തലശേരി: സിപിഎം പ്രവര്ത്തകന് ഇരിട്ടി കീഴൂരിലെ കോട്ടത്തിക്കുന്ന് കാണിക്കല്‍ വളപ്പില്‍ യാക്കൂബിനെ (24) ബോംബെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ അഞ്ച് പ്രതികൾ കുറ്റക്കാരാണെന്ന് അഡീഷണല്‍ ജില്ലാ ജഡ്ജ് ആര്.എല്‍. ബൈജു കണ്ടെത്തി. ഇവർക്കുള്ള ശിക്ഷ ഇന്നു തന്നെ വിധിക്കും. ആർഎസ്എസ് നേതാവ് പടയങ്കണ്ടി വൽസൻ എന്ന വത്സൻ തില്ലങ്കേരി ഉൾപ്പെടെ 11 പ്രതികളെ കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെവിട്ടു.
ബിജെപി -ആര്‍എസ്എസ് പ്രവര്‍ത്തകരായ മീത്തലെ പുന്നാട് കീഴൂർ ദീപം ഹൗസിൽ വി. ശങ്കരന് (49), കീഴൂരിലെ വിലങ്ങേരി മനോഹരന് (42), തില്ലങ്കേരി തെക്കൻ വീട്ടിൽ വിജേഷ് എന്ന പുതിയവീട്ടിൽ വിജേഷ് (38), കീഴൂരിലെ കൊടേരി പ്രകാശന് എന്ന ജോക്കർ പ്രകാശൻ (42), കീഴൂരിലെ കാരാട്ട് ഹൗസിൽ പി. കാവ്യേഷ് (42) എന്നിവരെയാണ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. രാവിലെ 11ന് ആദ്യ കേസായി പരിഗണിച്ച കോടതി കുറ്റക്കാരായി കണ്ടെത്തിയവർക്കുള്ള ശിക്ഷ പ്രഖ്യാപിക്കാൻ മാറ്റുകയായിരുന്നു.
വത്സൻ തില്ലങ്കേരിക്ക് പുറമേ മീത്തലെ പുന്നാട് മായാ നിവാസിൽ പന്നിയോടൻ ജയകൃഷ്ണന് (39), കീഴൂർ കുറ്റിയാടൻ ഹൗസിൽ ദിവാകരന് (59), കൊട്ടേത്തേകുന്ന് സിന്ദു നിലയത്തിൽ എസ്.ഡി സുരേഷ് (48), പി.കെ.പവിത്രന് എന്ന ആശാരി പവി(38), കീഴൂർ ഇല്ലത്തുംമൂല പുത്തൻ വിട്ടിൽ മാവില ഹരീന്ദ്രന്‍ (56), തില്ലങ്കേരി കാരക്കുകുന്നുമ്മൽ ഹൗസിൽ കെ.കെ. പപ്പൻ എന്ന പദ്മനാഭൻ (36), കീഴൂർ സിന്ധു നിലയത്തിൽ എസ്. ടി.സജീഷ് (36), കീഴൂർ കല്ലങ്കോട്ട് ചാത്തോത്ത് ഹൗസിൽ കൊഴുക്കുന്നേൻ സജീഷ് (36), കീഴൂർ പെരിങ്ങോട്ട് അജിഷ നിവാസിൽ വള്ളി കുഞ്ഞിരാമൻ (42), കീഴൂർ മീത്തലെ പുന്നാട് കിഴക്കെ വീട്ടിൽ ബാബു എന്ന തൂഫാൻ ബാബു (41) എന്നിവരെയാണ് കോടതി വെറുതെവിട്ടത്.
2006 ജൂണ്‍ 13ന് രാത്രി 9.15 നാണ് കേസിനാസ്പദമായ സംഭവം. സുഹൃത്തുക്കളോടൊപ്പം ഇരിക്കുകയായിരുന്ന യാക്കൂബിനെ അക്രമിസംഘം ബോംബെറിഞ്ഞ് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന് കേസ്. സംഭവത്തില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 23 സാക്ഷികളെയാണ് കേസില്‍ വിസ്തരിച്ചത്. 12 തൊണ്ടിമുതലുകളും 47 രേഖകകളും മാര്‍ക്ക് ചെയ്തു.
വിചാരണക്ക് മുന്നോടിയായി കൊലപാതകം നടന്ന സ്ഥലവും ഗൂഢാലോചന നടന്ന സ്ഥലവും ഡിസ്ട്രിക്ട് ഗവണ്മെന്റ് പ്ലീഡര്‍ ബി.പി. ശശീന്ദ്രനും അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ബിനിഷയും സന്ദര്‍ശിച്ചിരുന്നു. സംഭവസമയത്ത് ജില്ലാ കളക്ടറായിരുന്ന ഇഷിതറോയിയാണ് കേസില്‍ എക്സ്പ്ലോസീവ് സബ്സ്റ്റന്റ്സ് ആക്ട് പ്രകാരമുള്ള കുറ്റപത്രത്തിന് അനുമതി നല്‍കിയത്. ഇരിട്ടി സിഐ യായിരുന്ന ഇപ്പോഴത്തെ നാദാപുരം ഡിവൈഎസ്പി പ്രിന്‍സ് ഏബ്രഹാമാണ് കേസ് അന്വേഷിച്ചത്.
ബിജെപി- ആർഎസ്എസ് നേതാക്കളായ കെ.രഞ്ജിത്ത്, എൻ.ഹരിദാസ്, വി.ശശിധരൻ തുടങ്ങിയവരും നിരവധി പ്രവർത്തകരും വിധികേൾക്കാൻ കോടതിയിൽ എത്തിയിരുന്നു. കോടതി പരിസരത്ത് പോലീസ് കനത്ത സുരക്ഷയൊരുക്കിയിരുന്നു.