കറുകച്ചാൽ: കറുകച്ചാലിൽ ഭീതി പരത്തിയ യക്ഷിയെ പിടിക്കാൻ നാട്ടുകാരും പോലീസും രംഗത്തിറങ്ങിയതോടെ യക്ഷി മുങ്ങി. ഏതാനും ദിവസങ്ങൾക്കു മുന്പാണു കറുകച്ചാൽ ഉന്പിടി കാരയ്ക്കാട്ടുകുന്ന് ഭാഗത്ത് യക്ഷിയെ കണ്ടത്. പുലർച്ചെ ആളൊഴിഞ്ഞ സ്ഥലത്ത് നിന്ന് വെള്ളസാരി ധരിച്ച സ്ത്രീ കൈകാട്ടി വിളിച്ചെന്നും അട്ടഹസിച്ചെന്നുമൊക്കെയാണ് ആളുകൾ പറയുന്നത്.
പുലർച്ചെ മീൻ വില്പനയ്ക്കു പോകുന്നവരും പത്രവിതരണത്തിനു പോകുന്നവരുമാണു യക്ഷിയെ നേരിട്ടു കണ്ടിട്ടുള്ളത്. സംഭവം നാട്ടിൽ കാട്ടുതീ പോലെ പടർന്നതോടെയാണു കറുകച്ചാൽ പോലീസ് അന്വേഷണം ആരംഭിച്ചത്. ഇതോടെയാണു പ്രദേശത്ത് നിന്നും യക്ഷി അപ്രത്യക്ഷയായത്. പോലീസിനെ പേടിയുള്ള യക്ഷിയാണു കറുകച്ചാലിൽ ഇറങ്ങിയതെന്നാണു ഇപ്പോൾ പ്രദേശവാസികൾ പറയുന്നത്.
യക്ഷി ഇറങ്ങിയ ആദ്യ ദിവസങ്ങളിൽ പ്രദേശത്തെ ചില യുവാക്കൾ സംഘടിച്ചു യക്ഷിയെ പിടികൂടാനുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല. ഇവർ അന്വേഷണത്തിനായി ഇറങ്ങിയ ദിവസങ്ങളിൽ യക്ഷി ഇറങ്ങാതിരിക്കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ യക്ഷിയെ കണ്ടെന്നു പറയുന്ന സ്ഥലത്ത് പുറത്തു നിന്ന് വാഹനത്തിൽ ആരെങ്കിലും എത്തിയതായി സൂചനയൊന്നും ലഭിച്ചിട്ടില്ല. അതിനാൽ പുറത്തു നിന്നുള്ള യക്ഷിയല്ല.
ഇനി നാട്ടിലെ ആരെങ്കിലും പേടിപ്പെടുത്താൻ ചെയ്തതാണോ എന്ന സംശയമാണ് ഇപ്പോൾ ബലപ്പെടുന്നത്. നാട്ടിലെ ചില സാമൂഹ്യ വിരുദ്ധരെ പോലീസ് രഹസ്യമായി നിരീക്ഷിച്ചു വരികയാണ്. ഇവരിൽ ആരെങ്കിലും യക്ഷി വേഷം കെട്ടിയതാണോ എന്നും പോലീസ് സംശയിക്കുന്നു.
ആളുകളെ പേടിപ്പിക്കുന്നതിന്റെ ലക്ഷ്യം എന്താണെന്നും ഇതുവരെ വ്യക്തമായിട്ടില്ല. പേടിച്ചു വീഴുന്നവരെ കൊള്ളയിടിക്കുകയാണോ ലക്ഷ്യമെന്നും സംശയിക്കുന്നു. ഇതുവരെ ആരെയെങ്കിലും പിടിച്ചുപറിച്ചതായും പരാതികളൊന്നും ലഭിച്ചിട്ടില്ല. തുടർന്നും രാത്രികാല പട്രോളിംഗ് നടത്തുമെന്നും യക്ഷിക്കഥയ്ക്കു പിന്നിലെ യാഥാർഥ്യം കണ്ടെത്തുമെന്നും പോലീസ് പറഞ്ഞു.