തലയോലപ്പറന്പ്: നവ ദന്പതികളെ വീടിനുള്ളിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
മറവൻതുരുത്ത് കുലശേഖരമംഗലം കൊടൂപ്പാടത്ത് എട്ടുപറയിൽ പരേതനായ പ്രകാശന്റെ മകൻ ശ്യാം പ്രകാശ് (24) ഭാര്യ അരുണിമ (19) എന്നിവരെയാണ് വീട്ടിലെ രണ്ടുമുറികളിലായി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നലെ ഉച്ച കഴിഞ്ഞ് മൂന്നോടെ ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തിയ ശ്യാമിന്റെ പ്ലസ് വണ് വിദ്യാർഥിയായ അനുജൻ ശരത്താണ് ഇവരെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
ഉടൻ ബഹളം കൂട്ടി അയൽകാരുടെ സഹായത്തോടെ വാതിൽ ചവിട്ടിത്തുറന്ന് അകത്തു കടന്ന് ഇരുവരുടേയും അടുത്തെത്തിയെങ്കിലും ഇരുവരും മരിച്ചിരുന്നു.
ശ്യാംപ്രകാശ് പെയിന്റിംഗ് തൊഴിലാളിയാണ്. അഞ്ച് മാസം മുന്പാണ് പ്രണയത്തിലായിരുന്ന സമീപ വാസിയായ അരുണിമയെ ശ്യാം പ്രകാശ് വിവാഹം ചെയ്തത്.
കഴിഞ്ഞ ദിവസം ശ്യാംപ്രകാശ് വീടിനടുത്തു താമസിക്കുന്ന അമ്മാവനായ ബാബുവിന്റെ കാർ യാത്ര പോകാൻ ചോദിച്ചിരുന്നെങ്കിലും അമ്മാവൻ നൽകിയില്ല.
ഇതിൽ പ്രകോപിതനായ ശ്യാം അമ്മാവന്റെ വീട്ടിലെത്തി കോടാലി കൊണ്ട് കാർ വെട്ടിപ്പൊളിച്ചു.
കാർ വെട്ടിപ്പൊളിച്ചു നശിപ്പിക്കുന്നതു കണ്ട് കുഴഞ്ഞു വീണ ബാബു എറണാകുളത്ത് ആശുപത്രിയിൽ ചികിത്സയിലാണ്.
ബാബുവിന്റെ ഭാര്യ കാർ തകർത്ത സംഭവത്തിൽ രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വൈക്കം പോലീസിൽ പരാതി നൽകിയിരുന്നു.
വീട്ടിൽ അതിക്രമിച്ചു കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കാർ വെട്ടിപ്പൊളിച്ച സംഭവത്തിൽ കേസുണ്ടായതും നഷ്ടപരിഹാരം നൽകേണ്ടിവരുമെന്ന മനോവിഷമവുമാണ് പ്രശാന്തിനെ ഭാര്യയെയും കൂട്ടി ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്നാണ് പോലീസ് കരുതുന്നത്. മൃതദേഹങ്ങൾ വൈക്കം താലുക്ക് ആശുപത്രി മോർച്ചറിയിൽ.
വൈക്കം എസ്ഐ അജ്മൽ ഹുസൈന്റെ നേതൃത്വത്തിൽ വൈക്കം പോലീസ് മേൽ നടപടികൾ സ്വീകരിച്ചു. ശ്യാം പ്രകാശിന്റെ മാതാവ് ലാലി. കുലശേഖരമംഗലം യശോദഭവനത്തിൽ സന്തോഷിന്റെയും രശ്മിയുടെയും മകളാണ് അരുണിമ. ഏക സഹോദരൻ കാശിനാഥൻ.