തിരക്കഥ ദുർബലമായാൽ സിനിമ പൊളിയുമോ എന്നു ചോദിക്കുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ് “ഒരു യമണ്ടൻ പ്രേമകഥ’. നായകൻ കളർഫുള്ളായി നിറഞ്ഞു നിന്ന്, സഹതാരങ്ങൾ കോമഡി വിതറി, വില്ലൻ സൈക്കോത്തരങ്ങൾ കാട്ടി സീനെല്ലാം ഡാർക്കാക്കി ഒരു പോക്കാണ്. ഇതിനിടയിൽ കഥ അന്വേഷിക്കാൻ ആർക്കാണ് സമയം. ഇനി അഥവാ കഥ അന്വേഷിച്ചു പോയാൽ പെട്ടതുതന്നെ. അതുകൊണ്ട് അമ്മാതിരി മെനക്കെട്ട പണിക്ക് പോകാതിരിക്കുന്നതാവും നല്ലത്.
ബിബിൻ ജോർജ്-വിഷ്ണു ഉണ്ണികൃഷ്ണൻ ടീമിന്റെ ഉഴപ്പൻ തിരക്കഥയെ പരമാവധി താങ്ങിനിർത്താൻ നായകൻ ദുൽഖർ സൽമാൻ പെടാപ്പാട് പെടുന്നുണ്ട് ചിത്രത്തിൽ. ഒപ്പം ബിബിൻ ജോർജും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാനപ്പെട്ട രണ്ട് വേഷങ്ങളിലെത്തി തങ്ങളുടെ തന്നെ തിരക്കഥയ്ക്ക് താങ്ങും തണലുമാകാൻ ശ്രമിച്ചിട്ടുമുണ്ട്. എന്തോ വലിയ പ്രണയം ചിത്രത്തിൽ ഒളിഞ്ഞിരിപ്പുണ്ടെന്ന് കരുതി യുവാക്കൾ ഓടിപ്പാഞ്ഞ് കയറാനുള്ള സാധ്യതയേറെ ഉള്ളതിനാൽ ആദ്യമേ തന്നെ പറഞ്ഞേക്കാം അത്ര യമണ്ടനൊന്നുമല്ല ഇതിലെ പ്രണയം. വ്യത്യസ്തതയുണ്ടെന്നത് സത്യം.
ഉന്തിത്തള്ളി വിടുന്ന കഥ
മരണത്തെ ജയിച്ച നായകനായി ദുൽഖർ ചിത്രത്തിലേക്ക് എത്തുന്പോൾ ആ നായകന് ഒരുപാട് പ്രത്യേകതകളുണ്ടാകാൻ സാധ്യതയുണ്ട്. അതെ, ആ സാധ്യതകളെ വേണ്ടുവോളം ഉപയോഗപ്പെടുത്താനാണ് ബി.സി. നൗഫലെന്ന സംവിധായകൻ ഇവിടെ ശ്രമിച്ചിരിക്കുന്നത്. പേരും പെരുമയുമുള്ള തറവാട്ടിലെ കുട്ടിയാണ് കഥയിലെ നായകൻ. ജീവിതത്തെ വേറിട്ട കണ്ണിലൂടെ കണ്ട് ലല്ലു (ദുൽഖർ സൽമാൻ) പോകുന്നത് ലക്കും ലഗാനുമില്ലാതെയാണ്.
കെട്ടഴിച്ച പട്ടം പോലെ ദുൽഖർ ഇങ്ങനെ പാറിപ്പറന്ന് പോകുന്നത് കണ്ടിരിക്കാൻ രസമാണ്. കൂട്ടിന് ലോക്കൽസായ കൂട്ടുകാർ കൂടിയുണ്ടാകുന്പോൾ സംഗതി കളറാകുമല്ലോ. സലിംകുമാർ, വിഷ്ണു ഉണ്ണികൃഷ്ണൻ, സൗബിൻ എന്നിവരാണ് നായകന്റെ ചങ്കായ കൂട്ടൂകാരായി ചിത്രത്തിലെത്തുന്നത്. ലക്ഷ്യമില്ലാതെ സീനുകൾ ഒന്നൊന്നായി നീങ്ങുന്പോൾ ഇടയ്ക്ക് ചില തമാശ സ്കിറ്റുകൾ ചിത്രത്തിൽ സ്ഥാനം പിടിക്കും. ചില സ്കിറ്റുകൾ ചീറ്റി, ചിലത് ചിരിപ്പിച്ച് കഥ എങ്ങനെയൊക്കയോ ഉന്തിത്തള്ളി കൊണ്ടുപോകുന്പോൾ നായകന്റെ വീട്ടിൽ ഒരു പ്രശ്നമുണ്ടാകുന്നു.
കല്യാണ പ്രശ്നം
സ്പാർക്ക് വരാത്തത് കാരണം കല്യാണം കഴിക്കാതെ നടക്കുന്ന നായകനെ കെട്ടിക്കാൻ വീട്ടുകാർ നായകന്റെ കൂട്ടുകാരെ കൂട്ടുപിടിക്കുന്നതോടെ ദുൽഖറിലെ നാണം കുണുങ്ങി ഉണരുകയായി. സലിംകുമാർ കോമഡി വാരിവിതറി പഴയ ഫോമിലേക്ക് മടങ്ങിയെത്തിയപ്പോൾ സൗബിൻ തന്റെ പതിവ് നന്പറുകളുമായി നായകനൊപ്പം കളം നിറഞ്ഞു നിൽക്കുന്നുണ്ട്. വിഷ്ണു ഉണ്ണികൃഷ്ണനാകട്ടെ കണ്ണുകാണാത്ത കഥാപാത്രത്തിന്റെ ചലനങ്ങളും നോട്ടങ്ങളും ഉൾപ്പെടെ നന്നായി കൈകാര്യം ചെയ്തിട്ടുണ്ട്.
ഒട്ടും ലോജിക്കില്ലാത്ത പ്രണയം നായകന്റെ മനസിൽ പൊട്ടിമുളയ്ക്കുന്നതോടെ അതുവരെ കോമഡി കൊണ്ട് പിടിച്ചുനിർത്തിയ തിരക്കഥയുടെ കെട്ടുറപ്പില്ലായ്മ കൂടുതൽ വെളിവാകുകയാണ്. ആദ്യ പകുതി ദുൽഖറിന്റെ പതിവ് നന്പറുകളുമായി മുന്നേറുന്ന ചിത്രം രണ്ടാം പകുതിയിലേക്ക് കടക്കുന്നതോടെ കൂടുതൽ സങ്കീർണമാകും.
കാമറ കൊള്ളാം, സംഗീതം പോരാ…
പി.സുകുമാറിന്റെ കാമറക്കണ്ണുകൾ ചിത്രത്തിന് കളർഫുൾ ഫ്രെയിമുകൾ സമ്മാനിച്ചപ്പോൾ നാദിർഷയുടെ സംഗീതം അത്രകണ്ട് ശോഭിക്കാതെ ഒഴുകിയങ്ങ് പോയി. നായികമാർക്കാകട്ടെ ചിത്രത്തിൽ വലിയ പ്രാധാന്യം ഒന്നും ഇല്ലാത്തതിനാൽ അവർ ഇടയ്ക്കിടെ വന്നുപോയിക്കൊണ്ടിരുന്നു. സംയുക്ത മേനോനും നിഖില വിമലുമാണ് ചിത്രത്തിലെ നായികമാർ.
രണ്ടാം പകുതി നായികയ്ക്ക് പിന്നാലെയുള്ള നായകന്റെ പരക്കംപാച്ചിലാണ്. എത്രതന്നെ ഉൾക്കൊളളാൻ ശ്രമിച്ചാലും ഈ യമണ്ടൻ പ്രേമം പ്രേക്ഷകർക്ക് അത്രകണ്ട് ദഹിക്കില്ലെന്നതാണ് വാസ്തവം. പിന്നെ പ്രണയത്തിന് കണ്ണില്ലായെന്നു പറയുന്നത് പോലെ…. കഥയിൽ ചോദ്യമില്ലായെന്ന് പറയുന്നത് പോലെ…. മനസിനെ പാകപ്പെടുത്തിയെടുത്താൽ ഈ യമണ്ടൻ പ്രേമകഥയിലും എന്തൊക്കെയോ ഒളിഞ്ഞിരിപ്പുണ്ടെന്ന് പ്രേക്ഷകന് തോന്നിയേക്കാം.
വി.ശ്രീകാന്ത്