പെരിന്തൽമണ്ണ: ഒരു മാസത്തെ കാത്തിരിപ്പിനും അന്വേഷണത്തിനുമൊടുവിൽ ആൽബി വീണ്ടും യാക്കൂബിന് സ്വന്തം.
കക്കൂത്ത് റോഡിലെ കിഴിശ്ശേരി വീട്ടിൽ ഇന്നലെ ആൽബിയായിരുന്നു താരം. യാക്കൂബിന്റെ വളർത്തുപൂച്ചയാണ് പേർഷ്യൻ ക്യാറ്റ് ഇനത്തിൽ പെട്ട ആൽബി.
വിശ്രമ ജീവിതം നയിക്കുന്ന യാക്കൂബിനും ഭാര്യ നജ്മയ്ക്കും ആൽബിയാണ് കൂട്ട്. ഇവരുടെ രണ്ടു മക്കളും വിദേശത്താണ്.
മൂന്നു മാസം പ്രായമുള്ളപ്പോൾ രണ്ടു വർഷം മുൻപാണ് കുറ്റിപ്പുറം സ്വദേശിയിൽ നിന്ന് ആൽബിയെ ലഭിച്ചത്.
ദിവസവും രാവിലെ പുറത്തുപോയി പ്രാഥമിക കൃത്യങ്ങൾ നിർവഹിച്ച് തിരിച്ചു വരുന്നതായിരുന്നു ആൽബിയുടെ രീതി.
ഒരു മാസം മുൻപൊരു നാൾ പുറത്തു പോയ ആൽബി തിരിച്ചെത്തിയില്ല. യാക്കൂബ് അന്വേഷിക്കാവുന്ന സ്ഥലങ്ങളിലെല്ലാം അന്വേഷിച്ചു. നാട്ടുകാരും യാക്കൂബിന് വേണ്ടി അന്വേഷണത്തിലായിരുന്നു.
ഇതിനിടെയാണ് സമീപത്തെ പൊട്ടക്കിണറ്റിൽ നിന്ന് പൂച്ചയുടെ ശബ്ദം കേൾക്കുന്നതായി ഒരാൾ എത്തി അറിയിച്ചത്. യാക്കൂബ് കിണറിനടുത്തെത്തി നീട്ടിവിളിച്ചതോടെ ആൽബി കിണറ്റിനുള്ളിൽ നിന്ന് വിളികേട്ടു.
ആൽബിയെ പുറത്തെത്തിക്കാനുള്ള സ്വന്തം ശ്രമങ്ങൾ പരാജയപ്പെട്ടതോടെ യാക്കൂബ് അഗ്നിരക്ഷാ സേനാംഗങ്ങളുടെ സഹായം തേടി.
പെരിന്തൽമണ്ണ നിലയത്തിൽനിന്ന് അഗ്നിരക്ഷാ സേനാംഗങ്ങളെത്തി കിണറ്റിലിറങ്ങി ആൽബിയെ മുകളിലെത്തിച്ചു. വെറ്ററിനറി ഡോക്ടറെയും കാണിച്ചു. കാര്യമായ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല.