തൃശൂർ: നിങ്ങൾ യക്ഷി ഷെയ്ക്ക് കുടിച്ചിട്ടുണ്ടോ… ഇല്ലെങ്കിൽ തൃശൂർ എംജി റോഡ് വഴി കോട്ടപ്പുറം ഓവർബ്രിഡ്ജിനടുത്തേക്കു വരൂ… ഇവിടെ മുന്തിരിവള്ളിത്തണലിലിരുന്ന് യക്ഷി ഷെയ്ക്കും പഴച്ചാറുകളും രുചിക്കാം.
തികച്ചും വ്യത്യസ്തമായ പശ്ചാത്തലത്തിൽ വേറിട്ട രുചികളിലുള്ള ജ്യൂസുകളും പലഹാരങ്ങളുമൊരുക്കി നല്ല ഭക്ഷണം ഇഷ്ടപ്പെടുന്നവർക്കു പുതിയ ഒരു അനുഭവം സമ്മാനിക്കുകയാണ് ഇവിടെ.
വന്നുകയറുന്നവർക്കു നൊസ്റ്റാൾജിക് ഫീലിംഗ് നൽകുന്ന പശ്ചാത്തല സജ്ജീകരണങ്ങളാണ് ഈ കടയെ വേറിട്ടതാക്കുന്നത്. പഴമയിലേക്കൊരു തിരിച്ചുപോക്കാണ് കോട്ടപ്പുറം മാരിയമ്മൻ ക്ഷേത്രത്തിനടുത്തുള്ള ഈ കട.
പഴയ ലാംബ്രട്ട സ്കൂട്ടറിൽ ഒരുക്കിയ തട്ടുകടയാണ് പ്രവേശന കവാടത്തിലുള്ളത്.
കാലത്തിന്റെ മഹാപ്രവാഹത്തിൽ ഇല്ലാതായ കോളാന്പി മൈക്കും പഴയ റേഡിയോയുമെല്ലാം ഈ കൊച്ചുകടയിൽ പോയകാലത്തിന്റെ ഓർമകളുണർത്തും.
ഒരുകാലത്തെ സൂപ്പർതാരമായിരുന്ന പഴയ ഹീറോ സൈക്കിളും ഈ കടയിലുണ്ട്. വെറും ജ്യൂസ് കട മാത്രമല്ലിത്.
മുന്തിരിവള്ളിത്തണലിൽ സൗഹൃദങ്ങൾ പങ്കിടാനും എഴുതാനും പാടാനും വരയ്ക്കാനുമെല്ലാം സൗകര്യങ്ങളുള്ള ഇടമാണിത്.
കൂട്ടിന് ഏഴുതരം നാരങ്ങാവെള്ളത്തിന്റെ വേറിട്ട രുചികളും. പ്രകൃതിചികിത്സാ ഡോക്ടറുടെ മേൽനോട്ടത്തിലുണ്ടാക്കിയെടുക്കുന്ന പഴച്ചാറുകളിൽ പലതും പല ഭക്ഷണങ്ങളും പ്രമേഹ രോഗികൾക്കു പോലും കഴിക്കാവുന്നതാണ്.
വ്യത്യസ്തമായ പശ്ചാത്തലങ്ങൾ ഒരുക്കാൻ വിദഗ്ധരായ ആർക്കിടെക്ടുകളും ഡിസൈനർമാരുമുണ്ടിവിടെ.
വ്യത്യസ്ത വസ്ത്രങ്ങൾ തുന്നാൻ ഫാഷൻ ഡിസൈനർമാരും പാട്ടും കഥകളും റിക്കാർഡു ചെയ്യാനും ഡബ്ബു ചെയ്യാനും റിക്കാർഡിംഗ് സ്റ്റുഡിയോയും സൗണ്ട് എൻജിനീയർമാരും കൂടിയാകുന്പോൾ ജ്യൂസ് കട വെറും ജ്യൂസ് കടയല്ലെന്നു ബോധ്യപ്പെടും.
തേൻനെല്ലിക്കയും ഇറച്ചിപ്പത്തിരിയും ഉന്നക്കായയുമെല്ലാം ഇവിടെ കിട്ടും. നാടൻ പച്ചക്കറികളും വീട്ടിൽ തയാറാക്കിയ വിവിധ തരം അച്ചാറുകളുമൊക്കെയുണ്ടിവിടെ.
വെറുതെ എന്തെങ്കിലും കഴിക്കുകയോ കുടിക്കുകയോ അല്ല… മറിച്ച് വേറിട്ട രീതിയിൽ കഴിക്കുകയും കുടിക്കുകയും ചെയ്ത് ആനന്ദിക്കുക എന്ന ലക്ഷ്യമുള്ളവർക്ക് ഇവിടം ഇഷ്ടമാവും.