ള പല ദിവസങ്ങളിലും ഇയാള്‍ ഇവിടെ വന്നു പോയതായി പോലീസിന് വിവരം ലഭിച്ചിരുന്നു.
പത്തു വര്‍ഷമായി ഡൊമിനിക് മാര്‍ട്ടിന്റെ ഈ വീട്ടില്‍ കാക്കനാട്ടെ സ്ഥാപനങ്ങളില്‍ ഉദ്യോഗസ്ഥരായിട്ടുള്ള ചെറുപ്പക്കാരാണ് താമസിക്കുന്നത്. കെട്ടിടത്തിൽ ഒരു മുറി മാർട്ടിനായി ഒഴിച്ചിട്ടിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളില്‍ പെയിന്റ് പണി നടക്കുന്നതിനാല്‍ ഇയാള്‍ ഇവിടെ വന്നു പോയിട്ടും പരിസരവാസികള്‍ക്ക് സംശയമൊന്നും തോന്നിയില്ല. ബോംബ് നിര്‍മാണത്തിന് ആവശ്യമായ സാമഗ്രികള്‍ പല തവണകളായി എത്തിച്ച് ഇവിടെയായിരുന്നു ഡൊമിനിക് സൂക്ഷിച്ചിരുന്നത്.
സംഭവദിവസം രാവിലെ 4.45 ന് തമ്മനത്തെ വീട്ടില്‍നിന്നും ഇറങ്ങിയ ഇയാള്‍ അഞ്ചേമുക്കാലോടെ അത്താണിയിലെ ഈ വീട്ടില്‍ എത്തി. അരമണിക്കൂറോളം ഇവിടെ ചെലവഴിച്ചാണ് ബോംബ് നിര്‍മിച്ചത്.
അതിനുശേഷം ബോംബുകള്‍ രണ്ടു സഞ്ചികളിലാക്കി കളമശേരിയിലെ കണ്വന്ഷന് സെന്ററിലേക്ക് കൊണ്ടുപോകുകയായിരുന്നു. ബോംബ് സ്ഫോടനം നടത്തിയശേഷം തിരിച്ച് ഈ വീട്ടിലെത്തിയ പ്രതി അഞ്ചു മിനിറ്റോളം ഇവിടെ ചെലവഴിച്ചതായും പോലീസിനോട് വെളിപ്പെടുത്തിയിരുന്നു. അതിനുശേഷമാണ് ഹോട്ടലില്‍നിന്ന് ലൈവ് വീഡിയോ ഇട്ടത്. പിന്നീട് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
ബോംബ് സ്ഫോടനം നടന്ന കളമശേരിയിലെ കണ്വന്ഷന് സെന്ററിലും പിന്നീട് തമ്മനത്തെ വീട്ടിലും പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തുമെന്നാണ് സൂചന.
ഇന്ന് ഉച്ചയ്ക്കു ശേഷമാണ് പ്രതിയെ കോടതിയില്‍ ഹാജരാക്കുന്നത്. വൈകുന്നേരം ഏഴിനു മുമ്പായാണ് പ്രതിയെ കോടതിയില്‍ ഹാജരാക്കേണ്ടത്. ഇതിനു മുന്നേ പരമാവധി തെളിവെടുപ്പ് നടത്താനുളള ഒരുക്കത്തിലാണ് അന്വേഷണ സംഘം.