ലക്നൊ: ഉത്തര്‍പ്രദേശില്‍ സ്ത്രീകളെ പീഡിപ്പിക്കുന്നതു പോലുള്ള കുറ്റകൃത്യം ചെയ്യുന്നവരെ ‘യമരാജൻ’ കാത്തിരിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
ക്രമസമാധാന വ്യവസ്ഥയെ തകര്‍ക്കാന്‍ നിയമം ദുരുപയോഗം ചെയ്യാന്‍ ആരെയും അനുവദിക്കില്ലെന്നും യോഗി ആദിത്യ നാഥ് വ്യക്തമാക്കി.
ബൈക്കിലെത്തിയ രണ്ട് പേര് ശല്യം ചെയ്തതിനെ തുടർന്ന് മറ്റൊരു ബൈക്കില്‍ നിന്ന് യുവതി തെറിച്ചുവീണ് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് യോഗി ആദിത്യനാഥിന്റെ പരാമർശം.
അംബേദ്കര്നഗറിലായിരുന്നു യുവതിയ്ക്കു നേരെ ആക്രമണമുണ്ടായത്. യുവതിയുടെ ഷാളില്‍ ഇവര്‍ പിടിച്ച് വലിച്ചതാണ് അപകടത്തിന് കാരണമായത്. വെള്ളിയാഴ്ചയായിരുന്നു സംഭവം.
കേസില്‍ ശനിയാഴ്ച രാത്രി മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. അടുത്ത ദിവസം കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് പ്രതികള്‍ക്ക് വെടിയേറ്റ് പരിക്കേറ്റതായും ഒരാള്‍ക്ക് കാലിന് പൊട്ടലുണ്ടായതായും പോലീസ് അറിയിച്ചു.