1872ൽ ചാൾസ് ടാസെ റസൽ അമേരിക്കയിൽ സ്ഥാപിച്ച മതവിഭാഗമാണിത്. ക്രൈസ്തവ സഭകളുടേതിൽനിന്നു വിഭിന്നമായി യഹോവസാക്ഷികൾ പരിശുദ്ധ ത്രിത്വത്തിൽ വിശ്വസിക്കുന്നില്ല.
യഹോവയാണ് എല്ലാത്തിന്റെയും സ്രഷ്ടാവ് എന്നാണ് ഈ വിഭാഗത്തിന്റെ വിശ്വാസം. യേശുക്രിസ്തു ദൈവപുത്രനാണെങ്കിലും ദൈവമായി ഇവർ അംഗീകരിക്കുന്നില്ല.
യേശുവിന്റെ പ്രബോധനങ്ങളും ഉപമകളുമാണ് ഇവരും പാലിക്കുന്നത്. അതിനാൽ തങ്ങൾ ക്രൈസ്തവരാണെന്ന് യഹോവസാക്ഷികൾ അവകാശപ്പെടുന്നു.
രക്തദാനം അംഗീകരിക്കാത്ത ഈ വിഭാഗം പരസ്ത്രീ/പുരുഷ ബന്ധം ഒഴിച്ചുള്ള കാരണങ്ങളിൽ വിവാഹമോചനം അനുവദിക്കില്ല. ദേശീയഗാനം ആലപിക്കുന്നതിനെയും ഇവർ എതിർക്കുന്നു. വികേന്ദ്രീകൃത ഘടനയുള്ള ഇവർക്ക് കേന്ദ്ര നേതൃത്വമില്ല.
ലോകമാകെയുള്ള 85 ലക്ഷം അംഗങ്ങളിൽ ഇന്ത്യയിലുള്ളത് 56,000 പേർ മാത്രമാണ്. ഇവരുടെ ആരാധനാലയത്തിന് രാജ്യ ഹാൾ(കിംഗ്ഡം ഹാൾ) എന്നാണു പേര്.