വടകര: പത്തുമാസമായി യെമനില്‍ തീവ്രവാദികളുടെ പിടിയില്‍ കഴിയുകയാണ് വടകര മുനിസിപ്പല്‍ ഒന്നാം വാര്‍ഡായ കുരിയാടിയിലെ ടി.കെ.പ്രവീണ്‍ അടക്കമുള്ള പതിനാല് ഇന്ത്യക്കാര്‍.
എന്ന് മോചനം ഉണ്ടാവുമെന്ന് ഒരു നിശ്ചയവുമില്ലാതെ നാളുകള്‍ എണ്ണിക്കഴിയുകയാണ് ഇവര്‍. 46 കാരനായ പ്രവീണിന്റെ മോചനം കാത്ത് കുടുംബം നാട്ടിലും. യെമന്‍ തലസ്ഥാനമായ സനയിലെ ഹോട്ടല്‍ മുറിയിലാണ് പ്രവീണും കൂട്ടരും കഴിയുന്നത്.
ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് പ്രവീണും കൂട്ടരും തീവ്രവാദികളുടെ പിടിയില്‍പെടുന്നത്. ഗള്‍ഫ് രാജ്യമായ ഒമാനിലെ ഐലന്റ് ബ്രിഡ്ജ് എന്ന കമ്പനിയില്‍ 15 വര്‍ഷമായി ജോലി ചെയ്യുകയായിരുന്ന പ്രവീണ്‍ കപ്പലിന്റെ ക്യാപ്റ്റനാണ്.
ഒമാനിലെ മസീറിയ ദ്വീപിലേക്ക് ആളുകളേയും കൊണ്ടുപോകുന്ന കപ്പലിന്റെ ക്യാപ്റ്റനായ പ്രവീണും സംഘവും കമ്പനിയുടെ തന്നെ മറ്റൊരു കപ്പലില്‍ സൗദി അറേബ്യയിലേക്കുള്ള യാത്രക്കിടയിലാണ് യെമനില്‍ അകപ്പെടുന്നത്.
സൗദിയിലേക്കു പോയ മൂന്നു കപ്പലുകളില്‍ ഒന്ന് പ്രതികൂല കാലാവസ്ഥയില്പെട്ട് മുങ്ങി.
ഇതിലെ യാത്രക്കാരെയും കൂട്ടി പ്രവീണിന്റെ അല്റാഹിയ കപ്പല്‍ യാത്ര തുടര്‍ന്നു. രണ്ടാമത്തെ കപ്പലും അപകടത്തില്പെടുമെന്നായതോടെ യമൻതീരക്കടലില് നങ്കൂരമിട്ടു.
കോസ്റ്റ്ഗാര്‍ഡ് എന്ന പേരിൽ അരികിലേക്കെത്തിയ സംഘം ഇവരെ പിടികൂടുകയായിരുന്നു. അവരുടെ അതിര്‍ത്തിയില്‍ അനധികൃതമായി പ്രവേശിച്ചെന്നു പറഞ്ഞ് എല്ലാവരേയും പിടികൂടിയ സംഘം സനയിലെ ഹോട്ടലില്‍ പാര്‍പിച്ചു.
പ്രതികൂല കാലാവസ്ഥയില്പെടുന്ന കപ്പലുകള്‍ സുരക്ഷ കണക്കിലെടുത്ത് നങ്കൂരമിട്ടാല്‍ പരിശോധനയില്‍ വസ്തുത ബോധ്യമാവുന്നതോടെ നിശ്ചിത ദിവസങ്ങള്‍ക്കു ശേഷം വിട്ടയക്കുകയാണ് പതിവ്.
എന്നാല്‍ ഇവിടെ അത്തരമൊരു നടപടി ഉണ്ടാകുന്നേയില്ല. അടുത്ത ദിവസം വിടുമെന്നു പറഞ്ഞ് ഒടുവില്‍ പത്ത് മാസം പിന്നിട്ടിരിക്കുന്നു.
ഇക്കാലം വരെ ഇവര്‍ക്കു ഹോട്ടലില്‍ നിന്നു പുറത്തേക്കു കടക്കാന്‍ സാധിച്ചിട്ടില്ല. സുരക്ഷാഭടന്ാരുടെ കാവലിലാണ് ഹോട്ടല്‍. ആദ്യമാസങ്ങളില്‍ നേരാംവണ്ണം ഭക്ഷണമോ വസ്ത്രമോ നല്‍കിയിരുന്നില്ല.
പുറംലോകവുമായി ബന്ധപ്പെടാനും കഴിഞ്ഞില്ല. ഇപ്പോഴാണ് ഫോണ്‍ ഉപയോഗിക്കാന്‍ അനുവാദം ലഭിച്ചത്. ഇവര്‍ കഴിയുന്ന ഹോട്ടല്‍ ഉള്‍പെടുന്ന പ്രദേശം യെമനീസ് തീവ്രവാദികളുടെ അധീനതയിലാണ്.
ഭീതിതമായ അന്തരീക്ഷത്തില്‍ കഴിയുന്ന ഇവരുടെ ജീവിതം ഇനി ഇന്ത്യന്‍ ഭരണകൂടത്തിന്റെ കൈകളിലാണ്. കോടതി പോലും ഇവര്‍ യാതൊരു കുറ്റവും ചെയ്തില്ലെന്നു പറയുന്നു. പക്ഷേ മോചനം മാത്രമില്ല.
മോചനദ്രവ്യം ലഭിച്ചാല്‍ വിട്ടയക്കുമെന്ന് തടങ്കലിലാക്കിയവര്‍ അറിയിച്ചിരുന്നു. എന്നാല്‍ കപ്പലുടമ ഇതിനു തയ്യാറാകുന്നില്ല. ഇനി ആകെയുള്ള പ്രതീക്ഷ ഇന്ത്യാ ഗവണ്മെന്റിലാണ്.
സുരക്ഷിതമായി നാട്ടിലെത്തിയാല്‍ മതിയെന്ന ചിന്തയിലാണ് എല്ലാവരും. പ്രവീണിനു പുറമെ കേരളത്തില്‍ നിന്നു തിരുവന്തപുരം സ്വദേശികൂടി സംഘത്തിലുണ്ട്.
മഹാരാഷ്ട്രയിലെ ഏഴു പേരും തമിഴ്നാട്ടുകാരായ രണ്ടു പേരുമുണ്ട്.
യുപി, ബംഗാള്‍, പോണ്ടിച്ചേരി എന്നിവിടങ്ങളിലെ ഓരോരുത്തരുമാണ് സംഘത്തിലുള്ളത്.
ഇവരെല്ലാം പ്രതീക്ഷയോടെ ഇന്ത്യന്‍ അധികൃതരെ കാത്തിരിക്കുകയാണ്. യെമനില്‍ ഇന്ത്യന്‍ അംബാസഡര്‍ ഇവരെ വന്നു കണ്ടിരുന്നെങ്കിലും ഫലമുണ്ടായില്ല.
ഇന്ത്യന്‍ പ്രധാനമന്ത്രിക്കും കേരള മുഖ്യമന്ത്രിക്കും നിവേദനം നല്കി. പ്രവീണിന്റെ മോചനത്തിനുവേണ്ട നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെ.മുരളീധരന് എംപി വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കറിനു കത്തയച്ചിരുന്നു.
പ്രവീണിന്റെ ഭാര്യ അമൃതയും മകനും മുരളീധരനെ നേരില്‍ക്കണ്ട് വിഷയം ധരിപ്പിച്ചതിനു പിന്നാലെയാണ് മന്ത്രിക്ക് കത്തയച്ചത്.